മലപ്പുറം പൂക്കോട്ടുംപാടത്ത് സെവന്‍സ് ഫുട്ബാള്‍ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം പൂക്കോട്ടുംപാടത്ത് സെവന്‍സ് ഫുട്ബാള്‍ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: സെവന്‍സ് ഫുട്‌ബോള്‍ ഗാലറി തകര്‍ന്നുവീണു നിരവധി പേര്‍ക്കു പരിക്കേറ്റു. മലപ്പുറം പൂക്കോട്ടുംപാടത്ത് ഇന്നു രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. പൂക്കോട്ടുംപാടം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്റിമേറ്റ് കള്‍ച്ചറല്‍ ക്ലബ് (ഐസിസി) സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നേരത്തെ മഴ മൂലം നിര്‍ത്തിവച്ചിരുന്നു. പിന്നീട് വീണ്ടും ആരംഭിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യാശുപത്രിയിലും നിലമ്പൂര്‍ ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും അനുമതിയില്ലാതെയാണ് ടൂര്‍ണമെന്റ് നടത്തിയതെന്നാണ് സൂചന. വിവരമറിഞ്ഞു പൂക്കോട്ടുംപാടം പോലീസ് സ്ഥലത്തെത്തി. മുളയും കമുകും കൊണ്ടു നിര്‍മിച്ച ഗാലറിയാണ് തകര്‍ന്നത്. ആയിരത്തി അഞ്ഞൂറു പേര്‍ക്കിരിക്കാന്‍ സൗകര്യമുള്ള ഗാലറിയില്‍ ഏതാണ്ടു ആയിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. മാസങ്ങള്‍ക്കു മുമ്പ് വണ്ടൂരിലും സെവന്‍സ് ഫുട്‌ബോള്‍ ഗാലറി തകര്‍ന്നു ഒട്ടേറെ പേര്‍ക്കു പരിക്കേറ്റിരുന്നു.
. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ പെയ്ത മഴയും ഗാലറിയുടെ അപകടത്തിന് കാരണമായതായാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം മഴ കാരണം മാറ്റിയ മത്സരമാണ് ഇന്ന് പൂക്കോട്ടും പാടത്ത് കെട്ടിയുണ്ടാക്കിയ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്നത്. . ഭാരം കൂടിയതോടെ മുള കൊണ്ടുണ്ടാക്കിയ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ല. കളി പുനരാരംഭിച്ചു.
മലപ്പുറത്ത് നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഗ്യാലറി തകര്‍ന്ന് വീണ് നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്ന് ആയിരത്തോളം പേര്‍ക്ക് സൗകര്യമുള്ള ഗ്രൗണ്ടില്‍ ഏഴായിരത്തോളം ആളുകളെയാണ് കളി കാണാന്‍ കയറ്റിയിരുന്നത്. മതിയായ സുരക്ഷിത്വമൊരുക്കാതിരുന്ന സംഘാടകര്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുക്കുകയായിരുന്നു.

 

Sharing is caring!