കരിപ്പൂര്‍ വഴി മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

കരിപ്പൂര്‍ വഴി മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി മലദ്വാരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ദുബായില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നുമാണ് ഒരു കിലോ 656 ഗ്രാം സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മിശ്രിത രൂപത്തിലുള്ള സ്വര്‍ണ ഗുളികകള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. പിടികൂടിയ സ്വര്‍ണത്തിന് 85,64,000 രൂപ വില മതിപ്പുണ്ടെന്ന് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒരു യാത്രക്കാരനില്‍ നിന്ന് 664.9 ഗ്രാം സ്വര്‍ണവും രണ്ടാമത്തെ യാത്രക്കാരനില്‍ നിന്ന് 991.5 ഗ്രാം സ്വര്‍ണവുമാണ് കണ്ടത്തിയത്. ഒരാള്‍ മൂന്നു ഗുളികകളിലും മറ്റൊരാള്‍ നാല് ഗുളികകളിലും സ്വര്‍ണം ഒളിപ്പിച്ച് മലദ്വാരത്തില്‍ വെച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്‍ഡിഗോ എയര്‍വേയ്സ് വിമാനത്തില്‍ എത്തിയ പാലക്കാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേരാണ് പിടിയിലായത്. ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അസിസ്റ്റന്റ് കമ്മീഷണര്‍, സിനോയ് കെ മാത്യു, സൂപ്രണ്ടുമാരായ എം പ്രകാശ്, കപില്‍ ദേവ് സുറിറ, ഹര്‍ഷിത് തിവാരി, എം സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്. അടുത്തകാലത്തായി കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണമാണ് കസ്റ്റംസും പോലീസും പിടികൂടിയത്. നടപടിയുണ്ടായിട്ടും യാതൊരു കൂസലുമില്ലാതെ സ്വര്‍ണക്കടത്ത് തുടരുകയാണ്.

 

Sharing is caring!