വാഹന മോഷണക്കേസ്:  8.20 ലക്ഷം രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു

വാഹന മോഷണക്കേസ്:  8.20 ലക്ഷം രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു

നിര്‍ത്തിയിട്ട വാഹനം മോഷണം പോയ സംഭവത്തില്‍ ആനുകൂല്യം നിഷേധിച്ച ഇന്‍ഷൂറന്‍സ് കമ്പനിയോട് വാഹന ഉടമയ്ക്ക് 8,20,000 രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. 2017 ജനുവരി 16നാണ് പരാതിക്കാരന്റെ 2015 ല്‍ വാങ്ങിയ ലോറി വീട്ടുപരിസരത്തെ റോഡരികില്‍ നിന്ന് മോഷണം പോയത്. പാണ്ടിക്കാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും വാഹനമോ മോഷ്ടാവിനേയോ കണ്ടെത്താനായില്ല. തുടര്‍ന്ന് വാഹന ഉടമ ആനുകൂല്യം ലഭിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചു. മോഷണ സമയത്ത് വാഹനത്തിന്റെ താക്കോല്‍ വാഹനത്തില്‍ തന്നെ സൂക്ഷിച്ചുവെന്നും അത്് വാഹന ഉടമയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നും വാദിച്ച്  ഇന്‍ഷൂറന്‍സ് കമ്പനി ആനുകൂല്യം നിഷേധിക്കുകയായിരുന്നു.  ഇതേ തുടര്‍ന്നാണ് വാഹന ഉടമ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. വസ്തുതകള്‍ പരിശോധിച്ച കമ്മീഷന്‍ ഇന്‍ഷുറന്‍സ് തുകയായ 7,00,000 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും കോടതി ചെലവായി 20,000 രൂപയും ഉള്‍പ്പെടെ 8,20,000 രൂപ വാഹന ഉടമയ്ക്ക് നല്‍കണമെന്നാണ് വിധിച്ചത്. വിധി ഒരു മാസത്തിനകം നടപ്പാക്കിയില്ലെങ്കില്‍ വിധി സംഖ്യയിന്മേല്‍ പലിശയും നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

Sharing is caring!