വീരമ്യത്യു വരിച്ച മലപ്പുറത്തെ വീര സൈനികന്റെ വീട്ടിലേക്കുള്ള റോഡിന് ഹവീല്‍ദാര്‍ ഷൈജല്‍ റോഡ് എന്ന് നാമകരണം ചെയ്യും
മലപ്പുറം: 20 വര്‍ഷമായി സൈനികസേവനത്തില്‍ തുടരുന്നതിനിടെ വീരമ്യത്യു വരിച്ച മലയാളി വീര സൈനികന്റെ വീട്ടിലേക്കുള്ള റോഡിന് ഹവീല്‍ദാര്‍ ഷൈജല്‍ റോഡ് എന്ന് നാമകരണം ചെയ്യും
ലഡാക്കില്‍ നടന്ന വാഹനാപകടത്തില്‍ വീരമ്യത്യു വരിച്ച സൈനികനും പരപ്പനങ്ങാടി നഗരസഭാ നിവാസിയുമായിരുന്ന ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിനോടുള്ള ആദര സൂചകമായാണ് നഗരസഭയിലെ നുള്ളക്കുളം പാലിപ്പാറ റോഡിന്റെ പേര് ”ഹവില്‍ദാര്‍ ഷൈജല്‍ റോഡ് എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിനും റോഡിന് സമീപത്ത് തനത്ഫണ്ട് ഉപയോഗിച്ച് ബോര്‍ഡ് സ്ഥാപിക്കുന്നതിനും ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തിരുമാനിച്ചത്.
മലപ്പുറം പരപ്പനങ്ങാടി കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകനാണ് മുഹമ്മദ് ഷൈജല്‍.
20 വര്‍ഷമായി സൈനികസേവനത്തില്‍ തുടരുകയായിരുന്നു ഷൈജല്‍. നീണ്ടകാലം ഗുജറാത്തിലെ ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന ഷൈജല്‍ കശ്മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയാണ് അപകടം.26 സൈനികരുമായി പര്‍ഥാപുര്‍ സൈനിക ക്യാമ്പിലേക്ക് പോവുന്ന വഴി വാഹനം നദിയിലേക്ക് തെന്നിയാണ് അപകടമുണ്ടായത്.
ഷൈജലിന്റെ ചെറുപ്പത്തില്‍ത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചു. തുടര്‍ന്ന് മാതാവ് സുഹ്റയുടെയും ബന്ധുക്കളുടെയും സംരക്ഷണത്തിലാണ് ഷൈജലും സഹോദരങ്ങളായ ഹനീഫയും സലീനയും വളര്‍ന്നത്. പഠനത്തില്‍ മിടുക്കനായ ഷൈജല്‍ നാട്ടിലെ സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.ഭാര്യ റഹ്മത്ത്, പതിനൊന്ന് വയസുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസുകാരന് തന്‍സില്‍, രണ്ടര വയസുള്ള ഫാത്തിമ മഹസ എന്നിവരാണ് മക്കള്‍.
ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരണപ്പെട്ട ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന് ജന്മനാടിന്റെഅന്ത്യാജ്ഞലി അര്‍പ്പിച്ച് ജന്മനാടായ പരപ്പനങ്ങാടിയില്‍ ഓദ്യോഗിക ബഹുമതികളോടെ മേയ് 29നാണ് സംസ്കരിച്ചത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച ഷൈജലിന്റെ ഭൗതിക ശരീരം മലപ്പുറം ജില്ലാ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആംബുലന്‍സില്‍ വിലാപയാത്രയായാണ് ജന്മനാടായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയത്. മുഖ്യമന്ത്രിക്ക് വേണ്ടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ജേഷ്, കൊണ്ടോട്ടി തഹസില്‍ദാര്‍ പി.അബൂബക്കര്‍ തുടങ്ങിയവര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങി.
ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍ വി. ആര് പ്രേംകുമാര്‍ , എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍, സി.ഐ.എസ്.എഫ് കാമാന്‍ഡര്‍, മലപ്പുറം ജില്ലാ സൈനീക കൂട്ടായ്മ , എന്‍.സി.സി തുടങ്ങിയവര്‍ ഭൗതിക ശരീരത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചിരുന്നു. ഷൈജല്‍ പഠിച്ചു വളര്‍ന്ന തിരൂരങ്ങാടി യതീം ഖാനയില്‍ (പിഎസ്എംഒ കോളേജ് ക്യാമ്പസ് ) ഭൗതികശരീരം പൊതുദര്‍ശനത്തിനായി എത്തിച്ചിരുന്നു. തുടര്‍ന്ന് സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ നൂറുകണക്കിന് പേര് ഷൈജലിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന് ഒരു മണിയോടെ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലെത്തിച്ചു. ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം അങ്ങാടി മുഹയദീന്‍ ജുമാഅത്ത് പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ ഷൈജലിന്റെ മൃതദേഹം സംസ്കരിച്ചു. മദ്രാസ് ബറ്റാലിയനാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്.ഷൈജലിന്റെ മാതാവ് സുഹ്റ, ഭാര്യ റഹ്മത്ത്, മക്കളായ, ഫാത്തിമ സന്‍ഹ, മുഹമ്മദ് അന്‍സില്‍ എന്നിവര്‍ക്ക് കമാന്‍ഡന്റ് ലെഫ്റ്റനന്റ് കേണല്‍ സിദ്ധാന്ത് ചിബ്ബര്‍ ദേശീയ പതാക കൈമാറുകയും ചെയ്തിരുന്നു.
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]