കാളികാവ് ബസ് സ്റ്റാന്‍ഡിലെ പാലിയേറ്റീവ് സംഭാവനപ്പെട്ടി മോഷണം പോയി സി.സി.ടി.വി ദൃശ്യം പുറത്ത്

കാളികാവ് ബസ് സ്റ്റാന്‍ഡിലെ പാലിയേറ്റീവ് സംഭാവനപ്പെട്ടി മോഷണം പോയി സി.സി.ടി.വി ദൃശ്യം പുറത്ത്

മലപ്പുറം: കാളികാവ് ബസ് സ്റ്റാന്‍ഡിലെ പാലിയേറ്റീവ് സംഭാവനപ്പെട്ടി മോഷണം പോയതായി പരാതി.
കാളികാവ് ജംഗ്ഷന്‍ ബസ് സ്റ്റാന്‍ഡില്‍ കാളികാവ് പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്ന പെട്ടിയാണ് മോഷണം പോയത്. ബസ് സ്റ്റോപ്പിലെ വെയിറ്റിങ് ഷെഡില്‍ വനിതകളുടെ ഇരിപ്പിടത്തിന്റെ ഭാഗത്തായിരുന്നു സംഭാവനപ്പെട്ടി സ്ഥാപിച്ചിരുന്നത്.

പതിവു പോലെ പണം എടുക്കുന്നതിനായി എത്തിയപ്പോഴാണ് സംഭാവനപ്പെട്ടി മോഷണം പോയതായി കണ്ടെത്തിയത്. ഉടന്‍ തന്നെ കാളികാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബസ് സ്റ്റോപ്പിന്റെ ചുമരില്‍ നിന്നും സംഭാവനപ്പെട്ടി മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. മോഷ്ടാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ മാസം 17 നാണ് സംഭാവനപ്പെട്ടി മോഷണം പോയതെന്ന് കണ്ടെത്തി. കഴിഞ്ഞ 16 ന് രാത്രിയില്‍ മോഷ്ടാവ് എന്നു സംശയിക്കുന്നയാള്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായി ബസ് ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ നോക്കി പറയുന്നു. 17 ന് പുലര്‍ച്ചെ 2.15 നാണ് മോഷ്ടാവ് കൃത്യം നടത്തിയത്. വലിയ ചാക്കിലേക്ക് സംഭാവനപ്പെട്ടി ഇട്ട് തോളില്‍ തൂക്കിയാണ് കടത്തിക്കൊണ്ടുപോയത്.

ഇളം വെള്ള നിറത്തിലുള്ള ഷര്‍ട്ടും കൈലിയുമാണ് മോഷ്ടാവിന്റെ വേഷം. പണം എടുക്കാനെത്തിയ വളണ്ടിയര്‍മാരാണ് പെട്ടി മോഷ്ടിച്ചുവെന്ന് കണ്ടെത്തിയത്. സ്റ്റാന്‍ഡിലെ സോനു സ്റ്റുഡിയോയുടെ സിസിടിവിയിലാണ് 50 വയസില്‍ താഴെ പ്രായമുള്ള പ്രതിയുടെ ദൃശ്യം പതിഞ്ഞത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Sharing is caring!