മലപ്പുറം കാവനൂരില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം കാവനൂരില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: കാവനൂര്‍ ഇളയൂരില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. മൂത്തേടം നെല്ലിപ്പൊയില്‍ കറുത്തേടത്ത് ഇസ്മായില്‍ എന്ന ബാപ്പുവിന്റെ മകന്‍ അദ്നാന്‍(17) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ഇളയൂര്‍ പൊന്നാംചിറ കുളത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
പുല്‍പ്പറ്റ പല്ലാര പറമ്പില്‍ കുടുംബ വീട്ടില്‍ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ സുഹൃത്തുക്കളുമായി കുളത്തില്‍ എത്തിയത്.

കൂട്ടുകാര്‍ കുളിക്കാന്‍ ഇറങ്ങിയെങ്കിലും നീന്തല്‍ അറിയാത്തതിനാല്‍ അദ്‌നാന്‍ കുളിക്കാന്‍ ഇറങ്ങിയിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ കുളി കഴിഞ്ഞ് കയറിയ സമയം അദ്‌നാനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ശേഷം മൂത്തേടം ജുമാ മസ്ജിദില്‍ കബറടക്കും. മൂത്തേടം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. മാതാവ്: ജുനൈദ. സഹോദരങ്ങള്‍: അന്‍ഷിഫ്, അന്‍ഷ.

 

Sharing is caring!