കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ ക്യാമ്പിന്‍ ക്രൂ ജീവനക്കാരന്റെ ഷൂവിനുള്ളില്‍ സ്വര്‍ണം

കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ ക്യാമ്പിന്‍ ക്രൂ ജീവനക്കാരന്റെ ഷൂവിനുള്ളില്‍ സ്വര്‍ണം

മലപ്പുറം: ധരിച്ച ഷൂവിനകത്ത് രണ്ട് പാക്കറ്റുകളാക്കി കരിപ്പൂര്‍ വിമാനത്തവളം വഴി സ്വര്‍ണ്ണം ഒളിച്ച് കടത്താനുള്ള ശ്രമത്തിനിടെ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ ക്യാമ്പിന്‍ ക്രൂ കസ്റ്റംസിന്റെ പിടിയിലായി. എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ ക്യാമ്പിന്‍ ക്രൂഡല്‍ഹി ആസാദ്പൂര്‍ രാമേശ്വര്‍ നഗറിലെ നാവ്നീറ്റ് സിങ്ങ് (28) ആണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. ദുബായില്‍ നിന്നും എത്തിയ ഐഎക്സ് 356 എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. കാലില്‍ ധരിച്ച ഷൂവിനകത്ത് രണ്ട് പാക്കറ്റുകളാക്കി ഒളിച്ച് വെച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ട് വന്നത്.1399 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് കണ്ടെടുത്തത്. 63ലക്ഷം രൂപ വിലവരുന്നതാണ് സ്വര്‍ണ്ണം. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
അതേ സമയം കരിപ്പൂര്‍ വിമാനത്താവള കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയ രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി മറ്റൊരു യാത്രക്കാരനും ഇന്നു കരിപ്പൂര്‍ പോലീസിന്റെ പിടിയിലായി. കോഴിക്കോട് കൂരാച്ചുണ്ട് പാറുപറമ്പില്‍ അബ്ദുസലാം (41)ആണ് സ്വര്‍ണവുമായി പിടിയിലായത്. ഇയാളില്‍ നിന്നു ഒന്നര കോടിരൂപ വില മതിക്കുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിച്ചുവച്ചും പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികൊണ്ടുള്ള ബെല്‍റ്റിനുള്ളില്‍ അരയില്‍ കെട്ടിയുമാണ് കസ്റ്റംസിനെ വെട്ടിച്ച് ഇയാള്‍ സ്വര്‍ണം പുറത്തു കടത്തിയത്. 2018 ഗ്രാം സ്വര്‍ണം അരയില്‍ കെട്ടിയും 774 ഗ്രാം സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിച്ചുവച്ചുമാണ് കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടര്‍ന്നു നേരത്തെത്തന്നെ വിമാനത്താവളത്തിനു പുറത്തുകാത്തു നിന്ന പോലീസ് അബ്ദുസലാം
ടാക്സിയില്‍ കയറി പോകുന്നതിനിടെ വിമാനത്താവള കവാടത്തിനു പുറത്തുവച്ച് വാഹനം തടഞ്ഞു പിടികൂടുകയായിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളില്‍ സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തില്‍ കണ്ടെത്തിയത്. ബ്ഹ്റൈനില്‍ നിന്നു എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കിയ മൂന്നു ഗുളികളാണ് ഇയാളുടെ ശരീരത്തില്‍ നിന്നു കണ്ടെടുത്തത്. കസ്റ്റഡയിലെടുത്ത ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

 

Sharing is caring!