മഴ മുന്നറിയിപ്പ്: അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാഭരണകൂടം

മഴ മുന്നറിയിപ്പ്: അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാഭരണകൂടം

മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍  ഏകോപനത്തോടെ പ്രവര്‍ത്തിക്കാന്‍ വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് കലക്ടറുടെ നിര്‍ദേശം. ജില്ലയില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.   അടിയന്തര സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സംവിധാനമുണ്ടാക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വള്ളങ്ങള്‍ സജ്ജമാക്കാനും അവ ആവശ്യമുള്ള സ്ഥലങ്ങളില്‍ എത്തിക്കാനും ഫിഷറീസ്, ഗതാഗത വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വനമേഖലയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാന്‍ വനം വകുപ്പുമായി ചേര്‍ന്ന് ആശയവിനിമയ സംവിധാനമൊരുക്കും. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കും. ദുരന്ത സാഹചര്യങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും.

നദികളിലെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്  കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനായി തദ്ദേശ   ഭരണസ്ഥാപനങ്ങളുടെ സഹായം ഉറപ്പാക്കും. ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള മുന്‍കരുതല്‍ നടപടികള്‍ ഓരോ വകുപ്പുകളും സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ജൂണ്‍ 25 ന് പുതുക്കിയ ഓറഞ്ച് ബുക്ക് പുറത്തിറക്കും.   അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ടീം ജില്ലയില്‍ ക്യാമ്പ് ചെയ്യും. ജില്ലയിലെ  ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാകലക്ടര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ അശ്വിന്‍ കുമാര്‍, സൗത്ത് ഡി.എഫ്.ഒ പി. പ്രവീണ്‍, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ കെ.പി ജയകുമാര്‍, റവന്യൂ റിക്കവറി വിഭാഗം ഡപ്യൂട്ടി കലക്ടര്‍ എം.സി റജില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ സംസ്ഥാന തല അവലോകന യോഗത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നത്.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം

മഴപെയ്യുന്ന സാഹചര്യത്തില്‍ ജലജന്യ, കൊതുക്ജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക  അറിയിച്ചു. മഴപെയ്ത് തുടങ്ങിയതോടെ ജില്ലയുടെ പലഭാഗങ്ങളിലും ഡെങ്കിപനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായ രോഗബാധയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈവര്‍ഷം ഡെങ്കി, എലിപ്പനി രോഗങ്ങള്‍ കൂടുതല്‍ ഉണ്ടാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അതിനാല്‍ പരിസര ശുചീകരണം അടക്കമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍  കൃത്യമായി   നടത്തി എലി, കൊതുക്, ഈച്ച മുതലായവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം.
കൊതുകിന്റെ ഉറവിടം നശിപ്പിക്കണം, കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കര്‍ശനമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. എലിപ്പനി സാധ്യതയുള്ള പ്രദേശങ്ങള്‍, അത്തരം സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍, കൃഷിക്കാര്‍, വെള്ളത്തില്‍ ഇറങ്ങി ജോലി ചെയ്യേണ്ടി വരുന്നവര്‍, മഴ വെള്ളത്തിലും ചെളി വെള്ളത്തിലും കളിക്കുന്ന കുട്ടികള്‍  എന്നിവര്‍  പ്രത്യേകം രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കണം. പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് എലിപ്പനി പ്രതിരോധത്തിനായി         ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടും ചുറ്റുപാടുകളും തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളും കൊതുക്, ഈച്ച, എലി എന്നിവ വളരുന്ന സാഹചര്യം ഒഴിവാക്കുന്ന വിധത്തില്‍ മാലിന്യം നീക്കം ചെയ്തു ശുചിത്വം ഉറപ്പാക്കണം.

ഡെങ്കിപ്പനി

കൊതുക് ജന്യരോഗമായ ഡെങ്കിപ്പനി ഒരു വൈറസ് രോഗമാണ്. ഈഡിസ്  വിഭാഗത്തില്‍ പെട്ട പെണ്‍കൊതുകുകള്‍ ആണു ഈരോഗം ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകര്‍ത്തുന്നത്. കോവിഡ് രോഗത്തിന്റെ പല ലക്ഷണങ്ങളും ഡെങ്കിപ്പനിയില്‍ ഉണ്ടാവുന്നതിനാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവുന്നു. നേരത്തെ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗി അപകട അവസ്ഥയില്‍ ആവുന്നതിനും മരണം സംഭവിക്കാനും സാധ്യത ഉണ്ട്. വീടിനു അകത്തും പുറത്തും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക, കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുക എന്നിവയാണു സ്വീകരിക്കേണ്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍.

എലിപ്പനി

സ്‌പൈറൊക്കീറ്റ്‌സ്  വിഭാഗത്തില്‍ പെട്ട ബാക്റ്റീരിയ മൂലം ആണു എലിപ്പനി രോഗം ഉണ്ടാവുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെ ജലാശയങ്ങളില്‍ എത്തുന്ന ഈ രോഗാണു ആ ജലവുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ ശരീരത്തില്‍ എത്തി അവര്‍ രോഗബാധിതര്‍ ആവുന്നു. പനി, തലവേദന, മൂത്രത്തിനു നിറവ്യത്യാസം തുടങ്ങിയവയാണു പ്രധാന രോഗലക്ഷണങ്ങള്‍. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ ശ്രദ്ധിക്കുക, അഥവാ വെള്ളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ അതിനുശേഷം കാലുകള്‍ സോപ്പ് ഉപയോഗിച്ച്  ചൂടു വെള്ളത്തില്‍ കഴുകുക, കാലിലെ മുറിവുകള്‍ ശരിയായി ഡ്രസ് ചെയ്തതിനു ശേഷം മാത്രം വെള്ളത്തില്‍ ഇറങ്ങുക. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുക, എലി പെറ്റുപെരുകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവയാണു പ്രധാന പ്രതിരോധമാര്‍ഗങ്ങള്‍.

മഞ്ഞപ്പിത്തം(ഹെപ്പറ്റൈറ്റിസ്- എ)

ജലത്തിലൂടെ പകരുന്ന ഒരു വൈറസ് രോഗം ആണിത്. രോഗിയുടെ മലത്തിലൂടെ പുറത്തു വരുന്ന രോഗാണു എതെങ്കിലും മാര്‍ഗത്തിലൂടെ വെള്ളത്തിലോ, ഭക്ഷണ സാധനങ്ങളിലോ എത്തിപ്പെടുകയും ആയതിലൂടെ വേറൊരു വ്യക്തിയില്‍ എത്തുകയും ചെയ്യുന്നു. മലവിസര്‍ജനം ശുചിത്വമുറികളില്‍ മാത്രം നിര്‍വഹിക്കുക, കൈകള്‍ ശരിയായി കഴുകുക, ഭക്ഷണസാധനങ്ങള്‍ അടച്ചുവെക്കുക, തണുത്തതും തുറന്നുവെച്ചിരിക്കുന്നതുമായ ഭക്ഷണം ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഈച്ച വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങള്‍.

Sharing is caring!