വിദേശകടം വാങ്ങി കെ. റെയില്‍ നടപ്പാക്കിയാല്‍ കേരളത്തെ കാത്തിരിക്കുന്നത് ശ്രീലങ്കക്ക് സംഭവിച്ച ദുരന്തം: ആര്യാടന്‍ ഷൗക്കത്ത്

വിദേശകടം വാങ്ങി കെ. റെയില്‍ നടപ്പാക്കിയാല്‍ കേരളത്തെ കാത്തിരിക്കുന്നത് ശ്രീലങ്കക്ക് സംഭവിച്ച ദുരന്തം: ആര്യാടന്‍ ഷൗക്കത്ത്

കോഴിക്കോട്: വിദേശകടം വാങ്ങി കെ. റെയില്‍ പദ്ധതി നടപ്പാക്കിയാല്‍ കേരളത്തെ കാത്തിരിക്കുന്നത് ശ്രീലങ്കക്ക് സംഭവിച്ച ദുരന്തമായിരിക്കുമെന്ന് സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്. കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയാണ് രണ്ടു ലക്ഷം കോടിയിലേറെ ചെലവു വരുന്ന കെ. റെയില്‍ലെന്നും ആരോപിച്ചു. നവകേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞവര്‍ കേരളത്തെ ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് നയിക്കുന്നത്.
‘കെ റെയില്‍ വേഗതയല്ല വേദനമാത്രം’ എന്ന മുദ്രാവാക്യവുമായി സംസ്‌ക്കാര സാഹിതി സാംസ്‌ക്കാരിക യാത്രക്ക് കല്ലായി വട്ടക്കിണറില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ആര്യാടന്‍ ഷൗക്കത്ത്. ഇ.എം.എസ് മുതല്‍ 2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വരെ 1,60638 കോടി രൂപയാണ് കടം വാങ്ങിയിരുന്നെങ്കില്‍ പിണറായി വിജയന്റെ 6 വര്‍ഷത്തെ ഭരണം കൊണ്ട് കേരളത്തിന്റെ കടബാധ്യത 3,20,486 കോടി രൂപയായി കുത്തനെ കൂടി. ആളോഹരി കടം ഒരു ലക്ഷം രൂപക്കടുത്താണ്. കെ. റെയില്‍ കേരളത്തെ സാമ്പത്തികമായി മാത്രമല്ല, പാരിസ്ഥിതികമായും തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വീകരണയോഗം ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് യു.കെ കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. നാടിനും സമൂഹത്തിനും അപകടം വരുമ്പോള്‍ മുന്നറിയിപ്പു നല്‍കേണ്ടവരാണ് കലാകരന്‍മാരും എഴുത്തുകാര്‍. കെ. റെയിലില്‍ നിസംഗത പാലിക്കുന്ന എഴുത്തുകാര്‍ പാപികളാണെന്നും അദ്ദേഹം വ്യക്തമാക്കി. ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. റാസിക്ക് ആധ്യക്ഷം വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റന്‍ സംസ്‌ക്കാര സാഹിതി കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാം, കെ.സി അബു, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോട്ട്, വി.അബ്ദുല്‍റസാഖ്, ബൈജു കാളകണ്ടി പ്രസംഗിച്ചു.
പൂക്കാട്ട് കാട്ടില്‍പീടികയില്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. മനോജ് കാപ്പാട് ആധ്യക്ഷം വഹിച്ചു. ടി.ടി ഇസ്മയില്‍, ഷബീര്‍ എളമനകണ്ടി, എന്‍.വി ബിജു, രാജേഷ് കീഴരിയൂര്‍, ടി.വി മുരളി, മുരളി പൊയില്‍ക്കടവ് പ്രസംഗിച്ചു. വടകര ബസ് സ്റ്റാന്റ് പരിസരത്തെ സമാപനസമ്മേളനം മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ മടപ്പള്ളി ആധ്യക്ഷം വഹിച്ചു. ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച തെരുവുനാടകം ‘കലികാലക്കല്ല്’ അവതരിപ്പിച്ചു.

 

Sharing is caring!