മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം കാന്തപുരം ലീഗ് വേദിയില്‍

മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം കാന്തപുരം ലീഗ് വേദിയില്‍

കോഴിക്കോട്: കാലങ്ങളായി സിപിഎമ്മിനൊപ്പം അടിയുറച്ചു നില്‍ക്കുന്ന മുസ്ലിം വിഭാഗമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ കീഴിലുള്ള എ പി സമസ്ത വിഭാഗം. ഇ കെ സുന്നി വിഭാഗം ലീഗിനോട് കൂറു പുലര്‍ത്തിയപ്പോള്‍ മറുവശത്ത് എ പി ഇടതുപക്ഷത്തിനൊപ്പമായിരുന്നു. എന്നാല്‍, സമസ്തയുടെ പിളര്‍പ്പിന് ശേഷം മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ് കാന്തുപുരം മുസ്ലിംലീഗിന്റെ വേദിയില്‍ എത്തി.

മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സംഗമത്തില്‍ പങ്കെടുക്കാനാണ കാന്തപുരം എത്തിയത്. കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ നടന്ന സൗഹൃദ സംഗമത്തിലാണ് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കൊപ്പം കാന്തപുരവും പങ്കെടുത്തത്. മുഹമ്മദലി ശിഹാബ് തങ്ങളുമായും ഹൈദരലി തങ്ങളുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്ന് കാന്തപുരം പറഞ്ഞു. തനിക്ക് സുന്നിസമാണ് പ്രധാനമെന്നും രാഷ്ട്രീയ കക്ഷിത്വമില്ലെന്നും കാന്തപുരം പറഞ്ഞു.

അതേസമയം ലീഗിനെ സംബന്ധിച്ചിടത്തോളം ഈ നീക്കം നേട്ടമുണ്ടാക്കിയെന്നാണ് പൊതു അഭിപ്രായം. മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്തമാണ് വേണ്ടതെന്നും വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിന് കഴിയട്ടെയെന്നും സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നടന്ന പൊതു സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കാന്തപുരത്തിന്റെ പങ്കാളിത്തം എടുത്ത് പറയുകയും ചെയ്തു. ഇരു സമസ്ത നേതാക്കളെയും ഒരുമിച്ചിരുത്താന്‍ കഴിഞ്ഞത് ലീഗിന്റെ നേട്ടമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാന്തപുരം ലീഗ് വേദിയിലെത്തിയത് സോഷ്യല്‍ മീഡയയിലും എ.പി- ഇ.കെ സമസ്ത വിഭാഗത്തിലെ ഇരു അണികള്‍ ചര്‍ച്ചയാക്കുന്നുണ്ട്. സമസ്തയിലെ പിളപ്പിന് ശേഷം ആദ്യമായാണ് കാന്തപുരം മുസ്ലിം ലഗ് വേദിയിലെത്തുന്നത്. പിളര്‍പ്പിന് ശേഷം മുസ്ലിം ലീഗും കാന്തപുരം വിഭാഗവും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. ഇ.കെ വിഭാഗം മുസ്ലിം ലീഗിനൊപ്പം നിന്നപ്പോള്‍ കാന്തപുരത്തിന് സിപിഎം പിന്തുണ നല്‍കി. ഇതോടെ കാന്തപുരം വിഭാഗത്തെ വിമര്‍ശകര്‍ അരിവാള്‍ സുന്നികളെന്നും വിളിച്ചിരുന്നു.

ലീഗുമായുണ്ടായ സംഘര്‍ഷത്തില്‍ കാന്തപുരം സമസ്ത പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇടക്കാലത്ത് സുന്നി എ.പി- ഇ.കെ വിഭാഗം ഐക്യ ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ അതിന് തുരങ്കം വെച്ചത് മുസ്ലിം ലീഗാണെന്ന് ഇരു സംഘടനകള്‍ക്കുള്ളിലും വിമര്‍ശനമുണ്ട്. ഇടക്കാലത്ത് മുസ്ലിം ലീഗ് വിളിച്ചു ചേര്‍ക്കുന്ന സൗഹൃദ സംഗമങ്ങളില്‍ കാന്തപുരത്തെ ക്ഷണിക്കാറുണ്ടായിരുന്നുവെങ്കിലും പ്രതിനിധികളെയാണ് വിടാറുണ്ടായിരുന്നത്. ഈ പതിവ് തെറ്റിച്ചാണ് കാന്തപുരം ലീഗ് വേദിയില്‍ പങ്കെടുത്തത്.

ഒരുമിച്ചിരിക്കുന്നതിനെക്കുറിച്ചാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് കാന്തപുരവും സാദിഖലി തങ്ങളും ജിഫ്രി തങ്ങളും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് നജീബ് കാന്തപുരം എംഎല്‍എ ഫേസ്ബുക്കില്‍ കുറിപ്പെഴുതി.

 

Sharing is caring!