ചെറുമണ്ണിലെ അഹമ്മദ് കോയയുടെ പ്രിയപ്പെട്ട വളര്‍ത്തുപോത്തിനെ ലേലം ചെയ്തു

ചെറുമണ്ണിലെ അഹമ്മദ് കോയയുടെ പ്രിയപ്പെട്ട വളര്‍ത്തുപോത്തിനെ ലേലം ചെയ്തു

മലപ്പുറം: ചെറുമണ്ണിലെ അഹമ്മദ് കോയയുടെ പ്രിയപ്പെട്ട വളര്‍ത്തുപോത്തിനെ ലേലം ചെയ്തു. കഴിഞ്ഞ ദിവസം മരണപ്പെട്ട എടവണ്ണ സ്വദേശി അഹമ്മദ് കോയയും മോനു എന്ന പോത്തും തമ്മിലുള്ള ആത്മബന്ധം നാട് അറിഞ്ഞതാണ്. ഒരു കുടുംബാംഗത്തെ പോലെയാണ് അഹമ്മദ് കോയ മോനുവിനെ പരിപാലിച്ചു വളര്‍ത്തി വലുതാക്കിയത്. കഴിഞ്ഞദിവസം കാളികാവില്‍ നടന്ന അപകടത്തില്‍ അഹമ്മദ് കോയയ്ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
പോത്തിന് ഒരു വയസ് പ്രായമുള്ളപ്പോഴാണ് കോയ വാങ്ങുന്നത്. ഇപ്പോള്‍ മോനുവിന് ആയിരത്തിലധികം തൂക്കമുണ്ട്. കോയയുടെ അപ്രതീക്ഷിത മരണത്തോടെ പോത്തിനെ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ലേലം നടത്താന്‍ തീരുമാനിച്ചത്. എടവണ്ണയില്‍ ലേലം ചെയ്യുകയും മമ്പാട് സ്വദേശി പാലക്കോടന്‍ ജുനൈസ് മോനുവിനെ സ്വന്തമാക്കുകയുമായിരുന്നു.

കോയ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിരവധി പോത്ത് പ്രേമികള്‍ മോനുവിന് മോഹവില പറഞ്ഞിരുന്നെങ്കിലും ഇരുവരെയും പിരിക്കാന്‍ സാധിച്ചിരുന്നില്ല. മോനുവിനായി എത്തുന്നവരെ കോയ മടക്കി വിടുകയായിരുന്നു പതിവ്. കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ ഒമ്പതുപേരാണ് പങ്കെടുത്തത്. ഒടുവില്‍ മൂന്നു ലക്ഷം രൂപയ്ക്കാണ് മോനു എന്ന പോത്തിനെ പാലക്കോടന്‍ ജുനൈസ് വാങ്ങിയത്. എടവണ്ണ ഗ്രാമപഞ്ചായത്ത് അംഗം ഇ സുല്‍ഫിക്കര്‍ ലേല നടപടി നിയന്ത്രിച്ചു.

കോയയുടെ മകള്‍ തന്നെ പോത്തിനെ പുതിയ ഉടമയ്ക്ക് കൈമാറി. ലേലത്തില്‍ നിന്നും ലഭിക്കുന്ന തുക കൊണ്ട് കോയയുടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ബാക്കി തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചെലവഴിക്കും. വലിയ സങ്കടത്തോടെയാണ് പുതിയ ഉടമയ്ക്ക് കോയയുടെ മക്കള്‍ പോത്തിനെ കൈമാറിയത്.

Sharing is caring!