സന്തോഷ് ട്രോഫി; കേരളത്തിന്റേത് മികച്ച ടീമെന്ന് കോച്ച് ബിനോ ജോര്‍ജ്ജ്

സന്തോഷ് ട്രോഫിയില്‍ സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ഊര്‍ജം കേരളത്തിനുണ്ടെന്നും ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ടീമാണ് കേരളത്തിന്റേതെന്നും പരിശീലകന്‍ ബിനോ ജോര്‍ജ്. പയ്യനാട് സ്റ്റേഡിയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായി രുന്നു അദ്ദേഹം. ഉദ്ഘാടന മത്സരത്തില്‍ രാജസ്ഥാനെ നല്ല മാര്‍ജിനില്‍ കീഴടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ക്യാപ്റ്റന്‍ ജിജോ ജോസഫും പ്രത്യാശ പ്രകടിപ്പിച്ചു.
ഏറ്റവും മികച്ച 10 ടീമുകളാണ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്. കേരളത്തിന്റെ ഗ്രൂപ്പിലെ എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ചവയാണ്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍ അത് കളിക്കാരുടെ എനര്‍ജി ലെവല്‍ കൂട്ടുമെന്നും പരിശീലകന്‍ ബിനോ ജോര്‍ജ് പറഞ്ഞു. ഇന്ന് (ഏപ്രിൽ 16) രാവിലെ  9.30ന് കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബംഗാള്‍, പഞ്ചാബിനെ നേരിടും. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരള – രാജസ്ഥാന്‍ പോരാട്ടം.
നിലമ്പൂര്‍ മിനി സേറ്റേഡിയത്തില്‍ കേരളം,
ബംഗാള്‍ ടീമുകള്‍ പരിശീലനം നടത്തി
സന്തോഷ് ട്രോഫി ആരവം ജില്ലയിലെങ്ങും അലതല്ലുമ്പോള്‍ മലയോരത്തിന് ആവേശമായി കേരളത്തിന്റെയും ബംഗാളിന്റെയും ടീമുകള്‍ നിലമ്പൂര്‍ മിനി സേറ്റേഡിയത്തില്‍ പരിശീലനം നടത്തി. നിലമ്പൂര്‍ മിനി സ്റ്റേഡിയം  ഉദ്ഘാടനത്തിന് ശേഷം ആദ്യമായി തുറക്കുന്നതും സന്തോഷ് ട്രോഫി പരിശീലനത്തിനാണ്. നിലമ്പൂരിന്റെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം യാഥാര്‍ഥ്യമായ മിനി സ്റ്റേഡിയത്തില്‍ പന്തുരണ്ടപ്പോള്‍ മലയോരത്തെ ഫുട്ബോള്‍ പ്രേമികളും ആവേശഭരിതരായി.
വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ ബംഗാള്‍ ടീമാണ് പരിശീലനത്തിനായി ആദ്യം സ്റ്റേഡിയത്തിലെത്തിയത്. ഉച്ചയ്ക്ക് മൂന്നോടെ കേരള ടീമും പരിശീലനത്തിനെത്തി. ഇരു ടീമുകള്‍ക്കും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. പി വി അബ്ദുല്‍ വഹാബ് എം പി, നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം ബഷീര്‍, കൗണ്‍സിലര്‍മാരായ ഇസ്മായീല്‍ എരഞ്ഞിക്കല്‍, എം. ഗോപാലകൃഷ്ണന്‍, ശബരീഷന്‍ പൊറ്റേക്കാട്, നിലമ്പൂര്‍ യുണൈറ്റഡ് ഫുട്ബോള്‍ അക്കാദമി ഡയറക്ടര്‍ കമാലുദ്ധീന്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!