പലചരക്ക് കടയുടെ മറവില്‍ സമാന്തര ടെലിഫോണ്‍: മലപ്പുറം തെന്നലയില്‍ രണ്ടുപേര്‍ പിടിയില്‍

പലചരക്ക് കടയുടെ മറവില്‍ സമാന്തര ടെലിഫോണ്‍: മലപ്പുറം തെന്നലയില്‍ രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: തെന്നല വെന്നിയൂര്‍, പൂക്കിപറമ്പ് എന്നിവിടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ച രണ്ട് പേര്‍ പിടിയില്‍. തെന്നല അറക്കല്‍ സ്വദേശി കുന്നത്ത് വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (34), കൊടക്കല്ല് ചുള്ളിപ്പാറ സ്വദേശി ചെനക്കല്‍ നിയാസുദ്ധീന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. സുഹൈല്‍ വെന്നിയൂര്‍ മാര്‍ക്കറ്റ് റോഡില്‍ സേവകേന്ദ്രത്തിന്റെ മറവിലും നിയാസുദ്ധീന്‍ തെന്നല അറക്കലില്‍ പലചരക്ക് കടയുടെ മറവിലുമായിരുന്നു സമാന്തര എക്സ്ചേഞ്ച് നടത്തിയിരുന്നത്.
സര്‍ക്കാറിനെ കബളിപ്പിച്ച് നിയമ വിരുദ്ധമായി സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് സമാന്തരമായി ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയതിനാണ് ഇരുവരും അറസ്റ്റിലായത്. ഇവരുടെ കടകളില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ലാപ്പ്ടോപ്പുകളും 150-ഓളം സിം കാര്‍ഡുകളും രണ്ടു കംപ്യൂട്ടറുകളും ആറു മൊബൈല്‍ഫോണുകളും കണ്ടെത്തി. മൂന്നു സിം ബോക്സുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഇന്നലെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരിശോധനക്ക് എസ്.ഐ രാജേഷ് കുമാര്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ സജീനി, ഹരീഷ്, ജിതിന്‍, മലപ്പുറം ജില്ലാ സൈബര്‍ വിദഗ്തരായ ബി.എസ്.എന്‍.എല്‍ ഡിവിഷന്‍ എഞ്ചിനിയര്‍, പിആര്‍ സുധീഷ്, കെ.പി പ്രശോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Sharing is caring!