പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരും: കെ.എന്‍.എ ഖാദര്‍

പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരും: കെ.എന്‍.എ ഖാദര്‍

മലപ്പുറം: പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ പാര്‍ട്ടി ഒരു ശാസനം നല്‍കി എന്നാണ് താന്‍ കരുതുന്നത്. ഇതൊരു അറിയിപ്പായി വന്നിട്ടില്ല. ഇതിലും വലിയ നടപടികള്‍ എടുക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഷയത്തില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി എടുത്ത തീരുമാനമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതിനപ്പുറം ഒന്നും പറയാനില്ല. മുഴുവന്‍ കാര്യങ്ങളും പാര്‍ട്ടിക്ക് എഴുതി കൊടുത്തിട്ടുണ്ട്. അത് മാധ്യമങ്ങളോടു പറയേണ്ട ആവശ്യമില്ല. അത് അറിയണമെങ്കില്‍ പാര്‍ട്ടിയുമായി ബന്ധപ്പെടണം. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതാണ് തനിക്ക് പറയാനുള്ളത്. ഇനിയും ഈ പാര്‍ട്ടിയില്‍ നല്ല പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ചാലപ്പുറത്തെ കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത സംഭവത്തിലാണ് മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഖാദറിന് താക്കീത് നല്‍കിയത്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ കെ എന്‍ എ ഖാദറിന് ശ്രദ്ധക്കുറവുണ്ടായെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്തെ ചുവര്‍ശില്‍പം അനാച്ഛാദനം ചെയ്തതും മുഖ്യപ്രഭാഷണം നടത്തിയതും കെ എന്‍ എ ഖാദര്‍ ആയിരുന്നു. ഖാദറിന്റെ നടപടിയില്‍ യുഡിഎഫിലെ വിവിധ നേതാക്കളില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഖാദറില്‍ നിന്ന് മുസ്ലീം ലീഗ് നേതൃത്വം വിശദീകരണം തേടുകയായിരുന്നു.

 

Sharing is caring!