തടയണ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ അന്‍വര്‍ എം.എല്‍.എ പയറ്റുന്ന തന്ത്രങ്ങള്‍

തടയണ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ അന്‍വര്‍ എം.എല്‍.എ പയറ്റുന്ന തന്ത്രങ്ങള്‍

മലപ്പുറം: കക്കാടംപൊയിലിലെ പി.വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച നാലു തടയണകളും പൊളിച്ചുനീക്കാനുള്ള കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് മറികടക്കാന്‍ സ്ഥലം വില്‍പ്പന നടത്തി പി.വി അന്‍വറിന്റെ തന്ത്രം. എം.എല്‍.എയില്‍ നിന്നും സ്ഥലം വാങ്ങിയ മലപ്പുറം ജില്ലയിലെ കോണ്‍ട്രാക്ടര്‍ ഷെഫീഖ് ആലുങ്ങല്‍ തടയണപൊളിച്ചാല്‍ തന്റെ വസ്തുവിലേക്കുള്ള വഴി നഷ്ടമാകുമെന്ന് പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ച് തടയണപൊളിക്കലിന് താല്‍ക്കാലിക സ്റ്റേ നേടിയിരിക്കുകയാണിപ്പോള്‍.

തടയണക്ക് മുകളിലൂടെ നിര്‍മ്മിച്ച റോഡും വഴിയും അടക്കം പരിശോധിക്കുന്നതിന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ ഇന്ന് രാവിലെ സ്ഥലപരിശോധന നടത്തി. രേഖകള്‍ സമര്‍പ്പിക്കാനെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ റിസോര്‍ട്ടില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞു.
പരിസ്ഥിതി പ്രവര്‍ത്തകരില്‍ തടയണകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജനെ മാത്രമാണ് കമ്മീഷന് മുമ്പാകെ ഹാജരായി തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞത്.

തടയണക്കെതിരായ പരാതിക്കാരന്‍ കക്കാടംപൊയില്‍ സ്വദേശി കെ.വി ജിജു, നദീസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ശബരരി മുണ്ടക്കല്‍, കെ.ടി വീരജ് അടക്കമുള്ളവരെയാണ് ഗേറ്റിന് മുന്നില്‍ തടഞ്ഞത്. തടയണക്ക് അനുകൂല നിലപാടുള്ളവരെ മാത്രമാണ് റിസോര്‍ട്ടിലേക്ക് കടത്തിവിട്ടത്. മുമ്പ് കക്കാടംപൊയിലിലെ തടയണ അടക്കമുള്ള പി.വി അന്‍വര്‍ എം.എല്‍.എയുടെ അധികൃത നിര്‍മ്മാണങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ഡോ. എം.എന്‍ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്‌ക്കാരിക, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുനേരെ കക്കാടംപൊയിലില്‍ ആക്രമണമുണ്ടായിരുന്നു.

ടി.വി രാജനാണ് അനധികൃത തടയണകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പരാതിയില്‍ രണ്ടു മാസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്ന് 2020 ഡിസംബര്‍ 22ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചുവേണം കളക്്ടര്‍ നടപടിയെടുക്കണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന് 5 മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാഞ്ഞതോടെ കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് രാജന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്വന്തം ചെലവില്‍ പൊളിച്ചുനീക്കി ഇതിനു ചെലവായ തുക തടയണകെട്ടിയവരില്‍ നിന്നും ഈടാക്കണമെന്ന് കോഴിക്കോട് കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡി 2021 ആഗസ്റ്റ് 30ന് ഉത്തരവിട്ടു. സമയപരിധികഴിഞ്ഞിട്ടും തടയണ പൊളിക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കാഞ്ഞതോടെ കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തടയണ പൊളിക്കാനുള്ള കോഴിക്കോട് കളക്ടറുടെ ഉത്തരവിറങ്ങി രണ്ട് മാസം കഴിഞ്ഞ് 2021 നവംബര്‍ 29തിനാണ് പി.വി അന്‍വര്‍ എം.എല്‍.എ തടയണ ഉള്‍പ്പെടുന്ന 36.5293 ആര്‍ സ്ഥലം(90.30 സെന്റ്) വില്‍പ്പന നടത്തിയത്. ഇതിനു ശേഷമാണ് സ്ഥലം വാങ്ങിയ കോണ്‍ട്രാക്ടര്‍ തടയണപൊളിച്ചാല്‍ തന്റെ സ്ഥലത്തേക്ക് വഴിയുണ്ടാവില്ലെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. രണ്ടും കേസും ഒന്നിച്ചാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
നേരത്തെ ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണപൊളിക്കാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടപ്പോള്‍ തടയണ ഉള്‍പ്പെടുന്ന സ്ഥലം ഭാര്യാ പിതാവിന്റെ പേരിലേക്ക് പി.വി അന്‍വര്‍ മാറ്റിയിരുന്നു. തടയണ പൊളിക്കുന്നതിനെതിരെ അന്‍വറിന്റെ ഭാര്യാ പിതാവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ നിന്നും താല്‍ക്കാലിക സ്റ്റേ നേടിയെങ്കിലും പിന്നീട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഹരജി തള്ളി തടയണ പൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഇതോടെ തടയണ ഭാഗികമായി പൊളിക്കുകയും ചെയ്തു. ചീങ്കണ്ണിപ്പാലിയിലെ തന്ത്രം തന്നെയാണിപ്പോള്‍ അന്‍വര്‍ കക്കാടംപൊയിലിലും പയറ്റുന്നത്.

Sharing is caring!