ഇടിമിന്നലില്‍ വളാഞ്ചേരി കാവുംപുറത്തെ കിടക്ക നിര്‍മ്മാണ യൂണിറ്റ് കത്തി നശിച്ചു

ഇടിമിന്നലില്‍ വളാഞ്ചേരി കാവുംപുറത്തെ കിടക്ക നിര്‍മ്മാണ യൂണിറ്റ് കത്തി നശിച്ചു

വളാഞ്ചേരി: ഇടിമിന്നലില്‍ കിടക്ക നിര്‍മ്മാണ യൂണിറ്റ് കത്തി നശിച്ചു. വളാഞ്ചേരി കാവുംപുറം കെ ആര്‍സ് ശ്രീനാരായണ കോളേജിന് സമീപം കാളിയേല സ്വദേശി ചോലേങ്ങല്‍ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള എനാം ബെഡ് ആന്റ് പില്ലോ സ്ഥാപനത്തിനാണ് തീപ്പിടിച്ചത്. ഇന്നലെ പകല്‍ 2.15 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. മഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ കെട്ടിടത്തിന് പുറത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങളില്‍ തീപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് തീ ഇരുനില കെട്ടിടത്തിനകത്തേക്കും പടര്‍ന്നു. സംഭവ സമയത്ത് സ്ഥാപനത്തിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്നതിനായി പുറത്ത് പോയിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് ഫയര്‍ യൂണിറ്റ് എത്തി വൈകിട്ട് നാലു മണിയോടെയാണ് തീപൂര്‍ണ്ണമായും അണച്ചത്. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കിടക്കകള്‍, തലയണകള്‍ എന്നിവയും നിര്‍മ്മാണ ഉപകരണങ്ങളും തീപ്പിടുത്തത്തില്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സ്ഥാപനമുടമ പറഞ്ഞു.

 

 

Sharing is caring!