കിടന്നുറങ്ങാനുള്ള കൂര തകര്‍ന്നടിയുന്നു; അപകടത്തില്‍ നിന്ന് ഇവര്‍ക്ക് രക്ഷപ്പെടാനുള്ള ഏക വഴി, ഓടി മാറുക തന്നെ..

കിടന്നുറങ്ങാനുള്ള കൂര തകര്‍ന്നടിയുന്നു; അപകടത്തില്‍ നിന്ന് ഇവര്‍ക്ക് രക്ഷപ്പെടാനുള്ള ഏക വഴി, ഓടി മാറുക തന്നെ..

അഞ്ചുപതിറ്റാണ്ടു മുന്‍പുണ്ടാക്കിയ പെരുമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ഇരട്ടവീടുകളില്‍ ഒന്നുകൂടി തകര്‍ന്നുവീണു. വെള്ളിയാഴ്ച രാത്രിയിലെ പെരുമഴയില്‍ വീട് വീഴാന്‍ തുടങ്ങിയതോടെ താമസക്കാര്‍ പുറത്തേക്കോടി. അതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.

പെരുമ്പറമ്പ് ആറുകണ്ടത്തില്‍ ഉണ്ണികൃഷ്ണന്റെ വീടാണ് തകര്‍ന്നുവീണത്. പലവട്ടം പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിനു കാരണമാകുന്നുണ്ട്. എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തിലെ പെരുമ്പറമ്പില്‍ 1972-ലാണ് 20 കുടുംബങ്ങള്‍ക്കായി പത്തു വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. ഒരു ചുമരിന് അപ്പുറവുമിപ്പുറവും രണ്ടു കുടുംബങ്ങള്‍ താമസിക്കുന്നതരത്തില്‍ 12 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

എല്ലാ വീടുകളും ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ്. പലവട്ടം പഞ്ചായത്തിലും മറ്റധികാരികള്‍ക്കുമെല്ലാം ഇവര്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഗ്രാമസഭകളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചവരുമ്പോള്‍ എല്ലാം പരിഹരിക്കുമെന്ന പതിവു മൊഴിമാത്രം നല്‍കി അധികാരികള്‍ നാടുവിടും.

കഴിഞ്ഞവര്‍ഷം ഇവയില്‍ രണ്ടെണ്ണം തകര്‍ന്നുവീണു. വയോധികയടക്കമുള്ള വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണ്. ഇവിടത്തെ ശൗചാലയങ്ങളുടെ കാര്യം അതീവ ദയനീയമാണ്. ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കണമെന്ന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതാണെങ്കിലും പെരുമ്പറമ്പില്‍ മാത്രം ഇതു പ്രാവര്‍ത്തികമായിട്ടില്ല. ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഇവര്‍ക്കെല്ലാം വീട് നല്‍കുമെന്ന് ഗ്രാമപ്പഞ്ചായത്തധികൃതര്‍ പറയുന്നുണ്ടെങ്കിലും എപ്പോള്‍ പ്രാവര്‍ത്തികമാകുമെന്നു മാത്രമറിയില്ല.

താമസക്കാരെ മാറ്റാത്തത് ഗുരുതരപ്രശ്നം

പെരുമ്പറമ്പിലെ ഇരട്ടവീടുകളെല്ലാം അതീവ ഗുരുതരാവസ്ഥയിലാണെന്ന് റവന്യൂ വകുപ്പ് കഴിഞ്ഞ വര്‍ഷം വീടു വീണപ്പോള്‍ സ്ഥലം പരിശോധിച്ച് ജില്ലാകളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ മാറ്റിപ്പാര്‍പ്പിക്കാത്തത് വലിയ അപകടത്തിനു കാരണമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ദുരന്തനിവാരണ വകുപ്പിന്റെ ഓറഞ്ച് ബുക്കിലെ നിര്‍ദേശമനുസരിച്ച് അപകടകരമായ സാഹചര്യത്തില്‍ താമസിക്കുന്നവരെയെല്ലാം മാറ്റിപ്പാര്‍പ്പിക്കണമെന്ന് തദ്ദേശസ്ഥാപന മേധാവികള്‍ക്ക് കത്ത് നല്‍കിയതാണെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും റവന്യൂ അധികാരികള്‍.

 

Sharing is caring!