ട്രെയിന്‍ യാത്രക്കാരിയുടെ മോഷ്ടിക്കപ്പെട്ട ബാഗ് പോലീസ് കണ്ടെത്തി

ട്രെയിന്‍ യാത്രക്കാരിയുടെ മോഷ്ടിക്കപ്പെട്ട ബാഗ് പോലീസ് കണ്ടെത്തി

തിരൂര്‍: തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ വെച്ച് അധ്യാപികയായ യാത്രക്കാരിയുടെ മൊബൈല്‍ഫോണും സര്‍ട്ടിഫിക്കറ്റുകളുമടങ്ങിയ ബാഗ് കഴിഞ്ഞ വ്യാഴാഴ്ച മോഷ്ടിക്കപ്പെട്ടിരുന്നു. വളരെ വിലപ്പെട്ട സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടതില്‍ യാത്രക്കാരി തിരൂര്‍ പോലീസിനെ സമീപിച്ച് പരാതി നല്‍കി. തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനിലെയും സമീപ ഷോപ്പുകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതി ബാഗ് മോഷ്ടിച്ച് കടന്നു കളയുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പരിശോധിച്ച് പിന്‍തുടര്‍ന്നതില്‍ വണ്ടിപ്പേട്ടക്ക് സമീപത്തെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബില്‍ഡിംഗിന്റെ മൂന്നാം നിലയില്‍ നിന്നും ബാഗ് കണ്ടെടുക്കുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് അധ്യാപികയ്ക്ക് തിരികെ നല്‍കി. പ്രമോഷനുള്‍പ്പെടെ സര്‍വ്വീസില്‍ വളരെ വിലപ്പെട്ട ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടിയതില്‍ തിരൂര്‍ പോലീസിന് അധ്യാപിക നന്ദിയറിയിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു. തിരൂര്‍ സി.ഐ ജിജോയുടെ നിര്‍ദ്ദേശപ്രകാരം എസ്.ഐ അബ്ദുള്‍ ജലീല്‍ കറുത്തേടത്ത് , പി.ഡി ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജിത്ത്.കെ.കെ, ധനേഷ്, വിജീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.

 

Sharing is caring!