കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ 12കാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്റെ ജാമ്യം തള്ളി

കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ 12കാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്റെ ജാമ്യം തള്ളി

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ 12കാരിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി.
ഇക്കഴിഞ്ഞ രണ്ടിന് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ അരിയല്ലൂര്‍ പതിനെട്ടാം വീട്ടില്‍ എം മണികണ്ഠന്‍ (38)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ ജെ ആര്‍ബി തള്ളിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു വരുത്തി ക്യാമ്പസിനകത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 2022 ജൂണ്‍ 29ന് ഉച്ചക്ക് രണ്ടു മണിക്കാണ് കേസിന്നാസ്പദമായ സംഭവം. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായും ഗര്‍ഭിണിയാകാതിരിക്കാന്‍ കുട്ടിക്ക് ഗുളിക നല്‍കിയതായും വിമുക്ത ഭടന്‍ കൂടിയായ പ്രതിക്കെതിരെ പരാതിയുണ്ട്. അതേ സമയം സെക്യൂരിറ്റി ജീവനക്കാരനെ കുറിച്ചു പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നുണ്ട്. ജോലിസമയത്തായിരുന്നു ഇയാള്‍ കുറ്റകൃത്യം ചെയ്തത്. കരാര്‍ ജീവനക്കാരനായ പ്രതിയെ പിരിച്ചുവിട്ടതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരുന്നു. പ്‌ളസ് വണ്‍ പരീക്ഷയ്ക്ക് ശേഷം , സര്‍വകലാശാല കാമ്പസില്‍ നിര്‍മ്മാണപ്രവൃത്തി നടക്കുന്നിടത്ത് ഇരിക്കുകയായിരുന്ന പ്രദേശത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുടെ ചിത്രം പ്രതി മൊബൈലില്‍ പകര്‍ത്തിയിരുന്നു. കുട്ടികളെ പറഞ്ഞയച്ചപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയ പ്രതി അല്‍പ്പസമയത്തിന് ശേഷം ഫോണില്‍ വിളിച്ച് സ്‌കൂള്‍ സമയം കഴിഞ്ഞ് കറങ്ങിനടക്കുന്ന ദൃശ്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ കാമ്പസിനകത്ത് കാടുപിടിച്ചുകിടക്കുന്നിടത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി ബന്ധുവിനെ വിവരമറിയിച്ചു. കാര്യമറിഞ്ഞ മാതാപിതാക്കള്‍ തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണു പ്രതിയെ പിടികൂടിയത്. അതേ സമയം സമാനമായ പ്രതി മറ്റു കുട്ടികളെ പീഡിപ്പിക്കാനും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പലരും മാനഹാനി ഭയന്ന് പരാതി നല്‍കാതിരിക്കുകയാണെന്ന സംശയങ്ങളുമുണ്ട്. ഇതിനാല്‍ പ്രതിക്കെതിരെ കൂടുതല്‍ അന്വേഷണങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. പോക്സോ പ്രകാരമാണ് കേസ്.

 

 

Sharing is caring!