അന്വേഷണാത്മക പത്രപ്രവര്‍ത്തകനുള്ള ജോയ് വര്‍ഗീസ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം വി.പി. നിസ്സാറിന്

അന്വേഷണാത്മക പത്രപ്രവര്‍ത്തകനുള്ള ജോയ് വര്‍ഗീസ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം വി.പി. നിസ്സാറിന്

മലപ്പുറം: ജോയ് വര്‍ഗീസ് ഫൗണ്ടേഷന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി. നിസ്സാറിന്. 15001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം മേയ് 19 ന് വൈകീട്ട് ആറിന് ആലപ്പുഴ വൈ.എം.സി.എ. ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമ്മാനിക്കും. മുന്‍ മന്ത്രി ജി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ 31 എന്‍ട്രികളില്‍ നിന്നാണ് വിജയിയെ കണ്ടെത്തിയത്.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ദുരിതം അനുഭവിക്കുന്ന ട്രാന്‍സ്ജെന്‍ഡറുകളെ കുറിച്ച് 2021 ഡിസംബര്‍ 22മുതല്‍ അഞ്ചു ലക്കങ്ങളിലായി പ്രസിദ്ദീകരിച്ച ‘ഉടലിന്റെ അഴലളവുകള്‍’ എന്ന വാര്‍ത്താലേഖന പരമ്പരക്കാണ് അവാര്‍ഡ് ലഭിച്ചത്.
മനോരമ മുന്‍ ന്യൂസ് കോ- ഓര്‍ഡിനേറ്റര്‍ ക്രിസ് തോമസ്, മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ കെ.ജി. ജ്യോതിര്‍ ഘോഷ്, ദി ഹിന്ദു മുന്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ രാധാകൃഷ്ണന്‍ കുറ്റൂര്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
സംസ്ഥാന നിയമസഭയുടെ ഇ.കെ. നായനാര്‍ മാധ്യമ അവാര്‍ഡ്, ആര്‍.ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ്, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ അച്ചടി മാധ്യമ പുരസ്‌കാരം, രണ്ടുതവണ സംസ്ഥാന സര്‍ക്കാരിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, സ്റ്റേറ്റ്‌സ്മാന്‍ ദേശീയ മാധ്യമ അവാര്‍ഡില്‍ ഒന്നാംസ്ഥാനം, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന്‍ മാധ്യമ അവാര്‍ഡ്, പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ സി.ഹരികുമാര്‍ മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്, സി.കൃഷ്ണന്‍നായര്‍മാധ്യമ അവാര്‍ഡ്, രണ്ടുതവണ പ്രേംനസീര്‍ സൗഹൃദ്‌സമിതിയുടെ മാധ്യമ അവാര്‍ഡ്, തിക്കുറുശി മാധ്യമ അവാര്‍ഡ്, നടി ശാന്താദേവിയുടെ പേരില്‍നല്‍കുന്ന 24ഫ്രൈം മാധ്യമ അവാര്‍ഡ്,ഇന്‍ഡൊഷെയര്‍ എ.എസ്. അനൂപ് സ്മാരക മാധ്യമ അവാര്‍ഡ് തുടങ്ങിയ 17 പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. മലപ്പുറം കോഡൂര്‍ വലിയാട് മൈത്രി നഗര്‍ സ്വദേശിയാണ്.

 

Sharing is caring!