18മുസ്ലിംപള്ളികളില്‍ നിന്നായി രാഗേഷ് ബാബുവിന്റെ ചികിത്സക്കായി പണം സമാഹരിച്ചു

18മുസ്ലിംപള്ളികളില്‍ നിന്നായി രാഗേഷ് ബാബുവിന്റെ ചികിത്സക്കായി പണം സമാഹരിച്ചു

മലപ്പുറം: വൃക്കരോഗിയായ രാഗേഷ് ബാബുവിനായി കൈക്കോര്‍ത്ത് മലപ്പുറത്തെ മുസ്ലിം പള്ളികള്‍. മലപ്പുറം നഗരസഭാ പരിധിയിലെ 18 പള്ളികളില്‍ നിന്നാണ് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം രാഗേഷ് ബാബുവിനായി തുക സമാഹരിച്ചത്. 1,32,340 രൂപയാണ് ഇത്തരത്തില്‍ സമാഹരിച്ചത്. മലപ്പുറം ഹാജിയാര്‍പള്ളി സ്വദേശിയായ രാഗേഷ് ബാബു (38)വിന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടിയാണ് തുക സമാഹരണം നടത്തിയത്.

വൃക്ക രോഗിയായ ഇദ്ദേഹം 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാവിന്റെ വൃക്ക സ്വീകരിച്ചിരുന്നു. അന്ന് വീട് വിറ്റാണ് ചികിത്സാ ചെലവ് കണ്ടെത്തിയത്. ഇതിന് ശേഷം ഓട്ടോ ഓടിച്ചും സ്‌കൂള്‍ ബസ് ഡ്രൈവറായും രാഗേഷ് ജോലി നോക്കി. എന്നാല്‍ ഒരു വര്‍ഷം മുമ്പ് കൊവിഡ് ബാധിച്ചതോടെ വീണ്ടും ദുരിതത്തിലായി. വൃക്ക പൂര്‍ണമായും തകരാറിലാകുകയായിരുന്നു.

സഹോദരനാണ് ഇത്തവണ വൃക്ക ദാനം നല്‍കിയത്. സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭ്യമാകുമായിരുന്നുവെങ്കിലും സ്ഥിതി മോഷമായതോടെ കഴിഞ്ഞ ദിവസം അടിയന്തിരമായി വൃക്ക മാറ്റിവെക്കുകയാണുണ്ടായത്. സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവവസ്ഥയാണ്.

പക്ഷെ അത്രക്ക് കാലം കാത്തിരുന്നാല്‍ ജീവന്‍ അപകടത്തിലാകുമെന്ന അവസ്ഥയായതോടെയാണ് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തിലാണ് തുക സമാഹരണം നടത്തിയത്. നിലവില്‍ 15 ലക്ഷത്തോളം രൂപയാണ് ചികിത്സക്കായി പ്രതീക്ഷിക്കുന്നത്. ഇനിയും തുക ആവശ്യമായിവരുന്ന അവസ്ഥയാണ്

 

Sharing is caring!