എന്‍.വി ഇബ്രാഹിം മാസ്റ്റര്‍ ജീവിതവും സന്ദേശവും കവര്‍ പേജ് പ്രകാശനം ചെയ്തു

എന്‍.വി ഇബ്രാഹിം മാസ്റ്റര്‍ ജീവിതവും സന്ദേശവും കവര്‍ പേജ് പ്രകാശനം ചെയ്തു

മലപ്പുറം: എന്‍.വി ഇബ്രാഹീം മാസ്റ്റര്‍ ജീവിതവും സന്ദേശവും എന്ന പുസ്തകത്തിന്റെ കവര്‍ പേജ് പ്രകാശനം മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പിന്നോക്ക ജനവിഭാഗങ്ങളുടെയും പ്രദേശങ്ങളുടെയും വിദ്യാഭ്യാസമുന്നേറ്റവും വികസനവും ജീവിതദൗത്യമായി ഏറ്റെടുത്ത നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നു എന്‍.വി ഇബ്രാഹീം മാസ്റ്റര്‍ എന്ന് തങ്ങള്‍ പറഞ്ഞു. മാനവ വിമോചനത്തിന്റെ ആത്യന്തികമായ ആയുധം വിദ്യാഭ്യാസവും അറിവുമാണെന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ച ഭരണാധികാരിയായിരുന്നുഅദ്ദേഹമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.
ദേശത്തിനും സമൂഹത്തിനും സമുദായത്തിനും വഴികാണിച്ച ഇബ്രാഹീം മാസ്റ്ററുടെ ജീവിതത്തില്‍ ഒപ്പം നടന്നവരും ഒപ്പം പ്രവര്‍ത്തിച്ചവരും ശിഷ്യരും നേരിലറിഞ്ഞവരും ആ ജീവിതത്തിന്റെ നേരും പൊരുളറിഞ്ഞവരും തങ്ങളുടെ അനുഭവങ്ങളും ഓര്‍മകളുടെയും പങ്കുവെയ്പ്പാണ് പുസ്തകം. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി 2003 ല്‍ അരീക്കോട്ട് രൂപീകരിച്ച് സന്നദ്ധസംഘടനയായ ഇബ്രാഹീം മാസ്റ്റര്‍ ഫൗണ്ടേഷന്‍ അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍ (ഇംഫാസ്) ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ചടങ്ങില്‍ പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍ സി.പി സൈതലവി, ഇംഫാസ് ചെയര്‍മാന്‍ എ.പി വീരാന്‍കുട്ടി ഹാജി, ഡയറക്ടര്‍ കെ.സഫറുല്ല, അഡൈ്വസറി ബോഡ് ചെയര്‍മാന്‍ ഡോ. പി.പി അബ്ദുല്‍ ഹഖ്, അക്കാദമിക്ക് ബോഡ് ചെയര്‍മാന്‍ ഡോ. കെ. മുഹമ്മദ് ഇസ്മായില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി.വി മനാഫ്, ഇംഫാസ് വൈസ് ചെയര്‍മാന്‍ സി. അബ്ദുറഹ്മാന്‍, പി.കെ ഷഫീഖലി, മലിക് നാലകത്ത്, എം.പി.ഷൗക്കത്തലി പങ്കെടുത്തു.

Sharing is caring!