പിടികിട്ടാപ്പുള്ളി 15വര്‍ഷത്തിന് ശേഷം പിടിയില്‍

പിടികിട്ടാപ്പുള്ളി 15വര്‍ഷത്തിന് ശേഷം പിടിയില്‍

നിലമ്പൂര്‍: ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി 15 വര്‍ഷത്തിനുശേഷം പിടിയില്‍. പെരിന്തല്‍മണ്ണ പരിയാപുരം സ്വദേശി ഭരണികുളങ്ങര ബിജു എന്ന ജോസഫ് ആന്റണി (45) ആണ് പൊലിസിന്റെ പിടിയില്‍ ആയത്. ഇയാള്‍ ഇപ്പോള്‍ എടക്കര കൗക്കാട് വാടകയ്ക്ക് താമസിച്ചു വരികയാണ്.

മലപ്പുറം ജില്ലാ പോലീസ് മേധാവി യുടെ നിര്‍ദ്ദേശപ്രകാരം ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളിയായ പ്രതിയെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം മലപ്പുറം കോല്‍മണ്ണ എന്ന സ്ഥലത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സ് നിന്നാണ് പിടികൂടിയത്. പിടിയില്‍ ആകുമ്പോള്‍ തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനിയായ അല്‍ഫോന്‍സ എന്ന വ്യാജ പേരില്‍ അറിയപ്പെടുന്ന തമിഴ് യുവതിയും പത്തു വയസിനു താഴെ പ്രായമുള്ള രണ്ട് കുട്ടികളും കൂടെയുണ്ടായിരുന്നു.
നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ 2006 ല്‍ രജിസ്റ്റര്‍ ചെയ്ത കൂട്ടായ കവര്‍ച്ചാശ്രമ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് നിലമ്പൂര്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതി മലപ്പുറം, പാലക്കാട്, ഏറണാകുളം ജില്ലകളിലും തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലും വാടകയ്ക്ക് താമസിച്ചു ദീപം ട്രസ്റ്റ് എന്ന പേരില്‍ പണപ്പിരിവ് നടത്തിയതായും പോലീസ് പറഞ്ഞു.
ഫെബ്രുവരി 17ന് കുറ്റിപ്പുറം മൂടാലില്‍ കാല്‍നടയാത്രക്കാരനായ യുവാവിനെ ബൈക്ക് ഇടിച്ചു വീഴ്ത്തി ഗുരുതര പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബൈക്ക് നിര്‍ത്താതെ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ബൈക്ക് ഒളിപ്പിച്ചുവെച്ച് ബസില്‍ കയറി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് ബസ്സില്‍ നിന്നും പിടിച്ചിറക്കി പോലീസിനെ അറിയിച്ചു. പോലീസെത്തിയപ്പോള്‍ ബോധക്ഷയം അഭിനയിച്ചു . ആശുപത്രിയിലെത്തിച്ച സമയം സൂത്രത്തില്‍ ആശുപത്രിയില്‍ നിന്നും മുങ്ങുകയും ചെയ്തു. 2021 ഏപ്രില്‍ മാസത്തില്‍ വണ്ടൂര്‍ മൂച്ചിക്കലിലും , പിന്നീട് കറുകുറ്റി എറണാകുളം എന്നീ സ്ഥലങ്ങളിലും ബൈക്ക് അപകടം വരുത്തി സൂത്രത്തില്‍ രക്ഷപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
നിലമ്പൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു. എസ് ഐ. എം അസൈനാര്‍, സി പി ഒ മാരായ എന്‍.പി സുനില്‍, അഭിലാഷ് കൈപ്പിനി , ജിയോ ജേക്കബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്

 

Sharing is caring!