ഷാബാ ഷരീഫിന്റെ കൊലപാതകം: ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ഷാബാ ഷരീഫിന്റെ കൊലപാതകം: ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

നിലമ്പൂര്‍: മൈസൂര്‍ സ്വദേശി വൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതക കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലമ്പൂര്‍ സ്വദേശികളായ കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നേക്കാടന്‍ ഷമീം എന്ന പൊരി ഷമീം (32), പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍ (30), കൂത്രാടന്‍ മുഹമ്മത് അജ്മല്‍ ( 30) വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷഫീക്ക് (28) എന്നിവര്‍ക്കു വേണ്ടിയാണ് പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സബാഷരീഫിനെ മാസങ്ങള്‍ തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ധിച്ച് കൊന്ന് വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കിയ കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ എല്ലാ ക്രൂരകൃത്യങ്ങള്‍ക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്നവരാണ് പ്രതികള്‍. കേസില്‍ മൊത്തം ഒമ്പത് പ്രതികളാണുള്ളത്. മുഖ്യ പ്രതി നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്റഫ്(37),ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36),ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ്(32)കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്(41)എന്നിവരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ബാക്കി അഞ്ച് പ്രതികളൈ കണ്ടെത്താനാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.ഒളിവില്‍ പോയ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇതേ തുടര്‍ന്നാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. അതേ സമയം ഒളിവിലുള്ള പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട് .
പ്രതികള്‍ മുങ്ങിയത് പാസ്പോര്‍ട്ടുമായാണ്.പാസ്പോര്‍ട്ട് കൈവശമുള്ളതിനാല്‍ വിസിറ്റിങ് വിസയില്‍ വിദേശത്തേക്ക് പോവാന്‍ പ്രയാസമില്ല.
മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന് വ്യവസായ ശൃംഖലയുള്ള അബൂദബിയില്‍ ഇവര്‍ക്ക് കാര്യമായ ബന്ധങ്ങളുണ്ട്. അഞ്ചുപേരും നേരത്തെ അബൂദബിയിലെ ഷൈബിന്റെ കമ്പനിയില്‍ ജോലി ചെയ്തവരാണ്. കേസുള്ളതിനാല്‍ ഷൈബിന് മാത്രമാണ് അബൂദബിയില്‍ വിലക്കുള്ളത്.സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഷൈബിന്‍ അഷ്റഫ് പിടിയിലായതോടെ സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളങ്ങള്‍ വഴി പ്രതികള്‍ക്ക് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ട്.
കൊട്ടഷന്‍ സംഘത്തില്‍പ്പെട്ടവരും വധശ്രമം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുമാണ് ഒളിവില്‍ കഴിയുന്നത്. . ഷാബാ ശെരീഫിന്റെ കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി പോലീസ് ഉറപ്പിച്ചിട്ടുണ്ട് .ഒളിലുള്ള പ്രതികളില്‍ ഷൈബിന്‍ അഷ്റഫിന്റെ അടുത്ത ബന്ധുവും വിശ്വസ്തനുമായ കൈപ്പഞ്ചേരി ഫാസിലിന്റെ നിലമ്പൂര്‍ ഇയ്യംമടയിലെ വീട്ടിലും കുന്നേക്കാടന്‍ ഷമീമിന്റെ നിലമ്പൂര്‍ മുക്കട്ട പഴയ പോസ്റ്റ് ഓഫിസിന് സമീപമുള്ള വീട്ടിലും പൊലീസ് പരിശോധന നടത്തിരുന്നു.

 

Sharing is caring!