വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അകത്ത് കയറി; മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന്‍ സ്വര്‍ണവും അര ലക്ഷവും കവര്‍ന്നു

വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അകത്ത് കയറി; മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന്‍ സ്വര്‍ണവും അര ലക്ഷവും കവര്‍ന്നു

മലപ്പുറം: പുത്തനത്താണി ചന്ദനക്കാവ് ക്ഷേത്രത്തിന് സമീപം പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണ്ണവും 50, 000 രൂപയും മോഷ്ടിച്ചു. പരേതനായ കാഞ്ഞീരി ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് പോയ സമയത്ത് മോഷണം നടന്നത്. മോഷണ ദിവസം വൈകീട്ടോടെയാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ മിനിയും മക്കളും സ്വന്തം വീടായ തിരുനാവായയിലേക്ക് വീടുപൂട്ടിപോയത്.

രാവിലെ ആറോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. തുടര്‍ന്ന് കല്‍പകഞ്ചേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാവ് താഴത്തെ നിലയിലെ മുഴുവന്‍ വാതിലുകളും തകര്‍ത്താണ് മോഷണം നടത്തിയത്. മകളുടെ വിവാഹത്തിനായി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. വിഷുവിന് കണികാണാനായി ഉരുളിയില്‍ സൂക്ഷിച്ച സ്വര്‍ണ മോതിരവും കവര്‍ന്നിട്ടുണ്ട്. കിടപ്പ് മുറികളിലെ അലമാറകളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. കല്‍പകഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മലപ്പുറത്ത് നിന്നെത്തിയ ഡോഡ് സ്‌ക്വാഡിലെ ചാര്‍ലി എന്ന നായ മണം പിടിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ നടന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടിന് സമീപത്ത് നിന്നു. ഇതിലൂടെയാണ് മോഷ്ടാവ് കവര്‍ച്ചക്കെത്തിയതെന്നാണ് സൂചന. മോഷ്ടാവ് ഉപയോഗിച്ച മഴുവില്‍ നിന്നും മണം പിടിച്ച നായ ക്ഷേത്രവളപ്പിലൂടെ തിരുനാവായ റോഡിലൂടെ ചന്ദനക്കാവ് അങ്ങാടിയിലെ കടവരാന്തവരെ ഓടി നിന്നു. ഇതു വഴിയാണ് മോഷണം നടത്തി രക്ഷപ്പെട്ടതെന്നാണ് സൂചന.

 

Sharing is caring!