കുട്ടികളെ പീഡിപ്പിച്ച മലപ്പുറത്തെ 38കാരന് 80വര്‍ഷം ജയില്‍ ശിക്ഷ വാങ്ങിച്ചുനല്‍കിയ മലപ്പുറത്തെ ഈ വക്കീല്‍ ചില്ലറക്കാരിയല്ല

കുട്ടികളെ പീഡിപ്പിച്ച മലപ്പുറത്തെ 38കാരന് 80വര്‍ഷം ജയില്‍ ശിക്ഷ വാങ്ങിച്ചുനല്‍കിയ മലപ്പുറത്തെ ഈ വക്കീല്‍ ചില്ലറക്കാരിയല്ല

മലപ്പുറം: ഒന്‍പതും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പലതവണ ലൈഗീകമായി പീഡിപ്പിച്ചകേസില്‍ പ്രതിയായ 38കാരന് രണ്ട് ഇരട്ട ജീവപര്യന്തവും പിഴയും വാങ്ങിച്ചു നല്‍കിയത് സ്പെഷല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ സപ്ന പി. പരമേശ്വരത്തിന്റെ അഭിഭാഷക മികവ്. പോക്സോകേസില്‍ പ്രതികള്‍ പുല്ലുപോലെ ജാമ്യത്തിലിറങ്ങിപ്പോകുമ്പോള്‍ വന്‍ സാമ്പത്തിക ശേഷിയുള്ള പ്രതിക്ക് വേണ്ടി പേരുകേട്ട അഡ്വ. ബി.എ. ആളൂര്‍ തന്നെ വാദിക്കാനായി എത്തിച്ചിട്ടും കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയായി ് ഇരട്ട ജീവപര്യന്തത്തിലൂടെ 80വര്‍ഷം തടവ് തന്നെയാണു പ്രതിക്ക് സ്പെഷല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ സപ്ന പി. പരമേശ്വരത്തിന്റെ വാദത്തിലൂടെ ലഭിച്ചത്. പെരിന്തല്‍മണ്ണ സ്വദേശിയും നിലവില്‍ കോഴിക്കോട്ടെ താമസക്കാരിയുമാണ് സപ്ന പി. പരമേശ്വരത്ത്. പീഡനക്കേസില്‍ 38കാരനെ 80വര്‍ഷം തടവിന് വിധിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.

ഒന്‍പതും പത്തും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈഗീകമായി പലതവണ പീഡിപ്പിച്ച രണ്ടുകേസുകളിലാണ് പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷയും പിഴയും ലഭിച്ചത്. ഒന്‍പതും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബ്(38)നെയാണ് ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി അനില്‍കുമാറാണ് വിധി പറഞ്ഞത്. 2016-ല്‍ പെരിന്തല്‍മണ്ണ പോലീസാണ് രണ്ട് കേസുകളായി രജിസ്റ്റര്‍ ചെയ്തത്. ഒന്‍പതുകാരിയുടെ കേസില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു.

ഇതില്‍തന്നെ ഐ.പി.സി. യിലെ രണ്ട് വകുപ്പുകള്‍ പ്രകാരം പത്തും ഏഴും വര്‍ഷങ്ങള്‍ തടവും പതിനായിരം രൂപവീതം പിഴയുമാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവക്കുള്ള വകുപ്പുകളനുസരിച്ചാണിത്. പ്രോസികൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. രണ്ടാമത്തെ കേസിലും പോക്സോ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുമിട്ടു. ഐ.പി.സി. പ്രകാരം ഇതിലും പത്ത്, ഏഴ് വര്‍ഷങ്ങള്‍ തടവും പതിനായിരം രൂപവീതം പിഴയുമുണ്ട്. പിഴസംഖ്യ കുട്ടികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം. ഇതില്‍ 20 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ ഹാജരാക്കി.

ശിക്ഷ ഉറപ്പിച്ച് അഭിഭാഷക മികവ്

കുട്ടികളുടെ പ്രായവും, പ്രതിയുടെ ക്രൂരമായ പ്രവര്‍ത്തനങ്ങളും അതോടൊപ്പം കുട്ടികളോടൊപ്പം വീട്ടുകാരും മഹല്ല് കമ്മിറ്റിയും ഉള്‍പ്പെടെ പൂര്‍ണ പിന്തുണയുമായി കൂടെ നിന്നതിനാലും കുട്ടികള്‍ക്കുവേണ്ടിയുള്ള നിയമത്തിന്റെ സംരക്ഷണവുമാണ് ഇത്തരത്തില്‍ പ്രതിക്കു ശിക്ഷ ലഭിക്കാന്‍ കാരണമെന്ന് സപ്ന പി. പരമേശ്വരത്ത് പറഞ്ഞു. പലകേസുകളിലും നിയമപരമായ പോരാട്ടത്തിന് ഇരകളായ കുട്ടികള്‍ക്കു സ്വന്തം വീട്ടില്‍നിന്നുപോലും വേണ്ട പിന്തുണ ലഭിക്കാത്തതിനാലാണു പോക്്സോകേസുകളില്‍ ദുര്‍ബലമായിപ്പോകാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.

പെരിന്തല്‍മണ്ണ സ്വദേശിനിയായ സപ്ന പി. പരമേശ്വരത്ത് പെരിന്തല്‍മണ്ണയില്‍തന്നെയാണു ജനിച്ചതും വളര്‍ന്നതുമെല്ലാം തുടര്‍ന്നു അടുത്തിടെയാണു മകള്‍ മേഖലയോടൊപ്പം താല്‍ക്കാലികമായി കോഴിക്കോട്ടേക്കു താമസം മാറ്റിയത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുനര്‍ജനി ഓര്‍ഗനൈസേഷന്റെ ഫൗണ്ടര്‍ മെമ്പര്‍കൂടിയാണ് സപ്ന. 20വര്‍ഷമായി അഭിഭാഷക മേഖലയിലുള്ള സപ്ന 11വര്‍ഷം മുമ്പാണു കുട്ടികളുടെയും സ്ത്രീകളുടേയും അവകാശ സംരക്ഷണത്തിനും, നിയമപോരാട്ടങ്ങള്‍ക്കു സഹായിക്കാനുമായി പുനര്‍ജനി എന്ന പേരില്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിക്കുന്നത്. 2016ല്‍ ഗര്‍ഭിണിയും പീഡനത്തിനിരയാവുകയും ചെയ്ത പ്രായപൂര്‍ത്തിയാകാത്ത ബംഗ്ളാദേശി പെണ്‍കുട്ടിയെ യാത്രരേഖകളുടെ കുറവ് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ ജയിലിലടച്ചപ്പോള്‍ ഇവരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പുനര്‍ജനിയുടെ നേതൃത്വത്തില്‍ നടത്തിയതു വലിയ പോരാട്ടം തന്നെയായിരുന്നു.

16കാരിയും ഗര്‍ഭിണിയുമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുതിര്‍ന്നവരുടെ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. പുനര്‍ജനി നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നും, സെക്സ്റാക്കറ്റുകളുടെ കൈയില്‍വീണതാണെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുന്നത്. തുടര്‍ന്നു ബംഗളാദേശില്‍നിന്നും ഒരു നിയമവിദഗ്ധന്റെ കൂടി സഹായത്തോടെയാണ് സപ്നയുടെ പുനര്‍ജനി ടീം പെണ്‍കുട്ടി നിയമപരമായി മോചിപ്പിച്ചു ബംഗളാദേശിലേക്കു തന്നെ തിരിച്ചെത്തിച്ചത്. ഇതിനു പിന്നാലെ സപ്നയും ടീം നടത്തിയ അന്വേഷത്തില്‍ ബംഗളാദേശില്‍നിന്നും പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ കേരളത്തിലേക്കു ലൈംഗിക തൊഴിലിനായി എത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. 12 ഉം 13ഉം വയസ്സ് പ്രായമുള്ള മൂന്നു ബംഗളാദേശി കുട്ടികളെ കേരളത്തിലെത്തിലെത്തിച്ച് വര്‍ഷങ്ങളോളം ലൈംഗിക തൊഴിലിന് ഉപയോഗിച്ചതായും കണ്ടെത്തി.

ഈപെണ്‍കുട്ടിളെ പോലീസ് പിടികൂടിയതിനെ തുടര്‍ന്നു പുനര്‍ജനിയുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തി അന്വേഷിച്ചപ്പോഴാണു സെക്സ് റാക്കറ്റുകളുടെ കഥ പുറത്തുവരുന്നത്. ബംഗ്ളാദേശിലെ നിര്‍ധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് കേരളത്തില്‍ ജോലി വാഗ്ദാനംചെയ്ത് ആദ്യം മുംബൈയിലേക്കും ശേഷം ബാംഗ്ളൂരുവിലേക്കും അവിടേ നിന്നും കോഴിക്കോട് താമരശ്ശേരിയിലേക്കും എത്തിക്കുന്നതായി വിവരം അറിയുന്നത്. ഇത്തരം കേസുകളില്‍പെടുന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടി കോടതിയില്‍ ശബ്ദിക്കാന്‍ ആരും തന്നെയില്ലാത്തതിനാല്‍ ഇവരുടെ കേസുകള്‍ അനന്താമായി നീണ്ടുപോകുന്നതും പതിവായിരുന്നു. പ്രതികള്‍ വിചാരണക്കു ഹാജരാകാതെ വരുന്നതും പതിവായിരുന്നു. തുടര്‍ന്നു സപ്നയും പുനര്‍ജനിയുടേയും ഇടപെടലുകള്‍ മൂലം കോഴിക്കോട്ടെ ഇത്തരം കേസുകള്‍ക്കു പര്യവസാനമുണ്ടാക്കാന്‍ സാധിച്ചു. ഇത്തരത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനാല്‍ തന്നെ നിരവധി ഭീഷണികളും സപ്നക്കുവരാറുണ്ട്. അടുത്തിടെ പേരുവെളിപ്പെടുത്താത്ത ഒരു തെറിക്കത്തും പോസ്റ്റലായി വന്നു.

സാമൂഹ്യ നന്മ ലക്ഷ്യമാക്കി നിരവധി ഇടപെടലുകള്‍ നടത്തുന്ന സപ്ന പക്ഷെ തന്റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാക്കാനോ മാധ്യമങ്ങളില്‍ വാര്‍ത്തയാകുവാനോ താല്‍പര്യം കാണിക്കാറുമില്ല. തന്റെ പ്രവത്തന മേഖലയിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സംതൃപ്തിയോടു കൂടി ജോലിചെയ്യണമെന്ന ആഗ്രഹം മാത്രമാണു സ്പെഷല്‍ പബ്ലിക് പ്രോസിക്കൂട്ടര്‍ക്കുള്ളത്.

ആ ചരിത്ര വിധി ഇങ്ങനെ

ഒമ്പതു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രതി 2014 ല്‍ പെരിന്തല്‍മണ്ണ കക്കൂത്ത് ഉള്ള പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിലും പ്രതിയുടെ സഹോദരന്റെ പണിനടക്കുന്ന വീട്ടിലും വെച്ച് നിരവധി തവണ അതിഗുരുതരമായ ലൈംഗിക്രമത്തിന് വിധേയമാക്കുകയും പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ പോക്സോ ആക്ട് പ്രകാരം ഇരട്ട ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയും 366 ഐ.പി.സി പ്രകാരം 10 വര്‍ഷം തടവിനും 10000 രൂപ പിഴയും 506(2) ഐ.പി.സി പ്രകാരം 7 വര്‍ഷം തടവിനും 10000 രൂപ പിഴയുമാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്ഴ കോടതി സ്പെഷ്യല്‍ ജഡ്ജ് അനില്‍കുമാര്‍ ശിക്ഷിച്ചു. പെരിന്തല്‍മണ്ണ പോലീസ് 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം 14 സാക്ഷികളെ വിസതരിക്കുകയും 13 രേഖകള്‍ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു.ണ്ട് പ്രതി ഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു. ഇന്‍സ്പെക്ടര്‍മാരായ എ എം സിദ്ദീഖ്,സാജു കെ എബ്രഹാം , ജോബി തോമസ് എന്നിവരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

10വയസുള്ള കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ഇരുമ്പ് കമ്പികൊണ്ട് വരയുമെന്നും കത്തികൊണ്ട് കോഴിയെ അറക്കുന്നപോലെ അറക്കുമെന്ന് ഭീഷണിപ്പെടുത്തിയും അതിഗുരുതരമായ ലൈംഗിക്രമത്തിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് 2012 മുതല് 2016 വരെ നിരവധി തവണ ഇത്തരത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത 333/2016 കേസില്‍ ഇരട്ട ജീവപര്യന്തം തടവിനും1,60000 രൂപ പിഴയും 366ഐ.പി.സി പ്രകാരം 10 വര്‍ഷം തടവിനും 10000 രൂപ പിഴയും 506 (2) ഐ.പി.സി പ്രകാരം 7 വര്‍ഷം തടവിനും 10000 രൂപ പിഴയും പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി സ്പെഷ്യല്‍ ജഡ്ജ് അനില്‍കുമാര്‍ ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ പോലീസ് 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 സാക്ഷികളെ വിസതരിക്കുകയും 19 രേഖകള്‍ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. പ്രതി ഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചിട്ടുള്ളതാണ്. ഇന്‍സ്പെക്ടര്‍മാരായ എ എം സിദ്ദീഖ്,സാജു കെ എബ്രഹാം , ജോബി തോമസ് എന്നിവരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

Sharing is caring!