അരീക്കോട് യുവതി ഭര്‍തൃഗൃഹത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത

അരീക്കോട് യുവതി ഭര്‍തൃഗൃഹത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത

മഞ്ചേരി : അരീക്കോട് യുവതി ഭര്‍തൃഗൃഹത്തില്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അരീക്കോട് ഓടക്കയം വെറ്റിലപ്പാറ നെടുങ്കുന്നേല്‍ രാഹുലിന്റെ ഭാര്യ ആതിര (27) ആണ് മരണപ്പെട്ടത്. നാലു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ രണ്ടര വയസ്സുള്ള കുഞ്ഞും ഉണ്ട്. ഇക്കഴിഞ്ഞ മെയ് 15ന് വീട്ടില്‍ ആളില്ലാത്ത മയത്താണ് ആതിര ഇരു കൈകളിലെയും ഞരമ്പ് മുറിച്ചതും എലി വിഷം കഴിച്ചതും. ക്ഷേത്രത്തില്‍ പോയതായിരുന്ന ഭര്‍തൃമാതാവ് തിരികെ വന്നപ്പോഴാണ് ആതിരയുടെ മുറി അകത്തു നിന്നും കുറ്റിയിട്ട നിലയില്‍ കണ്ടത്. ആതിരയെ മൊബൈല്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടാതിനെ തുടര്‍ന്ന് ഭര്‍തൃപിതാവിനെ വിവരമറിയിക്കുകയായിരുന്നു. തൊട്ടടുത്ത പറമ്പില്‍ ജോലി ചെയ്തിരുന്ന തൊഴിലാളി എത്തി വാതില്‍ കുത്തി തുറന്ന് അകത്ത് കടന്നപ്പോള്‍ കുഞ്ഞിനെ മാറോടണച്ച് കിടക്കുന്ന ആതിരയെ കണ്ടുവെന്നാണ് മൊഴി. ആതിരയെ ഉടന്‍ അരീക്കോട് സ്വകാര്യ ആശുപത്രികളിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും 20ന് മരണപ്പെടുകയായിരുന്നു.
ഇരുകൈകളിലെയും ഞരമ്പ് മുറിച്ച ആതിര കുഞ്ഞിനെ മാറോടണച്ചു കിടന്നുവെന്നു പറയുന്നുവങ്കിലും കുഞ്ഞിന്റെ ദേഹത്ത് ഒരു തുള്ളി രക്തം പോലുമായതായി കണ്ടില്ലെന്നത് ദുരൂഹമാണ്. സംഭവത്തിന് രണ്ടു ദിവസം മുമ്പ് രണ്ടു സ്ത്രീകള്‍ ഇവരുടെ വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കിയതായി അയല്‍വാസികള്‍ പറയുന്നു. തുടര്‍ന്ന് പഠിക്കാന്‍ രാഹുല്‍ അനുവദിച്ചില്ലെന്ന് ആതിര ആശുപത്രിയിലെ നഴ്സുമാരോട് പറഞ്ഞതായും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. സംഭവം കേവലം ആത്മഹത്യയാക്കി ചിത്രീകരിച്ച് നടപടികള്‍ അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമമെന്നാരോപിച്ച് ജില്ലാ പൊലീസ് മേധാവിക്കും സംസ്ഥാന വനിതാ കമ്മീഷനും ആക്ഷന്‍ കമ്മറ്റി പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ കെ പി മാത്യു, വാര്‍ഡ് മെമ്പര്‍ പി എസ് ദിനേശ്, രുഗ്മിണി സാബു, ആര്‍ വിജയകുമാര്‍, ഇ ആര്‍ ലൈജു പങ്കെടുത്തു.

Sharing is caring!