മലപ്പുറത്ത് 10വയസ്സുകാരിയെ പീഡിപ്പിച്ച 68കാരന് 10 വര്‍ഷം കഠിന തടവും പിഴയും

മലപ്പുറത്ത് 10വയസ്സുകാരിയെ പീഡിപ്പിച്ച 68കാരന് 10 വര്‍ഷം കഠിന തടവും പിഴയും

മലപ്പുറം: പത്തുവയസ്സുകാരിയെ പ്രതിയുടെ വീടിന്റെ കിടപ്പുമുറിയില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കുകയും തുടര്‍ന്നു സമാനമായ പീഡനം തുടരുകയും ചെയ്ത കേസില്‍ 68കാരന് 10 വര്‍ഷം കഠിന തടവും പിഴയും. മലപ്പുറത്ത് പത്തുവയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച 68കാരനെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയാണ് പത്തു വര്‍ഷം കഠിന തടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. മലപ്പുറം കാളികാവ് മമ്പാട്ടുമൂല വെണ്ണീറംപൊയില്‍ നീലങ്ങാടന്‍ മുഹമ്മദ് (68)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. 2015 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം. പത്തുവയസ്സുകാരിയെ പ്രതിയുടെ വീടിന്റെ കിടപ്പുമുറിയില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. പരാതിയെ തുടര്‍ന്ന് 2015 മെയ് ആറിന് കാളികാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇന്‍സ്പെക്ടര്‍ കെ സി ബാബു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷ പി ജമാല്‍ ഹാജരായി. എഎസ്ഐ ശാരദ രാജന്‍ കൊളക്കാടന്‍ ആയിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്സന്‍ ഓഫീസര്‍.
ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം ബലാല്‍സംഗം ചെയ്തതിന് ഏഴു വര്‍ഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, പോക്സോ ആക്ടിലെ ആറാം വകുപ്പ് പ്രകാരം പത്തു വര്‍ഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, ഇതേ ആക്ടിലെ പത്താം വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിന തടവ്, 20000 രൂപ പിഴ പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. റിമാന്റ് കാലാവധി ശിക്ഷയായി പരിഗണിക്കാനും കോടതി ഉത്തരവിട്ടു.

Sharing is caring!