മലപ്പുറത്ത് ഹവാല പണം തട്ടിയ സംഘം പിടിയില്‍

മലപ്പുറത്ത് ഹവാല പണം തട്ടിയ സംഘം പിടിയില്‍

മലപ്പുറം: കുറ്റിപ്പുറം തങ്ങള്‍ പടിയിലെ ഹവാല പണം തട്ടിയ കേസില്‍ പ്രതികളെ കുറ്റിപ്പുറം പോലീസിന്റെ വലയില്‍. ഒരാഴ്ച മുമ്പ് തങ്ങള്‍ പടി സ്വദേശിക്ക് പണം നല്‍കാന്‍ എത്തിയ ബി പി അങ്ങാടി സ്വദേശിയില്‍ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതികളാണ് പോലീസിന്റെ പിടിയിലായത്. അടിമാലത്തൂര്‍ സ്വദേശി മുത്തപ്പന്‍ ലോറന്‍സ് (26) വിളപ്പില്‍ ശാല സ്വദേശികളായ താജുദ്ദീന്‍ (42) സുല്‍ഫി നവാസുദീന്‍ (43) പാല ചുവട് സ്വദേശി ബഷീര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഈ സംഘത്തിന്റെ തട്ടിപ്പ് രീതി പോലീസ് പറയുന്നത് ഇങ്ങനെ..
ഇവരുടെ സംഘവുമായി ബന്ധ പെട്ട ഒരാള്‍ ഗള്‍ഫിലുണ്ട്. ഇയാള്‍ ഗള്‍ഫിലെ ഹവാല ഏജന്റിനെ സമീപിച്ച് 25000 രൂപ നല്‍കി ഇത് തങ്ങള്‍ പടിയില്‍ ഹമീദ് എന്നയാള്‍ക്ക് കൊടുക്കണം എന്ന് ശട്ടം കെട്ടുന്നു. ഹമീദിന്റേത് എന്ന് പറഞ്ഞ് ഇയാള്‍ നല്‍കിയ നമ്പര്‍ തിരുവനന്തപുരത്തുള്ള ഈ സംഘാംഗത്തിന്റേതായിരിക്കും. ഗള്‍ഫില്‍ ഈ പണം നല്‍കുന്നതിന് തൊട്ട് മുമ്പ് ഇവര്‍ വളാഞ്ചേരി ഭാഗത്തെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. സംസാര ശൈലിയില്‍ സംശയം തോന്നാതിരിക്കാന്‍ ഹമീദ് എന്ന പേരില്‍ ഫോണെടുത്ത് സംസാരിക്കാനാണ് ഇന്നാട്ടുകാരായ ബഷീറിനെ ഉള്‍പ്പെടുത്തിയത്. ഇവിടത്തെ ഹവാല വിതരണക്കാരന്‍ പണം നല്‍കാനായി ഹമീദിനെ വിളിക്കുമ്പോള്‍ ബഷീര്‍ ഫോണെടുത്ത് വിതരണക്കാരനോട് കെല്‍ട്രോണിനുള്ളിലെ ആളൊഴിഞ്ഞ ഭാഗത്തെ റോഡിലേക്ക് വരാനാവശ്യപ്പെട്ടു. സ്‌കൂട്ടറില്‍ ഇവിടെയെത്തിയ വിതരണക്കാരനെ പണം നല്‍കുന്ന സമയത്ത് ഒരു കാറിലെത്തിയ സംഘം പൊലീസ് ആണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി. വിതരണക്കാരന്റെ കയ്യിലുള്ള പണം തട്ടിയെടുത്ത് കണ്ടനകം ആനക്കര റോഡില്‍ ഇറക്കിവിട്ടു. വിതരണക്കാരന്‍ വന്ന സ്‌കൂട്ടറിലെ പണമെടുത്ത ശേഷം ബഷീറും മറ്റൊരാളും തവനൂര്‍ റോഡ് ജംഗഷനില്‍ അതുപേക്ഷിച്ചു കടന്നു.
മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്ക് ഹവാല തട്ടിയതിന് കേസുണ്ട്. ആ കേസില്‍ ഇവരെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ മുങ്ങി നടക്കുകയായിരുന്നു. പെരിന്തല്‍മണ്ണക്കടുത്ത് താമസിക്കുന്ന ബഷീര്‍ നിരവധി മാലപൊട്ടിക്കല്‍ കേസിലും പ്രതിയാണ്.ഇവര്‍ നിരവധി പിടിച്ചു പറിക്കേസുകളിലും ബോംബെറിഞ്ഞ കേസുകളിലും പ്രതികളാണ്. കുറ്റിപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ശശീന്ദ്രന്‍ മേലയില്‍, എസ് ഐ മാരായ നിഷില്‍, പ്രമോദ്, എ എസ് ഐ ജയപ്രകാശ്, എസ് സി പി ഒ രാജേഷ്, ജയപ്രകാശ്, സി പി ഒ ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

 

Sharing is caring!