ഇഗ്വാന ആളൊരു പാവമാണ്

ഇഗ്വാന ആളൊരു പാവമാണ്

മലപ്പുറം: കണ്ടാല്‍ ഒരു ഭീകരനാണെന്ന് തോന്നുമെങ്കിലും ഇഗ്വാന ആളൊരു പാവമാണ്. മനുഷ്യരുമായി കൂടുതല്‍ അടുപ്പമുള്ള ഇവര്‍ സസ്യഭുക്കുകളാണ്. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി സുനീറിന്റെ വീട്ടിലാണ് വിദേശി വളര്‍ത്തു ജീവിയായ അഞ്ചോളം ഇഗ്വാനകളുള്ളത്. കാഴ്ച്ചയില്‍ ഭീകരത തോന്നുമെങ്കിലും പൊതുവെ ഈ വിഭാഗത്തില്‍പ്പെട്ടവരെല്ലാം സൗമ്യ സ്വഭാവക്കാരാണ്. സസ്യഭുക്കുകള്‍ ആയ ഇവയെ കുഞ്ഞായിരിക്കുമ്പോള്‍ തൊട്ട് വളര്‍ത്തുകയാണെങ്കില്‍ ഇണക്കവും കൂടുമെന്നാണ് സുനീര്‍ പറയുന്നത്. ഭൂമദ്ധ്യരേഖാ പ്രദേശങ്ങളായ മെക്‌സിക്കോ,മദ്ധ്യ അമേരിക്ക ,പോളിനേഷ്യന്‍ ദ്വീപുകളായ ഫിജി,ടോംഗ ,വെസ്റ്റ് ഇന്‍ഡീസ് പ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്.

പൊതുവെ കേരളത്തില്‍ നല്ല ഡിമാന്റുള്ളതിനാല്‍ ഇവയെ വളര്‍ത്തുന്നതും ലാഭകരമാണ്. വിവിധ നിറങ്ങളിലായി അഞ്ചോളം ഇഗ്വാനകളാണിപ്പോള്‍ സുനീറിന്റെ പക്കലുള്ളത്. ഇഗ്വാനകളെ കൂടാതെ വ്യത്യസ്ത തരം തത്ത , മുയല്‍ തുടങ്ങിയവയുടെ ഒരു വലിയ ലോകം തന്നെയുണ്ട് സുനീറിന്റെ വീട്ടില്‍. അതെ സമയം മറ്റുള്ള വളര്‍ത്തു ജീവികളില്‍ നിന്നും നിരവധി പ്രത്യേകതക്കളുള്ള ഒരു വളര്‍ത്തി ജീവിയാണ് ഇഗ്വാനകള്‍ എന്ന് പറയുന്നത്. മെക്‌സിക്കന്‍ ദേശക്കാരനായ പല്ലി ഇനത്തില്‍ പെടുന്ന ജീവിയാണിത്. രണ്ടര വര്‍ഷത്തോളമായി സുനീര്‍ ഹിഗ്വനകളെ വളര്‍ത്തുന്നുണ്ട്. ഇവ മുട്ട ഇട്ടു കഴിഞ്ഞാല്‍ 65 മുതല്‍ 90 ദിവസം വരെയാണ് മുട്ട വിരിയാന്‍ എടുക്കുന്ന സമയം.

മണല്‍പരപ്പില്‍ മുട്ടയിട്ടു മറ്റുള്ളവരുടെ ഇടപെടല്‍ ഇല്ലാതെ മുട്ട വിരിയിക്കുന്നതാണ് സാധാരണ രീതി. എന്നാല്‍ സുനീര്‍ മുട്ട പൊട്ടാതിരിക്കാന്‍ കൂട്ടില്‍ നിന്നും മുട്ട പ്രത്യേകമായി തയ്യാറാക്കിയ ഒരു പാ ത്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
പച്ചക്കറികളും ഇലകളും ഒക്കെയാണ് ഇഗ്വാനകള്‍ പ്രധാനമായും കഴിക്കുന്നത്. താരതമ്യേന വളര്‍ത്താന്‍ ചിലവ് കുറവാണെന്നു ചുരുക്കം. വ്യത്യസ്ത നിറത്തിലുള്ള ഇവയുടെ നിറത്തിന്റെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് വിപണി വില. പച്ച നിറത്തിലുള്ള ഹിഗ്വനഗള്‍ക്ക് ആണ് വില കുറവ്. ഏഴായിരം മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. 25,000 രൂപക്ക് മുകളില്‍ വരെ ഇവയുടെ വില ഉയരുമെന്നും സുനീര്‍ പറയുന്നു.

Sharing is caring!