പട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ടയാളെ ചോദ്യം ചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് സൈക്കിള്‍ മോഷണം

പെരിന്തല്‍മണ്ണ: പട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ടയാളെ ചോദ്യം ചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് സൈക്കിള്‍ മോഷണം. താഴെ പൂപ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ കുറ്റിയാട്ടൂര്‍ പുതിയപുരയില്‍ കാദര്‍(47)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ ജൂബിലി റോഡിലെ ഗ്യാസ് ഏജന്‍സിക്ക് മുന്‍പില്‍ താക്കോല്‍ കൂട്ടവുമായി നില്‍ക്കുന്ന പ്രതിയെ പോലീസ് ചോദ്യം ചെയ്തപ്പോളാണ് സൈക്കിള്‍ മോഷണത്തെക്കുറിച്ച് അറിഞ്ഞത്. ജൂണ്‍ 24-ന് രാവിലെ എട്ടിന് മാനത്തുമംഗലം ജുമാമസ്ജിദിന് മുന്നിലെ കടയുടെ കോമ്പൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട സൈക്കിള്‍ പോലീസ് കണ്ടെത്തി.
പ്രതിയുടെ കയ്യിലുണ്ടായിരുന്ന താക്കോലുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ബൈക്കുകളില്‍ നിന്ന് ഊരിയെടുത്തതാണെന്നും ബൈക്കുകള്‍ എടുത്തിട്ടില്ലെന്നും പ്രതി പറഞ്ഞു. ഇതോടെയാണ് സൈക്കിള്‍ എടുത്ത വിവരം പറഞ്ഞതെന്ന് പോലീസ് പറയുന്നു. വാടകവീടിന്റെ ഇടനാഴിയില്‍ നിര്‍ത്തിയിട്ട നിലയിലാണ് സൈക്കിള്‍ കണ്ടെത്തിയത്. കക്കൂത്ത് സില്‍വര്‍ മൗണ്ട് സ്‌കൂളിന് സമീപം താമസിക്കുന്ന 14-കാരന്റേതാണ് സൈക്കിള്‍ എന്ന അന്വേഷണത്തില്‍ തെളിഞ്ഞതോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്.ഐ. അലിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Sharing is caring!