എസ്.എസ്.എല്‍.സിയില്‍ ചരിത്ര വിജയം ആവര്‍ത്തിച്ച് മലപ്പുറം

എസ്.എസ്.എല്‍.സിയില്‍ ചരിത്ര വിജയം ആവര്‍ത്തിച്ച് മലപ്പുറം

മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇത്തവണയും ജില്ലയ്ക്ക് ചരിത്രനേട്ടം. 99.32 ശതമാനം വിജയമാണ് ഇത്തവണ ജില്ല നേടിയത്. 77,691 കുട്ടികള്‍ ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 39,217 ആണ്‍കുട്ടികളും 38,474 പെണ്‍കുട്ടികളുമാണ് യോഗ്യത നേടിയത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 99.72 വിജയശതമാനവും തിരൂരില്‍ 98.88 ശതമാനവും വണ്ടൂരില്‍ 98.94 ശതമാനവും തിരൂരങ്ങാടിയില്‍ 99.4 ശതമാനവുമാണ് വിജയം. 78,224 വിദ്യാര്‍ഥികളാണ് ഇത്തവണ ജില്ലയില്‍ പരീക്ഷ എഴുതിയത്. 39,560 ആണ്‍കുട്ടികളും 38,664 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ നേട്ടവും ഇത്തവണയും ജില്ലയ്ക്കാണ്. 7,230 വിദ്യാര്‍ഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. അതില്‍ എറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് പെണ്‍കുട്ടികളാണ്. 5,427 പെണ്‍കുട്ടികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. 1803 ആണ്‍കുട്ടികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. സംസ്ഥാനത്ത് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ നേട്ടവും മലപ്പുറം വിദ്യാഭ്യാസ ജില്ലയ്ക്കാണ്. 3024 വിദ്യാര്‍ഥികള്‍ക്കാണ് മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. തിരൂരില്‍ 1036 പേര്‍ക്കും വണ്ടൂരില്‍ 1602 പേര്‍ക്കും തിരൂരങ്ങാടിയില്‍ 1568 പേര്‍ക്കും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് എടരിക്കോട് പി .കെ.എം.എം എച്ച്.എസ്.എസിലാണ്. 2,104 വിദ്യാര്‍ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്. ജില്ലയില്‍ 189 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 50 സര്‍ക്കാര്‍ സ്‌കൂളുകളും 22 എയ്ഡഡ് സ്‌കൂളുകളും 117 അണ്‍ എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി.

ജില്ലയില്‍ 4,894 എസ്.സി വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹരായത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 1,737 ഉം തിരൂരില്‍ 940 ഉം വണ്ടൂരില്‍ 1,531 ഉം തിരൂരങ്ങാടിയില്‍ 686 വിദ്യാര്‍ഥികളുമാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 287 എസ്.ടി വിദ്യാര്‍ഥികളും യോഗ്യത നേടിയിട്ടുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 13 പേരും തിരൂരില്‍ അഞ്ച് പേരും വണ്ടൂരില്‍ 267 പേരും തിരൂരങ്ങാടി രണ്ട് പേരുമാണ് യോഗ്യത നേടിയത്. വണ്ടൂരില്‍ 327 എസ്.ടി വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 348 എസ്.ടി വിദ്യാര്‍ഥികളാണ് ജില്ലയിലാകെ പരീക്ഷയെഴുതിയിരുന്നത്.

 

Sharing is caring!