മലപ്പുറത്തെ കൊച്ചുഗായിക യുംന അജിന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എ പ്ലസ്

മലപ്പുറം: സ്വന്തംപേരിലെ യൂട്യൂബ് ചാനലിലെ സബ്സ്ക്രൈബേഴ്സ് 25ലക്ഷത്തിന് മുകളില്‍. രാജ്യത്തെ തന്നെ ജനഹൃദയം കീഴടക്കിയ മലപ്പുറത്തെ കൊച്ചുഗായിക യുംന അജിന് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എ പ്ലസ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ടി.വി മ്യൂസിക്കല്‍ റിയാലിറ്റിഷോയായ സീ.ടി.വിയിലെ പരിഗമപ ലിറ്റില്‍ ചാമ്പ്യന്‍ഷിപ്പിലൂടെ 2017ല്‍ രാജ്യത്തെ തന്നെ ജനഹൃദയം കീഴടക്കിയ കൊച്ചുമിടുക്കിയാണ് യുംന.
മലപ്പുറം വേങ്ങരക്കാരിയായ 16കാരിയായ യുംന അജിന്റെ ആരാധകരില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തുള്ളവരാണെന്നതാണ് മറ്റൊരു കൗതുകം. ഇതിനിടെ ബോളിവുഡ് സിനിമയില്‍ ഗാനം ആലപിക്കുകയും ചെയ്തുകഴിഞ്ഞു.
ഹിന്ദിയിലും, അറബിയിലും യുംനപാടിയ ഗാനങ്ങള്‍ യഥാര്‍ഥ ഗായകരെ പോലും അത്ഭുതപ്പെടുത്തിയപ്പോള്‍ മലയാളില്‍ ഇപ്പോഴും വേണ്ടത്ര പരിഗണന യുംനക്ക് ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം.
മൂന്നാംവയസ്സു മുതല്‍ തന്നെ സംഗീത ഷോകളിലൂടെ വിസ്മയം കാണിച്ചു തുടങ്ങിയ ഈ ഒമ്പതാംക്ലാസുകാരി കൈരളി ടിവിയിലെ കുട്ടിപ്പട്ടുറുമാലിലൂടെയാണ് സംഗീത രംഗത്തേക്ക് ചുവട്വെച്ചത്. അന്ന് വയസ്സ് മൂന്നു വയസ്സുമാത്രമായിരുന്നു. പിന്നീട് 2015 ല്‍ പത്തുവയസ്സുള്ളപ്പോള്‍ സോണി ടി.വിയിലെ ഇന്ത്യന്‍ ഐഡോള്‍ ജൂനിയറിലും പങ്കെടുത്തു.
ഇന്ന് യുംന സംഗീതവേദികളിലും ആല്‍ബങ്ങളിലും യൂട്യൂബിലും ഒരുപോലെ മികവുറ്റ പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുകയാണ്് 25ലക്ഷം കവിഞ്ഞ യൂട്യൂബ് ചാനലിന്റെ ഉടമകൂടിയാണ് ഈ കൊച്ചുമിടുക്കി. ഇന്ന് യൂട്യൂബ് ചാനലില്‍നിന്നും വരുമാനം ലഭിക്കുന്നുണ്ട്. യൂട്യൂബ് ചാനലിലേക്ക് മാത്രമാണ് ആഴ്ചയില്‍ പുതിയ പാട്ടുകള്‍ അപ്ലോഡ് ചെയ്യാനും ശ്രദ്ധിക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോള്‍ യുംന തിളങ്ങുന്നത്. ഇതിലെ ഫോളോവേഴ്സില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തുനിന്നുള്ളവരാണ്.
ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലധികം വേദികളില്പാടിക്കഴിഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, അറബി ഭാഷകളിലെ പോപ്, ക്ലാസിക്കല്‍, ബോളിവുഡ്, ഫോക്ക്, ഗസല്‍, സൂഫി തുടങ്ങിയ എല്ലാ സംഗീത ശാഖകളിലേയും പാട്ടുകളും യുംന അനായാസം പാടും.
ഇന്ത്യയിലെ സംഗീത റിയാലിറ്റി ഷോ ആയ സീ ടിവി സരിഗമപ ലിറ്റില്‍ ചാംമ്പ്യന്‍ഷിപ്പില്‍ 2017 -ലെ റണ്ണര്‍ അപ്പ് കരസ്ഥമാക്കിയ ഈ യുവ ഗായിക അന്ന് മൊത്തം 40 സിംഗിള്‍ പാട്ടുകള്‍ പാടിയപ്പോള്‍ 28 എണ്ണത്തിനും 100 മാര്‍ക്ക് വാങ്ങി. ഇത് യുംനക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. ഇതിന് പ്രത്യേക പുരസ്കാരവും യുംനക്ക് ലഭിച്ചിരുന്നു. പ്രേക്ഷകരുടെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ വിജയിയെ കണ്ടെത്തിയപ്പോള്‍ കേരളക്കാരിയായ ഈ കൊച്ചുമിടുക്കിയെ വേണ്ട രീതിയില്‍ നമ്മള് മലയാളികള്‍ ശ്രദ്ധിക്കാതെ പോയതും തിരിച്ചടിയായി.
ഹിന്ദി റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് കരുത്തു തെളിയിച്ച മലയാളികള്‍ കുറവാണ്. എന്നാല്‍, ഉത്തരേന്ത്യക്കാര്‍ കൈയടക്കിയ ഈ വേദികളില്‍ വീറോടെ പോരോടി വിജയം വരിച്ചവരുടെ കൂട്ടത്തില്‍ എടുത്തുകാണിക്കാവുന്ന പേര് യുംനയുടേത് തന്നെയാണ്. സംഗീത ചക്രവര്‍ത്തി സാക്ഷാല്‍ എ ആര് റഹ്മാന് മുന്നില്‍ ഗാനം ആലപിച്ച് അദ്ദേഹത്തിന്റെ കൈയടി നേടാനും സാധിച്ചു യുംനക്ക്. റഹ്മാന് ഓസ്കാര്‍ അവാര്‍ഡ് നേടിക്കൊടുത്ത ജയ്ഹോ ഗാനം ആലപിച്ചാണ് യുംന പ്രശംസ നേടിയത്. റഹ്മാനും യുംനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ വിധ പ്രോത്സാഹനവും നല്കി. പാട്ടിനു ശേഷം വിശേഷങ്ങള്‍ തിരക്കി റഹ്മാന് മിടുക്കി ആയി വരട്ടെയെന്ന് അനുഗ്രഹിക്കുകയും ചെയ്തു അദ്ദേഹം. ഗസല്‍, ഹിന്ദി ക്ളാസിക്കല്‍, പാശ്ചാത്യ സംഗീതം എന്നീ വിഭാഗങ്ങളിലും വളരെയേറെ മികവാണ് യുംന പുലര്‍ത്തുന്നത്.
ബോളിവുഡ് താരങ്ങളും മറ്റും അതിഥിയായിവന്നിരുന്ന സംഗീത ഷോയില്‍ സല്മാന് ഖാന് അടക്കമുള്ള പ്രമുഖര്‍ക്ക് മുമ്പില്‍ സങ്കോചങ്ങള്‍ ഏതുമില്ലാതെ യുംന പാട്ടുകള്‍ പാടുകയും ഇവരുടെ അഭിനന്ദനങ്ങളും ഈ മലപ്പുറത്തുകാരി കൊച്ചു മിടുക്കി സ്വന്തമാക്കി.
മലപ്പുറം വേങ്ങര സ്വദേശിനിയായ യുംന തിരൂര്‍ ഫാത്തിമമാതാ സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. പാട്ടില്‍ മിടുക്കിയായ യുംനയ്ക്ക് മാതാപിതാക്കള്‍ എല്ലാ വിധ പിന്തുണയും നല്‍കുന്നുണ്ട്. പിതാവ് അജിന് ബാബുഎവിടേക്കാണെങ്കിലും യുംനയുടെ കൂടെയുണ്ടാകും. സഹോദരിയും ഏഴാംക്ലാസുകാരിയുമായ സെല്ല മെഹകും ഇപ്പോള്‍ ഒരു ഗായികയായിമാറിയിട്ടുണ്ട്. സഹോദരി റിത്യ അജിനും ബി.എസ്.സി നഴ്സിംഗ് വിദ്യാര്‍ഥിയായിരുന്നു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]