സന്തോഷ് ട്രോഫി ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു: വില്‍പ്പന നേരിട്ടും ഓണ്‍ലൈനായും

സന്തോഷ് ട്രോഫി ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു:  വില്‍പ്പന നേരിട്ടും ഓണ്‍ലൈനായും

ടിക്കറ്റുകള്‍ വാങ്ങാന്‍ ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ സൗകര്യം

മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറിയില്‍ കളി കാണുന്നതിന് ഒരു മത്സരത്തിന് 100 രൂപയും കസേരയില്‍ ഇരുന്ന് കളി കാണാന്‍ ഒരു മത്സരത്തിന് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതേ ഇനത്തില്‍ സീസണ്‍ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി കസേരക്ക് 1000 രൂപയാണ് ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി. ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വില.  ഓണ്‍ലൈനായും ബാങ്ക്, കൗണ്ടര്‍ എന്നിവ വഴിയും ടിക്കറ്റ് വില്‍ക്കും.  ഏത് ഓണ്‍ലൈന്‍ വഴിയാണ് വില്‍പനയെന്നത് പിന്നീട് തീരുമാനിക്കും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി എന്നിവിടങ്ങളിലെ ആരാധകര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള പ്രത്യേക സൗകര്യമൊരുക്കും. ടിക്കറ്റ് വില്‍പന ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്ക് എന്നിവ വഴി നടത്തുന്ന കാര്യം പരിഗണനയിലുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സന്തോഷ് ട്രോഫി മല്‍സരങ്ങള്‍. ഇക്കാര്യം ഉറപ്പുവരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുകയ്ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരിയിലും കോട്ടപ്പടിയിലും പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കുന്നതും യോഗം വിലയിരുത്തി. കോട്ടപ്പടിയിലെ പാര്‍ക്കിങിന് കൂടുതല്‍ സൗകര്യമൊരുക്കാനും നിര്‍ദേശം നല്‍കി.  വി.വി.ഐ.പി, വി.ഐ.പി പാര്‍ക്കിങിന് സ്റ്റേഡിയത്തിന് സമീപം സൗകര്യമൊരുക്കും. പാര്‍ക്കിങ് സ്ഥലത്തു നിന്ന് സ്റ്റേഡിയത്തിലേക്ക് പ്രത്യേക വാഹന സൗകര്യം ഒരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

യോഗത്തില്‍ എം.എല്‍.എമാരായ പി. ഉബൈദുള്ള, അഡ്വ. യു.എ.ലത്തീഫ്, ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, അഡീഷണല്‍ ഡിസ്റ്റ്റിക്റ്റ് മജിസ്റ്റട്രേറ്റ് എന്‍.എം. മെഹറലി, ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോംപറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, കായിക വകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ.പി. അനില്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധി  അബ്ദുല്‍ കരീം ഫുട്ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്  പി. അഷ്റഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ബീന ജോസഫ്, മഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി.എം അബ്ദുള്‍നാസര്‍, സി സക്കീന, ജസീനബി അലി,കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കായിക വിഭാഗം ഡയറക്ടര്‍ ഡോ. വി.പി സക്കീര്‍ ഹുസൈന്‍,  ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടറ്റീവ് അംഗങ്ങളായ കെ. അബ്ദുല്‍ നാസര്‍, ഹൃഷികേഷ് കുമാര്‍, സി സുരേഷ്, ജില്ലയിലെ മറ്റ് ജനപ്രതിനിധികള്‍, ഉപസമിതി  അംഗങ്ങള്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

എക്സ്പോ 2022

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ എക്സ്പോ സംഘടിപ്പിക്കും. സ്റ്റേഡിയം കോമ്പൗണ്ടിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിലോ പബ്ലിസിറ്റി ആന്റ് സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റി കണ്‍വീനറെയോ ബന്ധപ്പെടണം.  ഫോണ്‍: 0483 2734701, 9349935511

സന്തോഷ് ട്രോഫി ടിക്കറ്റ് വില ഇങ്ങനെ

മഞ്ചേരി പയ്യനാട് സ്റ്റേഡിയം

ഗ്യാലറി – 100 ഒരാള്‍ക്ക്
ഗ്യാലറി സീസണ്‍ ടിക്കറ്റ് – 1000 ഒരാള്‍ക്ക്

കസേര – 250 ഒരാള്‍ക്ക്
കസേര സീസണ്‍ ടിക്കറ്റ് – 2500 ഒരാള്‍ക്ക്

വി.ഐ.പി ടിക്കറ്റ് – 1000 ഒരാള്‍ക്ക്
വി.ഐ.പി. സീസണ്‍ ടിക്കറ്റ് – 10,000 ഒരാള്‍ക്ക്

വി.വി.ഐ.പി. ടിക്കറ്റ് 25,000

മലപ്പുറം കോട്ടപ്പടി

ഗ്യാലറി – 50
സീസണ്‍ ടിക്കറ്റ് ഗ്യാലറി – 400

Sharing is caring!