പി.സി ജോര്‍ജിന്റേത് സമൂഹത്തിനെതിരായ യുദ്ധപ്രഖ്യാപനം: പി.കെ കുഞ്ഞാലിക്കുട്ടി

പി.സി ജോര്‍ജിന്റേത് സമൂഹത്തിനെതിരായ യുദ്ധപ്രഖ്യാപനം: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിവിധ മതസമൂഹങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.സി ജോര്‍ജിന്റേത് കേരളത്തിലെ മതേതര സമൂഹത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ്.ഇത് വിജയിക്കാന്‍ പോകുന്നില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന തരത്തില്‍ വര്‍ഗീയത വളര്‍ത്തി അത് വോട്ടാക്കി മാറ്റാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. വിദ്വേഷ പ്രസംഗവും അതിനെതുടര്‍ന്നുണ്ടായ ബി.ജെ.പിയുടെ പ്രതികരണങ്ങളും കാണുമ്പോള്‍ ഇത് ബോധപൂര്‍വമായ ശ്രമം തന്നെയാണെന്നാണ് തോന്നുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി.സി ജോര്‍ജിനെതിരായ നടപടി സര്‍ക്കാര്‍ ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. ഇത്തരം വിദ്വേഷ, വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും നടപടിയെടുക്കണം. ഏത് സര്‍ക്കാരാണെങ്കിലും കേരളത്തില്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശനനടപടിയാണ് സ്വീകരിക്കുക. വാര്‍ത്താ മാധ്യമങ്ങള്‍ ഇത്തരം സംഗതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും മിതത്വം പാലിക്കണം.
സമൂഹത്തെ ഭിന്നിപ്പിക്കാന്‍ തരംതാണ അല്പത്തമാണ് നടക്കുന്നത്. യു.ഡി.എഫ്, എല്‍.ഡി.എഫ് വ്യത്യാസമില്ലാതെ കേരള സമൂഹം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കും. വിദ്യാസമ്പന്നരായ ജനങ്ങളുള്ള കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഈ സമവാക്യം ഫലിക്കില്ല. അറപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം എന്തിനാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്ന് കേരളീയ സമൂഹം ചിന്തിക്കും. ശബരിമല വിഷയം വര്‍ഗീയമായി ഏറ്റെടുത്തിട്ട് പോലും കേരളത്തില്‍ ബി.ജെ.പിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒന്നും നടക്കാത്തതു കൊണ്ടാണ് പച്ചക്ക് വര്‍ഗീയത പറയുന്നത്. തീവ്രവികാരം കത്തിച്ച് അതില്‍നിന്ന് നേട്ടം കൊയ്യാമെന്ന് കരുതുന്നത് കേരളത്തില്‍ നടപ്പാകില്ല. അത്‌കൊണ്ടാണ് കേന്ദ്ര മന്ത്രി പോലും വികാരം പൂണ്ട് ബഹളം വെക്കുന്നത്.
സമാധാനം കാംക്ഷിക്കുന്ന കേരളീയ സമൂഹം ഇത്തരം വിദ്വേഷങ്ങളെ ചെറുത്ത് തോല്‍പ്പിക്കും. ഭൂരിപക്ഷ വര്‍ഗീയത മത്രമല്ല കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയും യാതൊരു വേരോട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. ഇത്തരം വിദ്വേഷ പ്രസംഗം ആര് നടത്തിയാലും ആളുടെ വലിപ്പം നോക്കാതെ നടപടി സ്വീകരിക്കണമെന്നും കേരളത്തിന്റെ സെക്യുലര്‍ മനസ്സിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Sharing is caring!