മലപ്പുറത്ത് പുതിയതായി ആരംഭിച്ച സഹകരണ സംഘങ്ങളെല്ലാം ഇടതുമയം

മലപ്പുറത്ത് പുതിയതായി ആരംഭിച്ച സഹകരണ സംഘങ്ങളെല്ലാം ഇടതുമയം

മലപ്പുറം: മലപ്പുറത്ത് പുതിയതായി ആരംഭിച്ച സഹകരണ സംഘങ്ങളെല്ലാം ഇടതുമയം. ഇടതുപക്ഷവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള കൂട്ടായ്മകള്‍ക്കാണ് സംഘങ്ങളുടെ നടത്തിപ്പിന് അനുമതി നല്‍കിയിരിക്കുന്നതെന്നും സംഘങ്ങളുടെ തലപ്പത്തുള്ളവരില്‍ ഭൂരിപക്ഷവും ഇടത് അനുഭാവികളാണെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇടതുപക്ഷം ഭരണത്തിലേറി അഞ്ചുവര്‍ഷത്തിനുള്ളില്‍ അനുമതി ലഭിച്ച സംഘങ്ങള്‍ക്കെതിരെയാണ് മുസ്ലീംലീഗ് സഹകരണ സെല്ലിന്റെ ആരോപണമുയര്‍ന്നിരിക്കുന്നത്. ജില്ല ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇടതുപക്ഷ അനുകൂല ഓഫീസേഴ്സ് യൂണിയന്റെ നേതാവായതോടെയാണ് ഇത്തരം നീക്കങ്ങള്‍ തകൃതിയായതെന്ന് പറയുന്നു. പുതിയ സംഘങ്ങള്‍ക്കായുള്ള അപേക്ഷകള്‍ അംഗീകരിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയപക്ഷ പാതിത്വമുണ്ടെന്നാണ് പരാതി. 2017 മുതല്‍ 2022 ജൂണ്‍ 15 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 80 പുതിയ സഹകരണ സംഘങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ എട്ട് സംഘങ്ങള്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയതാണ്. 2017 മുതല്‍ 2022 ജൂണ്‍ 15 വരെ 80 പുതിയ സഹകരണ സംഘങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 2017 ലും 18 ലും 13 വീതവും 2019-ല്‍ 21ഉം 2020-ല്‍ 18 ഉം 2021-ല്‍ ഏഴും 2022-ല്‍ എട്ടും എന്നിങ്ങനെയാണ് പുതിയതായി വന്ന സംഘങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. യു.ഡി.എഫ് അനുകൂല സംഘങ്ങളുടെ അപേക്ഷകള്‍ പല കാരണങ്ങള്‍ പറഞ്ഞാണ് മാറ്റിവെക്കുന്നതെന്ന് സംസ്ഥാന സഹകരണസെല്‍ നേതാക്കള്‍ ആരോപിക്കുന്നു. അതേ സമയം നിലവിലെ സംഘങ്ങളുടെ പുതിയ ശാഖകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കുന്നുമുണ്ട്. മേല്‍പ്പറഞ്ഞ കാലയളവില്‍ വിവിധ സംഘങ്ങളുടേതായി 69 ശാഖകള്‍ തുടങ്ങാനുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 37 സംഘങ്ങള്‍ക്ക് അനുമതി ലഭിച്ചപ്പോള്‍ 32 എണ്ണത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പല അപേക്ഷകളും സര്‍ക്കുലര്‍ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യങ്ങള്‍ പരിഹരിക്കുന്ന മുറക്ക് അപേക്ഷ അംഗീകരിക്കേണ്ടി വരുമെന്ന് സഹകരണസെല്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പുതിയ സംഘങ്ങള്‍ക്കാണ് രാഷ്ട്രീയം നോക്കി അനുമതി നല്‍കാതിരിക്കുന്നതെന്നാണ് ഇവരുടെ പരാതി.

 

 

Sharing is caring!