സന്തോഷ്‌ട്രോഫിയില്‍ അഞ്ചടിച്ച് കേരളത്തിന്റെ തുടക്കം

സന്തോഷ്‌ട്രോഫിയില്‍ അഞ്ചടിച്ച് കേരളത്തിന്റെ തുടക്കം

മലപ്പുറം: തിങ്ങിനിറഞ്ഞ 28,319 ആരാധകരെ സാക്ഷിയാക്കി സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാജസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളം എതിരില്ലാത്ത അഞ്ച് ഗോളിനാണ് തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ ജിജോ ജോസഫ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഹാട്രിക്ക് നേടി. 6, 58, 63 മീനുട്ടുകളില്‍ നിന്നായിരുന്നു ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഗോള്‍. നിജോ ഗില്‍ബേര്‍ട്ട്, അജിഅലക്സ് എന്നിവരാണ് ഓരോ ഗോള്‍ വീതം നേടിയത്.

ആദ്യ പകുതി

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കേരളത്തിന്റെ മുന്നേറ്റമാണ് തിങ്ങിനിറഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയം കണ്ടെത്. 6 ാം മിനുട്ടില്‍ തന്നെ കേരളം ലീഡെടുത്തു. കേരള സ്ട്രൈക്കര്‍ എം വിക്നേഷിനെ ബോക്സിന് പുറത്തുനിന്ന് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ ജിജോ ജോസഫ് മനോഹരമായി ഗോളാക്കി മാറ്റി. ചാമ്പ്യന്‍ഷിപ്പിലെ കേരളത്തിന്റെ ആദ്യ ഗോള്‍. തുടര്‍ന്നും ആക്രമിച്ചു കളിച്ച കേരളത്തെ തേടി നിരവധി അവസരങ്ങളെത്തി. 20 ാം മിനുട്ടില്‍ കേരളത്തെ തേടി മറ്റൊരു അവസരമെത്തി മധ്യനിരയില്‍ നിന്ന് ബോളുമായി വന്ന ക്യാപ്റ്റന്‍ ജിജോ ജോസഫ് ബോക്സിലേക്ക് നീട്ടി നല്‍ക്കിയ പാസ് സ്ട്രൈക്കര്‍മാരായ വിക്നേഷും സഫ്നാദും തമ്മിലുള്ള ആശയകുഴപ്പം മൂലം ഗോളെന്ന് ഉറപ്പിച്ച അവസരം നഷ്ടപ്പെടുത്തി. 24 ാം മിനുട്ടില്‍ മുഹമ്മദ് സഫ്നാദിനെ ഫൗള് ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ ജിജോ ഗോളിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ട് മിനുട്ടിന് ശേഷം വീണ്ടു കേരളത്തിന് അവസരം ലഭിച്ചു. ഇടതു ബോക്സിന് പുറത്തു നിന്ന് നീട്ടി നല്‍ക്കിയ പാസ് വിക്നേഷ് പോസ്റ്റിലേക്ക് അടിച്ചെങ്കിലും രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി. റിട്ടേണ്‍ ബോള്‍ ക്യാപ്റ്റന്‍ ജിജോക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 30 ാം മിനുട്ടില്‍ കേരള പ്രതിരോധനിരയില്‍ നിന്ന് വരുത്തി പിഴവില്‍ നിന്ന് രാജസ്ഥാന് ആദ്യ അവസരം ലഭിച്ചെങ്കിലും രാജസ്ഥാന സ്ട്രൈക്കര്‍ യുവരാജ് സിങ് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് അടിച്ചു. 32 ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് ബോളുമായി കുതിച്ചെത്തിയ ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്‍ക്കിയ പാസ് വിക്നേഷസ് നഷ്ടപ്പെടുത്തി. വീണ്ടും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. 38 ാം മിനുട്ടില്‍ കേരളം ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോക്സിന് പുറത്ത് നിന്ന് റോക്കറ്റ് വേഗത്തില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ ഉഗ്രന്‍ ഗോള്‍. മത്സരം അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളത്തിനെ തേടി വീണ്ടും അവസരമെത്തി. വികിനേഷ് അടിച്ച പന്ത് പേസ്റ്റിന് മുകളിലൂടെ പറത്തേക്ക്.

രണ്ടാം പകുതി

ആദ്യ പകുതിയുടെ തനിആവര്‍ത്തനമായിരുന്നു പയ്യനാട് സ്റ്റേഡിയം സാക്ഷിയായത്. ആദ്യ മിനുട്ടില്‍ തന്നെ കേരളം അറ്റാക്കിംങിന് തുടക്കമിട്ടു. 58 ാം മിനുട്ടില്‍ ജിജോ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഗ്രൗണ്ടിന്റെ മധ്യനിരയില്‍ നിന്ന് ബോളുമായി എതിര്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങിയ ക്യാപ്റ്റന്‍ ജിജോ ജോസഫ് മനോഹരമായി ഗോളാക്കി മാറ്റി. ജിജോയുടെ രണ്ടാം ഗോള്‍. 63 ാം മിനുട്ടില്‍ ജിജോ ഹാഡ്രിക്ക് തികച്ചു. കേരളത്തിന്റെ സ്വന്തം ഹാഫില്‍ നിന്ന് ടീം വര്‍ക്കിലൂടെ മുന്നേറ്റം നടത്തിയ കേരളം വലതു വിങ്ങില്‍ നിലയുറപ്പിച്ച സോയല്‍ ജോഷിയിക്ക് നല്‍ക്കി. ജോഷി വലതു വിങ്ങില്‍ നിന്ന് ബോക്സില്‍ നിലയുറപ്പിച്ചിരുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫിന് കൃത്യമായി നല്‍ക്കി. ജിജോയുടെ ഹാഡ്രിക്ക് ഗോള്‍. 73 ാം മിനുട്ടില്‍ ജിജോ ജോസഫിന് നാലാം ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 82 ാം മിനുട്ടില്‍ കേരളം അഞ്ചാം ഗോള്‍ നേടി. പ്രതിരോധ താരം അജയ് അലക്സിന്റെ വകയായിരുന്നു ഗോള്‍.

നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് നാളെ ഇറങ്ങും

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാഴെ രണ്ട് മത്സരങ്ങള്‍. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഉച്ച കഴിഞ്ഞ് 4 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ഒഡീഷ്യ കര്‍ണാടകയെ നേരിടും. യോഗ്യത റൗണ്ട് മത്സരത്തില്‍ ജാര്‍ഖണ്ഡിനോട് സമനിലയും ബീഹാറിനെ എതിരില്ലാത്ത അഞ്ച് ഗോളിനും തോല്‍പ്പിച്ചാണ് ഈസ്റ്റ് സോണില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഒഡീഷയുടെ വരവ്. സൗത്ത് സോണില്‍ ഗ്രുപ്പ് എയില്‍ ഉള്‍പ്പെട്ട കര്‍ണാടക തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ചാണ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8.00 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് മണിപ്പൂരിനെ നേരിടും. യോഗ്യതാ റൗണ്ട് മത്സരത്തില്‍ നോര്‍ത്ത് സോണില്‍ ഗ്രൂപ്പ് എയില്‍ ഹീമാചല്‍പ്രദേശ്, ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിവരെ തോല്‍പ്പിച്ചാണ് സര്‍വീസസ് യോഗ്യത നേടിയത്. നാഗാലാന്റ്, ത്രിപുര, മിസോറാം എന്നിവരെ തോല്‍പ്പിച്ചാണ് മണിപ്പൂര്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്.

സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസ പ്രവര്‍ത്തനം ഉടന്‍ നടപ്പാക്കും: കായിക മന്ത്രി വി അബ്ദുറഹിമാന്‍

75 ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. മത്സരത്തിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ഔദ്യാഗിക ഉദ്ഘാടന ചടങ്ങ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറത്തിന്റെ മണ്ണിലേക്ക് കൂടുതല്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. പയ്യനാട് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു മന്ത്രി. ഓള്‍ ഇന്ത്യ ഫുട്ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടന്നു വരികയാണ്. സുഭപ്രതീക്ഷയാണ് ഉള്ളത്. പയ്യനാട് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരം കാണാന്‍ എത്തിയ ആരാധകരുടെ ബാഹുല്യം മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശത്തിന്റെ നേര്‍സാക്ഷ്യമാണ്. നിലവില്‍ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിന് ഇല്ല. സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസ പ്രവര്‍ത്തനം ഉടന്‍ നടപ്പാക്കും. കഫ്ബി സഹായത്തോടെയക്കും നവീകരണം. സ്റ്റേഡിത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള ഗ്യാലറി ഉടനടി ഉയര്‍ത്തും. കായിക വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുനതെന്നും മന്ത്രി പറഞ്ഞു.
യു.എ. ലത്തീഫ് എം.എല്‍.എ. ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ് ചടങ്ങിന് വിശിഷ്ടാതിഥിയായി. ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഐ.എ.എസ്. ചടങ്ങിന് സ്വാഗതം പറഞ്ഞു. എ.ഐ.എഫ്.എഫ്. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ് മുഖ്യാതിഥിയായി. ചടങ്ങില്‍ അബ്ദുസ്സമദ് സമദാനി എം.പി., എ.പി. അനില്‍കുമാര്‍ എം.എല്‍.എ., പി. ഉബൈദുള്ള എം.എല്‍.എ, പി. നന്ദകുമാര്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ,എന്‍.എം മെഹ്റലി (അഡി. ഡിസ്റ്റിക്റ്റ് മജിസ്റ്ററേറ്റ്) ശ്രീധന്യ ഐ.എ.എസ്, വി.എം.സുബൈദ (ചെയര്‍പേഴ്‌സ, മഞ്ചേരി നഗരസഭ), യു ഷറഫലി (ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍), ഐ.എം. വിജയന്‍ (ഇന്റര്‍നാഷണല്‍ ഫുട്ബോളര്‍), ആസിഫ് സഹീര്‍ ദേശീയ ഫുട്ബോളര്‍), വി.പി. അനില്‍ (വെസ് പ്രസിഡന്റ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍) , കെ.എം.എ. മേത്തര്‍ (കേരള ഫുട്‌ബോള്‍ അസോസിയേഷന്‍), എച്ച്പി. അബ്ദുല്‍ മഹ്‌റൂഫ് (സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍), എക്സിക്യുറ്റീവ് അംഗങ്ങളായ കെ.മനോഹരകുമാര്‍, കെ.എ നാസര്‍, പി. ഹൃഷികേഷ് കുമാര്‍, സി സുരേഷ്, പി. അഷ്‌റഫ്( പ്രസിഡന്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍), പി. അബ്ദുല്‍ റഹീം (വാര്‍ഡ് കൗണ്‍സിലര്‍), സമീന ടീച്ചര്‍ (വാര്‍ഡ് കൗണ്‍സിലര്‍), തുടങ്ങിയവര്‍ പങ്കെടുത്തു ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ ചടങ്ങിന് നന്ദി അര്‍പ്പിച്ചു.

 

Sharing is caring!