കുട്ടികളെ പീഡിപ്പിച്ചകേസില്‍ ജാമ്യത്തിലിറങ്ങിയ മലപ്പുറത്തെ ശശികുമാര്‍ മാസ്റ്റര്‍ മറ്റൊരു പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റില്‍

കുട്ടികളെ പീഡിപ്പിച്ചകേസില്‍ ജാമ്യത്തിലിറങ്ങിയ മലപ്പുറത്തെ ശശികുമാര്‍ മാസ്റ്റര്‍ മറ്റൊരു പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റില്‍

മലപ്പുറം: ക്ലാസിലെ കുട്ടികളെ പീഡിപ്പിച്ചകേസില്‍ ജാമ്യത്തിലിറങ്ങിയ മലപ്പുറത്തെ ശശികുമാര്‍ മാസ്റ്റര്‍ മറ്റൊരു പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റില്‍. പഠിപ്പിച്ച വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ റിട്ട. അധ്യാപകനുമായ
മലപ്പുറം ഡിപിഒ റോഡില്‍ രോഹിണിയില്‍ കിഴക്കെവെള്ളാട്ട് ശശികുമാര്‍ (56) ആണ് രണ്ട് പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും മറ്റൊരു പോക്‌സോ കേസില്‍ അറസ്റ്റിലായത്.
മലപ്പുറം നഗരസഭയിലെ സി.പി.എമ്മിന്റെ മുന്‍ കൗണ്‍സിലര്‍കൂടിയായിരുന്നു പ്രതി. പൂര്‍വവിദ്യാര്‍ഥിനിയുടെ പരാതിയില്‍ മലപ്പുറം വനിത പൊലീസാണ് പോക്‌സോ ചുമത്തിയത്. പുതിയ പരാതിയില്‍ വെള്ളിയാഴ്ചയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശശികുമാറിനെ റിമാന്‍ഡ്‌ചെയ്ത് മഞ്ചേരി സബ് ജയിലിലടച്ചു. ശശികുമാറിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം എടുക്കുന്ന മൂന്നാമത്തെ കേസാണിത്. മറ്റു നാല് കേസ് പോക്‌സോ വരുന്നതിനുമുമ്പായതിനാല്‍ മറ്റുവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പുതിയ പരാതിയിയില്‍ പൊലീസ് എഫ്.ഐ.ആറില്‍ സംഭവം നടന്ന സ്ഥലമായ സ്‌കൂളിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മുന്‍കേസുകളിലും പൊലീസിനെതിരെ സമാന ആരോപണമുയര്‍ന്നിരുന്നു.
താന്‍ പഠിപ്പിച്ച സ്‌കൂള്‍ കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ നേരത്തെ അറസ്റ്റിലായ ശശികുമാറിന് കഴിഞ്ഞ ദിവസം ജഡ്ജി കെ ജെ ആര്‍ബിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ രണ്ടാള്‍ ജാമ്യം, എല്ലാ ശനി, തിങ്കള്‍ ദിവസങ്ങളിലും രാവിലെ 9 നും 11 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. ഇരകളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, സമാനമായ കേസുകളില്‍ ഉള്‍പ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരുന്നത്. അഞ്ചു ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണമെന്ന് ഉപാധി വെച്ചെങ്കിലും പ്രതിക്ക് പാസ്‌പോര്‍ട്ട് ഇല്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയക്കുകയായിരുന്നു.
രണ്ടു കേസുകളിലാണ് പ്രതിക്ക് നേരത്തെ കോടതി ജാമ്യം നല്‍കിയത്. 2012 ജൂണ്‍ മുതല്‍ 2013 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പലതവണ ക്ലാസ് മുറിയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നതാണ് ഒരു കേസ്. ഈ കേസില്‍ 2022 മെയ് 13ന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി മഞ്ചേരി സബ്ജയിലില്‍ കഴിഞ്ഞു വരികയാണ്. 2013 ജൂണ്‍ മുതല്‍ 2014 മാര്‍ച്ച് 31 വരെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസില്‍ മെയ് 24ന് പ്രതിയെ ജയിലില്‍ വെച്ച് പൊലീസ് ഫോര്‍മല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

Sharing is caring!