മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 249 പോക്‌സോ കേസുകള്‍

മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 249 പോക്‌സോ കേസുകള്‍

മലപ്പുറം: പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്ന പോക്‌സോ കേസുകളുടെ എണ്ണത്തില്‍ ജില്ലയില്‍ ഇപ്പോഴും കാര്യമായ കുറവില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടയ്ക്ക് 200ല്‍ കൂടുതല്‍ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതിനൊപ്പം ചെറിയ പെണ്‍കുട്ടികള്‍ ഗര്‍ഭിണികള്‍ ആവുന്ന സ്ഥിതിയും ജില്ലയിലുണ്ട്.

അപരിചിതരായ ആളുകളില്‍ നിന്നും അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതിന് പുറമെ ബന്ധുക്കളില്‍ നിന്ന് ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്നവരും നിരവധിയാണ്. ശൈശവ വിവാഹം കര്‍ശനമായി നിരോധിച്ചതാണെങ്കിലും ഇപ്പോഴും ഇവ സജീവമായി നടക്കുന്നുണ്ട്. മലപ്പുറം ചൈല്‍ഡ് ലൈനിന്റെ കണക്ക് പ്രകാരം 30ല്‍ കൂടുതല്‍ ശൈശവ വിവാഹങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ജില്ലയില്‍ നടന്നിട്ടുള്ളത്. പുറത്തറിയാതെ നടക്കുന്ന വിവാഹങ്ങള്‍ വേറെയും. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വരുന്ന സാഹചര്യം അല്‍പ്പമെങ്കിലും കുറഞ്ഞിട്ടുണ്ടെന്ന് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ ഷാജേഷ് ഭാസ്‌കര്‍ പറയുന്നു.

ആദിവാസി മേഖലകളില്‍ 18 വയസാവുന്നതിന് മുമ്പ് വിവാഹങ്ങള്‍ നടക്കുന്ന സ്ഥിതിയുണ്ട്. പ്രായമെത്തുന്നതിന് മുമ്പ് തന്നെ ആദിവാസി പെണ്‍കുട്ടികള്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുന്നു. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തുന്ന സമയത്താണ് ആശുപത്രി അധികൃതര്‍ വഴി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബാലവിവാഹ നിരോധനത്തെ കുറിച്ച് ആദിവാസികളെ ബോധവത്കരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്ന സ്ഥിതിയാണ്.

സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രണയത്തിലാവുകയും പിന്നീട് ചതിയില്‍ അകപ്പെടുകയും ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്. ഫേക്ക് ഐഡികളില്‍ വന്ന് പ്രണയ ബന്ധം സ്ഥാപിച്ച് ചതിയില്‍ പെടുത്തുന്നതാണ് കൂടുതലും കണ്ടുവരുന്നത്. ചതിയില്‍ അകപ്പെടുന്നതോടെ ഭീഷണിയ്ക്ക് വഴങ്ങേണ്ടി വരും. പുറത്തറിഞ്ഞാലുള്ള നാണക്കേട് ആലോചിച്ചും ഭീഷണിയും ഭയന്ന് ആത്മഹത്യയിലേക്കടക്കം നീങ്ങിയ ഇരകളുമുണ്ട്. സാമൂഹിക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലും മറ്റും കൃത്യമായ ബോധവത്കരണം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭിക്കണം. സ്‌കൂളുകള്‍ ഇതിന് വേണ്ടി സജ്ജമാക്കണം.

ജില്ലയിലെ പോക്‌സോ കോടതികള്‍ പൂര്‍ണമായും ബാല സൗഹൃദമല്ലെന്നാണ് കാപ്‌സിന്റെ (കേരള അസോസിയേഷന്‍ ഒഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്) വിലയിരുത്തല്‍. പോക്‌സോ നിയമം നിലവില്‍ വന്നിട്ട് പത്ത് വര്‍ഷമായെങ്കിലും കുട്ടികളുടെ കോടതിയില്‍ അവരുടെ സ്വകാര്യത നഷ്ടപ്പെടുന്നുണ്ടെന്നും ഇവര്‍ക്ക് വിശ്രമ മുറികളടക്കം ഇല്ലെന്നുമാണ് കാപ്‌സ് ഭാരവാഹികള്‍ പറയുന്നത്. സ്വകാര്യതയില്ലാത്തത് കേസുകളുടെ നടത്തിപ്പിനെയും തുടര്‍ നടപടികളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന സംവിധാനങ്ങള്‍ വിപുലീകരിക്കണം.

 

Sharing is caring!