കരിപ്പൂര്‍ വിമാനാപകടത്തിന് രണ്ടുവര്‍ഷം തികയുന്നവേളയില്‍ കരിപ്പൂരുകാര്‍ക്ക് സ്നേഹോപഹാരവുമായി വിമാനത്തിലെ യാത്രക്കാര്‍

കരിപ്പൂര്‍ വിമാനാപകടത്തിന് രണ്ടുവര്‍ഷം തികയുന്നവേളയില്‍ കരിപ്പൂരുകാര്‍ക്ക് സ്നേഹോപഹാരവുമായി വിമാനത്തിലെ യാത്രക്കാര്‍

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തിന് രണ്ടുവര്‍ഷം തികയുന്നവേളയില്‍ കരിപ്പൂരുകാര്‍ക്ക് സ്നേഹോപഹാരവുമായി വിമാനത്തിലെ യാത്രക്കാര്‍. കോവിഡ് ഭീതിയുടെ കാലത്ത്, കോരിച്ചൊരിയുന്ന മഴയില്‍ വിമാനാപകടത്തില്‍പ്പെട്ടവരുടെ ജീവന്‍രക്ഷിക്കാന്‍ എല്ലാംമറന്ന് മുന്നിട്ടിറങ്ങിയ നാട്ടുകാര്‍ക്കായി വിമാനത്തിലെ യാത്രക്കാരുടെ കൂട്ടായ്മ ആശുപത്രി കെട്ടിടം നിര്‍മിച്ചുനല്‍കും. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് 50 ലക്ഷത്തോളം രൂപ മുടക്കി കെട്ടിടം നിര്‍മിച്ചുനല്‍കുന്നത്.

ഓഗസ്റ്റ് ഏഴാം തീയതി കരിപ്പൂരിലെ അപകടസ്ഥലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച ധാരണപത്രം കൈമാറും. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുമാണ് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍.

കരിപ്പൂരിലെ ദുരന്തത്തില്‍ പ്രദേശവാസികളുടെ കൈമെയ് മറന്നുള്ള രക്ഷാപ്രവര്‍ത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കോവിഡ് ഭീതി കാരണം ആളുകള്‍ പുറത്തിറങ്ങാന്‍പോലും മടിക്കുന്ന കാലത്തായിരുന്നു കരിപ്പൂരിലും പരിസരപ്രദേശത്തുള്ളവരും ദുരന്തസ്ഥലത്തേക്ക് ഓടിയെത്തിയത്. വിമാനത്തിലെ അവസാന ആളെ വരെ പുറത്തെടുത്ത് എല്ലാ ചികിത്സാസഹായവും ഉറപ്പുവരുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് അവരെല്ലാം വീടുകളിലേക്ക് മടങ്ങിയത്. അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പ്രദേശവാസികള്‍ക്ക് പ്രത്യുപകാരമായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയാണ് ഈ തീരുമാനത്തിലെത്തിയത്.

നഷ്ടപരിഹാര വിതരണം പൂര്‍ത്തിയായി..

കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാര വിതരണം പൂര്‍ത്തിയായി. പരിക്കേറ്റ രണ്ടുപേര്‍ക്ക് മാത്രമാണ് ഇനി തുക ലഭിക്കാനുള്ളത്. അപകടം നടന്ന് രണ്ട് വര്‍ഷത്തിനകംതന്നെ നഷ്ടപരിഹാരം കൈമാറാന്‍ സാധിച്ചു. പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെ മരണപ്പെട്ട 21 പേരുടെ ബന്ധുക്കള്‍ക്ക് തുക നല്‍കി. നഷ്ടപരിഹാരമായി ലഭിച്ച തുകയില്‍ യാത്രക്കാരും ആശ്രിതരും തൃപ്തരാണ്. കൂടാതെ, പരിക്കേറ്റവരുടെ ചികിത്സ ചെലവും വിമാനക്കമ്പനിയാണ് വഹിച്ചത്. 12 ലക്ഷം മുതല്‍ 7.2 കോടി വരെയാണ് നഷ്ടപരിഹാരം ലഭിച്ചത്. പരിക്കിന്റെ അവസ്ഥ, തുടര്‍ചികിത്സക്ക് വരുന്ന ചെലവ്, പരിക്ക് ഇവരുടെ ജീവിതത്തില്‍ ഉണ്ടാക്കിയ ആഘാതം, വരുമാനം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരം നിര്‍ണയിച്ചത്.

ദുബൈയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും താനൂര്‍ സ്വദേശിക്കും മാത്രമാണ് ഇനി പണം ലഭിക്കാനുള്ളത്. നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് നിരവധി തവണ അദാലത്ത് സംഘടിപ്പിച്ചിരുന്നു. ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും ഓഫര്‍ ലെറ്ററും നല്‍കി. തുടര്‍ന്നാണ് അന്തിമ തുക നിശ്ചയിച്ച് അക്കൗണ്ടിലേക്ക് കൈമാറിയത്.

വിമാനത്തില്‍ ക്രൂ ഉള്‍പ്പെടെ 190 പേരാണ് ഉണ്ടായിരുന്നത്. 18 പേര്‍ അപകടദിവസവും മൂന്നുപേര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 169 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 76 പേരുടേത് ഗുരുതര പരിക്കായിരുന്നു. അപകടത്തില്‍പെട്ടവരില്‍ 122 പേരാണ് വിമാനക്കമ്ബനിയുമായി നേരിട്ട് ഇടപെട്ടത്. ബാക്കിയുള്ളവര്‍ യു.എ.ഇ, അമേരിക്ക എന്നിവിടങ്ങളിലെ നിയമസ്ഥാപനം മുഖേനയാണ് നഷ്ടപരിഹാരത്തിന് സമീപിച്ചത്.

 

Sharing is caring!