ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ഇതാ മഞ്ചേരിയില്‍…

ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ഇതാ മഞ്ചേരിയില്‍…

മലപ്പുറം: ഒറ്റപ്പന്തിനു പിന്നാലെ ഓടാനൊരുങ്ങി നില്‍ക്കുകയാണ് ലോകം മൊത്തം. ആ ഒരു പന്ത്, ഇതാ ഇപ്പോള്‍ മഞ്ചേരിയിലുണ്ട്. ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അല്‍ രിഹ്ല’ ഫിഫ സ്‌പോര്‍ട്‌സ് ഉടമകളായ ടി.കെ.മുഹമ്മദ് സലീം, യാഷിക് മേച്ചേരി എന്നിവരാണ് ഖത്തറിലുള്ള സുഹൃത്ത് വഴി മഞ്ചേരിയിലെത്തിച്ചത്. ലോകകപ്പിന്റെ ആവേശത്തിനൊപ്പം സന്തോഷ്ട്രോഫി മഞ്ചേരിയിലെത്തിയതിന്റെ സന്തോഷം കൂടി പങ്കുവയ്ക്കാനാണ് അല്‍ രിഹ്ല ഇങ്ങോട്ടെത്തിച്ചതെന്ന് ഇവര്‍ പറയുന്നു.

സംഘാടകര്‍ അനുവദിക്കുകയാണെങ്കില്‍ സന്തോഷ് ട്രോഫി നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തില്‍ ഈ പന്ത് പ്രദര്‍ശനത്തിനു വയ്ക്കാനും ആഗ്രഹമുണ്ട്. ഇന്ത്യയില്‍ത്തന്നെ ആദ്യമായി അല്‍ രിഹ്ല എത്തിയത് മഞ്ചേരിയിലാണെന്നും ഇവര്‍ പറയുന്നു. അഡിഡാസ് കമ്പനി പുറത്തിറക്കുന്ന പതിനാലാമത് ലോകകപ്പ് ഔദ്യോഗിക ബോളാണ് ‘അല്‍ രിഹ്ല’. അറബിക്കില്‍ യാത്ര, സഞ്ചാരം എന്നൊക്കെയാണ് അര്‍ഥം. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്താണ് അല്‍ രിഹ്ല എന്നാണ് അഡിഡാസ് അവകാശപ്പെടുന്നത്.

കളിയുടെ കൂടി വരുന്ന വേഗം പരിഗണിച്ച് ഉയര്‍ന്ന വേഗവും കൃത്യതയും സ്ഥിരതയും അല്‍ രിഹ്ല ഉറപ്പാക്കിയിരിക്കുന്നു. ഖത്തറിന്റെ വാസ്തുവിദ്യ, കല, ദേശീയ പതാക എന്നിവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നിര്‍മാണം. മാര്‍ച്ച് അവസാനം പുറത്തിറക്കിയ പന്ത് ഇപ്പോഴാണ് നമ്മുടെ നാട്ടിലെത്തിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഫുട്‌ബോള്‍ കൂടിയാണിത്. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത പശയും മഷിയുമൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്. ലോകകപ്പിന്റെ ഔദ്യോഗിക ബോളായതുകൊണ്ടു തന്നെ വിലയും അല്‍പം കൂടുതലാണ്. ഏകദേശം 13,000 രൂപ വരും.

ചരിത്രത്തിലേക്ക് പറന്ന പന്തുകള്‍

ആദ്യ ലോകകപ്പിന് ഔദ്യോഗിക ബോള്‍ ഉണ്ടായിരുന്നില്ല. പക്ഷേ, യുറഗ്വായ് അര്‍ജന്റീന ഫൈനല്‍ മത്സരത്തില്‍ ഏതു രാജ്യത്തിന്റെ പന്ത് ഉപയോഗിക്കണമെന്ന് തര്‍ക്കം വന്നു. അങ്ങനെ ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ ‘ടിന്റോ’ എന്ന പന്തും രണ്ടാം പകുതിയില്‍ യുറഗ്വായുടെ ‘ടി മോഡല്‍’ പന്തും ഉപയോഗിച്ചു. സ്വന്തം പന്തില്‍ (ടിന്റോ) കളിച്ച ആദ്യ പകുതിയില്‍ 21 സ്‌കോറിന് അര്‍ജന്റീന മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ കനം കൂടിയ യുറഗ്വായുടെ ടി മോഡല്‍ പന്താണ് ഉപയോഗിച്ചത്. 42ന് യുറോഗ്വായ് കളി ജയിക്കുകയും ചെയ്തു.

1934 ഇറ്റലി ലോകകപ്പില്‍ ‘ഫെഡറാലേ’ എന്ന പന്താണ് ഉപയോഗിച്ചത്. തലവേദന ഒഴിവാക്കിയ പന്തു കൂടിയാണിത്. കാരണം കട്ടിയുള്ള തുകല്‍ ലേസുകള്‍ ഉപയോഗിച്ചു ബോള്‍ തുന്നുന്നതിനു പകരം കോട്ടണ്‍ നൂലുപയോഗിച്ചാണ് തുന്നല്‍. കനം കുറഞ്ഞെന്നു മാത്രമല്ല. ഹെഡ് ചെയ്യുമ്പോഴുള്ള തലവേദനയും ഒഴിവായി. 1938 ഫ്രാന്‍സ് ലോകകപ്പില്‍ ‘അലന്‍ കൂപ് ഡു മോന്‍ഡേ’ ആയിരുന്നു ഔദ്യോഗിക ബോള്‍. 1950 ബ്രസീല്‍ ലോകകപ്പില്‍ ‘സൂപ്പര്‍ ബോള്‍ ഡ്യൂപ്ലോ ടി’ ആണ് ഉപയോഗിച്ചത്. പുതിയകാല പന്തിന്റെ ആദ്യ രൂപമായിരുന്നു ഡ്യൂപ്ലോ ടി. 12 പാനലുകള്‍. പുറത്തേക്കുള്ള തുന്നലുകള്‍ പൂര്‍ണമായി ഒഴിവായി. സിറിഞ്ച് വാല്‍വിലൂടെ കാറ്റു നിറയ്ക്കാവുന്നതരത്തിലുള്ള ആദ്യ രൂപം.

954 സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പില്‍ ‘സ്വിസ് വേള്‍ഡ് ചാംപ്യന്‍’, 1958 സ്വീഡന്‍ ലോകകപ്പില്‍ ‘ടോപ് സ്റ്റാര്‍’, 1962 ചിലെ ലോകപ്പില്‍ ‘ക്രാക്ക്’, 1966 ഇംഗ്ലണ്ട് ലോകകപ്പില്‍ ‘ചാലഞ്ച് 4 സ്റ്റാര്‍’ എന്നിങ്ങനെയുള്ള പന്തുകളാണ് ഉപയോഗിച്ചത്. 1970 മെക്‌സിക്കോ ലോകകപ്പ് മുതലാണ് അഡിഡാസ് കമ്പനി ഔദ്യോഗിക ഫുട്‌ബോളുമായി രംഗത്തെത്തുന്നത്. പിന്നീടിങ്ങോട്ട് 14 പന്തുകള്‍ ലോകകപ്പിനായി അഡിഡാസ് രൂപകല്‍പന ചെയ്തു.

അഡിഡാസിന്റെ ലോകകപ്പ് ഔദ്യോഗിക ഫുട്‌ബോളുകള്‍
1970 മെക്‌സിക്കോ ‘ടെല്‍സ്റ്റാര്‍’
1974 ജര്‍മനി ‘ടെല്‍സ്റ്റാര്‍ ഡുര്‍ലാസ്റ്റ്’
1978 അര്‍ജന്റീന ‘ടാന്‍ഗോ’
1982 സ്‌പെയിന്‍ ‘ടാന്‍ഗോ എസ്പാന’
1986 മെക്‌സിക്കോ ‘ആസ്‌ടെക്ക’
1990 ഇറ്റലി ‘എട്രൂസ്‌കോ യുനികോ’
1994 അമേരിക്ക ‘ക്വസ്ട്ര’
1998 ഫ്രാന്‍സ് ‘ട്രൈ കളര്‍’
2002 ജപ്പാന്‍, കൊറിയ ‘ഫെവര്‍നോവ’
2006 ജര്‍മനി ‘ടീംജിസ്റ്റ്’
2010 ദക്ഷിണാഫ്രിക്ക ജബുലാനി,
2014 ബ്രസീല്‍ ‘ബ്രസൂക്ക’
2018 റഷ്യ ‘ടെല്‍സ്റ്റാര്‍ 18
2022 ഖത്തര്‍ അല്‍ രിഹ്ല

 

Sharing is caring!