മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ പ്രിയപ്പെട്ടവനായി മലപ്പുറത്തുകാരന്‍ നബീല്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ പ്രിയപ്പെട്ടവനായി മലപ്പുറത്തുകാരന്‍ നബീല്‍

മലപ്പുറം: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ പ്രിയപ്പെട്ടവനായിമലപ്പുറത്തുകാരന്‍ നബീല്‍.ഈ മലപ്പുറം മലപ്പുറം തവനൂര്‍കാരന്‍ നമുക്കൊന്നും വലിയ പരിചയം കാണില്ല. ധോനിയോടുള്ള ആരാധനമൂത്ത് നബീല്‍ ചെയ്തുകൂട്ടിയ കാര്യങ്ങളറിഞ്ഞാല്‍ ആരും പറഞ്ഞുപോകും ”നബീലേ അനക്ക് എന്തൊരു പ്രാന്താടോ”. ധോനിയുടെ കടുത്ത ആരാധകനെന്ന് പറഞ്ഞ് നബീലിനെ വിശേഷിപ്പിക്കുന്നത് ഇത്തിരി കുറഞ്ഞുപോകും. ‘കടുത്ത ധോനി ഭ്രാന്തന്‍’ എന്ന വിശേഷണമാകും നബീലിന് ചേരുക. ഓള്‍ കേരള ധോനി ഫാന്‍സ് അസോസിയേഷന്റെ (എ.കെ.ഡി.എഫ്.എ) പ്രസിഡന്റ് കൂടിയാണ് ഈ

ജൂലായ് ഏഴിന് നബീലിന് ആഘോഷങ്ങളുടെ ദിനമാണ്. മഹേന്ദ്രസിങ് ധോനിയെന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്റെ ജന്മദിനമാണന്ന്. അതുകൊണ്ടൊന്നും തീരുന്നില്ല നബീലിന്റെ സന്തോഷം. സിരകളില്‍ ധോനിയോടുള്ള ആരാധന നിറഞ്ഞൊഴുകുന്ന നബീലിന് പടച്ചോന്‍ രണ്ടാമത്തെ കുഞ്ഞിനെ സമ്മാനിച്ചതും ഒരു ജൂലായ് ഏഴിനു തന്നെ. 2021 ജൂലായ് ഏഴിന് നബീല്‍ ധോനിയുടെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലായിരിക്കെയാണ് അദ്ദേഹത്തെ തേടി ആ വാര്‍ത്തെയെത്തുന്നത് ഭാര്യ റസീന ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു. മകന്റെ പേരില്‍ പോലും നബീല്‍ ധോനി ആരാധന മാറ്റിവെച്ചില്ല. തന്റെ പ്രിയ താരത്തെ വിളിക്കുന്ന ‘മഹി’ ചേര്‍ത്ത് മകന് പേരിട്ടു, മഹിന്‍ റയാന്‍.

2007ലെ ട്വന്റി 20 ലോകകപ്പ് വിജയമാണ് നബീലിനെ ധോനിയിലേക്ക് അടുപ്പിക്കുന്നത്. 2008 മുതല്‍ ധോനി ചെന്നൈയിലും ബാംഗ്ലൂരിലും കേരളത്തിലും കളിച്ച മത്സരങ്ങള്‍ മിക്കവയും നബീല്‍ സ്റ്റേഡിയത്തിലിരുന്ന് കണ്ടിട്ടുണ്ട്. ഐപിഎല്‍ കൂടാതെ ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങളും ഇതില്‍ ഉള്‍പ്പെടും. സ്റ്റേഡിയത്തില്‍ പോയി ‘മഹി… മഹി…’ എന്നലറി വിളിച്ച് ആഴ്ചകളോളം ശബ്ദം പുറത്തുവരാതിരുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്.

2019ലാണ് നബീല്‍ ധോനി ഫാന്‍സ് അസോസിയേഷനിലേക്ക് വരുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം 2021-ല്‍ ധോനിയെ നേരില്‍ കാണാന്‍ നബീല്‍ നടത്തിയ ശ്രമം ആരെയും ഞെട്ടിക്കുന്നതാണ്. തങ്ങളുടെ സംഘടന ചെയ്തുവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ നേരിട്ടറിയിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു ആ അത്യാഗ്രഹത്തിന് പിന്നില്‍. ഇതിനിടെ ധോനിയെ കണ്ട് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാനുള്ള പല വഴികളും നോക്കി പരാജയപ്പെട്ടപ്പോഴാണ് നബീല്‍ ആ അറ്റകൈക്ക് മുതിര്‍ന്നത്.

രണ്ടു വര്‍ഷം കൊണ്ട് അസോസിയേഷനിലൂടെ സമ്പാദിച്ച ബന്ധങ്ങള്‍ കൊണ്ട് ധോനി 2021 ജൂണില്‍ ഷിംലയില്‍നിന്ന് മടങ്ങിയെത്തുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. തലേദിവസം ബെംഗളൂരു വഴി ധോനിയുടെ മടക്ക ഫ്‌ളൈറ്റ് എത്തുന്ന ചണ്ഡിഗഢിലേക്ക് രണ്ടു കല്‍പ്പിച്ച് തിരിച്ചു. അവിടെ നിന്നും ഡല്‍ഹി വഴി ചെന്നൈയിലേക്കുള്ള ഫ്‌ളൈറ്റും ബുക്ക് ചെയ്തിരുന്നു. ധോനിയെ കാണിക്കാനുള്ള സംഘടനയുടെ ഫയലുകളും അദ്ദേഹത്തിന് സമ്മാനിക്കാന്‍ ഒരു മൊമന്റോയും തയ്യാറാക്കിവെച്ചു. രാത്രി ഏറെ വൈകിയതിനാല്‍ ഫയലില്‍ വെക്കേണ്ട രേഖകള്‍ പ്രിന്റ്ഔട്ടെടുക്കാന്‍ സാധിച്ചില്ല. പിറ്റേന്ന് നേരത്തെ യാത്ര തിരിക്കുകയും വേണം. ഒടുവില്‍ ഗൂഗിള്‍ നോക്കി ചണ്ഡിഗഢ് വിമാനത്താവളത്തിനടുത്തുള്ള ഒരു ഡി.ടി.പി. സെന്ററിന്റെ നമ്പര്‍ തപ്പിപ്പിടിച്ച് മുഴുവന്‍ തുകയും ആദ്യമേ അയച്ച് കൊടുത്ത് അവരെ കാര്യം പറഞ്ഞ് മനസിലാക്കി. അങ്ങനെ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് 2021 ജൂണ്‍ 23-ന് നബീലിന്റെ ആ സ്വപ്നം സഫലമായി. കടുത്ത സുരക്ഷാവലയത്തിലും ധൈര്യം സംഭരിച്ച് ധോനിയെ നേരില്‍ കണ്ടു. ചിത്രങ്ങളടക്കമുള്ള അസോസിയേഷന്റെ ഫയല്‍ കൈമാറി. അന്ന് ഭാഗ്യം കൈവന്നെന്ന പോലെ ധോനിയും ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു. അതും നബീല്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന അതേ വിമാനത്തില്‍. ധോനിയുടെ ഒരു സീറ്റ് പിറകില്‍ ഇടതുഭാഗത്തിരുന്ന് തന്റെ ഇഷ്ട താരത്തെ കള്‍കുളിള്‍ക്കെ കണ്ടാണ് യാത്ര ചെയ്തത്.

കടുത്ത ആരാധന ധോനി തിരിച്ചറിഞ്ഞതോടെ ആ ബന്ധം പിന്നീട് ദൃഢമായി. ചെന്നൈയില്‍ കുടുംബവുമൊത്ത് സ്ഥിരതാമസമാക്കിയ നബീലിന് അവിടെ ബിസിനസാണ്. പിന്നീട് ചെന്നൈയില്‍ ധോനി വരുമ്പോഴെല്ലാം നബീല്‍ പോയി കാണും. ‘തലേ’ എന്ന് വിളിച്ച് കൈ വീശും. ഇതുകണ്ട് ധോനിയും തിരിച്ച് അഭിവാദ്യം ചെയ്യും. അതിന് ശേഷം പിന്നീട് രണ്ടു തവണ കൂടി നബീല്‍ ധോനിയെ നേരില്‍കണ്ട് സംസാരിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 17-നായിരുന്നു അവസാനം പോയികണ്ടത്, അതും ചെന്നൈയില്‍. അന്ന് ഒപ്പം കൊണ്ടുപോയ മകന്‍ മഹിന്‍ റയാനെ ധോനി എടുക്കുകയും ചെയ്തു. അവനെ ഒന്ന് അനുഗ്രഹിക്കാന്‍ പറഞ്ഞപ്പോള്‍, അവന്‍ എപ്പോഴെ അനുഗ്രഹിക്കപ്പെട്ടവനാണെന്നായിരുന്നു ധോനിയുടെ മറുപടി. മകന്റെ ഒന്നാം പിറന്നാളിന് ക്ഷണിച്ച നബീലിനോട് താന്‍ ആ സമയം സ്ഥലത്തുണ്ടാകില്ലെന്ന് സ്‌നേഹപൂര്‍വം അറിയിക്കുകയും ചെയ്തു ധോനി. ഒപ്പം അദ്ദേഹത്തിന്റെയും നബീലിന്റെ മകന്റെയും ജന്മദിനം ഒന്നാണെന്ന് കണ്ട് അദ്ഭുതപ്പെട്ടു. അന്ന് മഹിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ ധോനിയുടെ ഓട്ടോഗ്രാഫ് കൂടി വാങ്ങിയാണ് നബീല്‍ തിരിച്ച് ഭാര്യയുടെയും മൂത്തമകള്‍ ഐറയുടെയും അടുത്തേക്ക് തിരിച്ചെത്തിയത്. ഈ വരുന്ന ജൂണ്‍ ഏഴിന് മകന്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അവന്‍ താന്‍ ഏറ്റവും സ്‌നേഹിക്കുന്ന താരത്താല്‍ അനുഗ്രഹിക്കപ്പെട്ടതിന്റെ ചാരിതാര്‍ഥ്യം കൂടിയുണ്ട് നബീലിന്.

 

Sharing is caring!