ഡ്രൈവര്‍ക്ക് മര്‍ദ്ദനം; നിലമ്പൂരില്‍ മിന്നല്‍ ബസ് സമരം

ഡ്രൈവര്‍ക്ക് മര്‍ദ്ദനം; നിലമ്പൂരില്‍ മിന്നല്‍ ബസ് സമരം

നിലമ്പൂര്‍: ബസ് ജീവനക്കാരനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നിലമ്പൂരില്‍ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഉച്ചക്ക് 1 മണി മുതല്‍ ആരംഭിച്ച പണിമുടക്ക് പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 4.30 ഓടെ അവസാനിപ്പിച്ചു.
ഇന്നലെ രാവിലെ കരുളായി നിന്നും മഞ്ചേരിയിലേക്ക് പുറപെട്ട എ വണ്‍ ബസ് മുക്കട്ടയില്‍ വെച്ച് വിദ്യാര്‍ഥികളെ കയറ്റിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതിന് മുമ്പും ഈ ബസില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന് പരാതി ഉണ്ടായിരുന്നു. മര്‍ദനമേറ്റ ഡ്രൈവര്‍ക്ക് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. നാട്ടുകാരുടെ പരാതിയില്‍ എ വണ്‍ ബസ് ജീവനക്കാര്‍ക്കെതിരെ നിലമ്പൂര്‍ പോലീസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പോലീസ് ഏകപക്ഷീയമായി ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തെന്നാരോപിച്ചുമായിരുന്നു ബസ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. പിന്നീട് ബസ് ഉടമകളും, ജീവനക്കാരും, വിവിധ യൂണിയനുകളും പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 4.30ഓടെ സമരം പിന്‍വലിച്ചു. സമരം അവസാനിപ്പിച്ച് സര്‍വീസ് തുടങ്ങിയപ്പോള്‍ ബസുകള്‍ സമയക്രമം പാലിക്കണമെന്ന് പറഞ്ഞ് ജീവനക്കാര്‍ തമ്മില്‍ ഉണ്ടായ അസ്വാരസ്യം പോലീസ് ഇടപെട്ട് തീര്‍പ്പാക്കി.

 

Sharing is caring!