സോഷ്യൽ ഇന്റേൺഷിപ് സേവന രംഗത്തും തൊഴിൽ രംഗത്തും മുന്നേറ്റം സൃഷ്ടിക്കും:  ജില്ലാ കലക്ടർ

സോഷ്യൽ ഇന്റേൺഷിപ് സേവന രംഗത്തും തൊഴിൽ രംഗത്തും മുന്നേറ്റം സൃഷ്ടിക്കും:  ജില്ലാ കലക്ടർ

മലപ്പുറം:  അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കൾക്ക് സോഷ്യൽ ഇന്റേൺഷിപ് പ്രോഗ്രാം നടപ്പിലാക്കുന്നത് ജില്ലയുടെ സിവിൽ സർവീസ് മേഖലക്കും തൊഴിൽ മേഖലക്കും ഏറെ ഗുണകരമാവുമെന്ന് മലപ്പുറം ജില്ലാ കലക്ടർ  വി. ആർ. പ്രേംകുമാർ പറഞ്ഞു.
     മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന എം.സിപ് സോഷ്യൽ ഇന്റേൺഷിപ് പ്രോഗ്രാമിനോടാനുബന്ധിച്ച്  ജില്ലാ തല ഉദ്യോഗസ്ഥർക്ക് വേണ്ടി സംഘടിപ്പിച്ച ശിൽപശാല ജില്ലാ പഞ്ചായത്ത്‌ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.
     ഒരേ സമയം അഭ്യസ്ഥ വിദ്യരായ യവാക്കൾക്ക്  തൊഴിൽ രംഗത്ത് പരിചയവും സർക്കാർ ഓഫീസുകളിൽ സേവനം കാര്യക്ഷമമാക്കുന്നതിന് മനുഷ്യ വിഭവ ശേഷി ലഭിക്കുകയും ചെയ്യുന്ന പദ്ധതി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.ചെറുപ്പക്കാരുടെ പ്രൊഫഷണൽ സ്കില്ലും തൊഴിൽ ആഭിമുഖ്യവും വർധിപ്പിക്കുവാനും ബന്ധപ്പെട്ട മേഖലയിൽ മികച്ച ഉദ്യോഗാർത്ഥികളെ സൃഷ്ടിച്ചെടുക്കാനും കഴിയുന്ന പദ്ധതിയിലൂടെ  നിലവിൽ സർക്കാർ ആപ്പീസുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥക്ക് പരിഹാരം കാണുന്നതിനും സർക്കാർ, സ്വകാര്യ മേഖലയിലെ  ഉദ്യോഗ രംഗത്തും സേവന രംഗത്തും ഗുണകരവും കാര്യക്ഷമാവുമായ മാറ്റം ഉണ്ടാക്കുന്നതിനും  കാരണമാകുമെന്ന് കളക്ടർ കൂട്ടിച്ചേർത്തു. .
ചടങ്ങിൽ എം. സിപ്പ് കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമദ് പദ്ധതി വിശദീകരിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളെ പ്രതിനിധീകരിക്കുന്ന അമ്പതോളം ജില്ലാതല മേധാവികൾ ശിൽപ ശാലയിൽ പങ്കെടുത്തു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നസീബ അസീസ് ,ജില്ലാ പഞ്ചായത്തംഗങ്ങളായ യാസ്മിൻ അരിമ്പ്ര ,വി. പി. ജസീറ, സലീന ടീച്ചർ, എ പി സബാഹ് ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി നാലകത്ത് റഷീദ് എന്നിവർ സംസാരിച്ചു.

 

Sharing is caring!