മലപ്പുറത്തെ മുസ്ലിം നമസ്‌കാര പള്ളി പെയിന്റടിച്ചത് സൂര്യനാരായണന്‍

മലപ്പുറത്തെ മുസ്ലിം നമസ്‌കാര പള്ളി പെയിന്റടിച്ചത് സൂര്യനാരായണന്‍

മലപ്പുറം: നാട്ടിലെ നമസ്‌കാര പള്ളി പെയിന്റ് അടിക്കാന്‍ സമ്മതം ചോദിച്ചപ്പോഴും അത് ചെയ്ത് കൊടുത്തപ്പോഴും പ്രവാസിയായ മലപ്പുറം വറ്റല്ലൂര്‍ സ്വദേശി സൂര്യനാരായണന്‍ അതിങ്ങനെ ലോകം അറിഞ്ഞ് അംഗീകരിക്കും എന്ന് കരുതിയിട്ടില്ല. ഈ വിശുദ്ധ റമദാന്‍ കാലത്തെ മത മൈത്രിയുടെ നേരടയാളമായി അത് വാഴ്ത്തപ്പെടുമ്പോള്‍ സൂര്യ നാരായണന് ഇതൊരു സാധാരണ കാര്യമാണ്.

വറ്റല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തിലെ മസ്ജിദുല്‍ ഉമറുല്‍ ഫാറൂഖെന്ന ഈ കുഞ്ഞു നിസ്‌കാര പള്ളിയും അതിന്റെ ചായം തേച്ച ചുമരുകളും സാമൂഹ്യ മാധ്യമങ്ങളില്‍ അതിരുകള്‍ ഇല്ലാതെ വളരുക ആണ്. നാട്ടുകാരനും പ്രവാസിയുമായ സൂര്യ നാരായണന്‍ വറ്റല്ലൂരില്‍ എത്തിയ സമയത്ത് ഈ പള്ളി ഇങ്ങനെ ആയിരുന്നില്ല. പള്ളി പെയിന്റ് ചെയ്യിച്ചോട്ടെ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ പള്ളിക്കമ്മിറ്റിയും സമ്മതിച്ചു. സൂര്യ നാരായണ്‍ ഇതെല്ലാം ചെയ്യിച്ച് വിദേശത്തേക്ക് തിരിച്ച് പോകുകയും ചെയ്തു. അതിന് ശേഷം പള്ളിക്കമ്മിറ്റി അംഗം കൂടിയായ മന്‍സൂര്‍ പള്ളിപ്പറമ്പില്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് ലോകം ഏറ്റെടുക്കുക ആയിരുന്നു.

‘സൂര്യേട്ടന്‍ നാട്ടില്‍ വന്ന സമയത്ത് ആണ് കണ്ടത്. അപ്പോള്‍ പള്ളി ആകെ പെയിന്റ് എല്ലാം മങ്ങി കാണുമ്പോള്‍ ഭംഗി ഒന്നും ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു. ഇത് ഞാന്‍ പെയിന്റ് ചെയ്തു തരട്ടെ എന്ന് ചോദിക്കുക ആയിരുന്നു. കമ്മിറ്റിയിലും അത് പ്രശ്‌നം ഉള്ള കാര്യം ആയിരുന്നില്ല. പുള്ളി അനിയന്‍ അജയേട്ടനെ വിളിച്ച് കാര്യം പറഞ്ഞേല്‍പ്പിക്കുക ആയിരുന്നു. അജയേട്ടന്‍ ആളുകളെ ഒക്കെ വിളിച്ച് കൊണ്ടുവന്നു പെയിന്റിംഗ് തീര്‍ത്തു.’- മന്‍സൂര്‍ ന്യൂസ്18നോട് പറഞ്ഞു.

‘ എന്തായാലും 45000 രൂപക്ക് മുകളില്‍ ആയിട്ടുണ്ടാകും എന്ന് ഉറപ്പാണ്. ഒരാഴ്ചയോളം പണിക്കാര്‍ ഉണ്ടായിരുന്നു. പിന്നെ പഴയത് എല്ലാം കഴുകി കളഞ്ഞ് വൃത്തിയാക്കി പുതിയ പെയിന്റ് ഒക്കെ അടിക്കുവാന്‍ സമയം ഏറെ എടുത്തു. എത്ര ചെലവായി ഒന്നും സൂര്യേട്ടന്‍ പറഞ്ഞിട്ടില്ല…’

 

‘ഇത് ഞാന്‍ ഫേസ്ബുക്കില്‍ ഇട്ടതാണ് ഇപ്പോ വൈറല്‍ ആയത്.. മുയിന്‍ അലി തങ്ങള്‍ ഒക്കെ പോസ്റ്റ് ഷെയര് ചെയ്തതോടെ ആളുകള്‍ ഒക്കെ കേട്ടറിഞ്ഞ് വിളിക്കാന്‍ തുടങ്ങി…എന്നാല് ഇതില്‍ ഒരു പബ്ലിസിറ്റിയും വേണ്ട എന്ന നിലപാടില്‍ ആണ് സൂര്യേട്ടന്‍. ആള്‍ ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല ‘ മന്‍സൂര്‍ പറഞ്ഞു.
മതേതരത്വത്തിന്റെ നന്മയുടെ പേരില്‍ വിശുദ്ധ റമദാന്‍ മാസത്തില്‍ പള്ളി ലോകം അറിഞ്ഞതിനെ പറ്റി പറയാന്‍ എല്ലാവര്‍ക്കും സന്തോഷം മാത്രം’ റമദാന്‍ മാസത്തില്‍ ഇങ്ങനെ ഒരു കാര്യം നടന്നത് വലിയ സന്തോഷം ഉള്ള കാര്യം ആണ്. നമ്മുടെ നാട്ടിലെ മതേതരത്വം, സ്‌നേഹം ഒക്കെ ഇങ്ങനെ ലോകം അറിയുന്നത് നല്ല കാര്യം അല്ലേ..’ പള്ളി ഇമാം മുഹമ്മദ് റോഷന്‍ പറഞ്ഞു.

 

Sharing is caring!