മലപ്പുറത്തെ വീട്ടുകാര്‍ വിനോദയാത്ര പോയ സമയത്ത് 33 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

മലപ്പുറത്തെ വീട്ടുകാര്‍ വിനോദയാത്ര പോയ സമയത്ത് 33 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

പെരിന്തല്‍മണ്ണ: വീട്ടുകാര്‍ ഊട്ടിയിലേക്ക് വിനോദയാത്ര പോയി തിരിച്ചെത്തിയപ്പോഴേക്കും വീട് കുത്തിത്തുറന്ന് 33 പവന്‍ സ്വര്‍ണവും 5000 രൂപയും വാച്ചുകളും മോഷ്ടിച്ചു.
പെരിന്തല്‍മണ്ണ അമ്മിനിക്കാട് അങ്ങാടിക്ക് സമീപം ആലങ്ങാടന്‍ അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം. കിടപ്പുമുറിയില്‍ ചുമരിലെ അലമാരയില്‍ പഴയ വസ്ത്രങ്ങളും മറ്റും വെച്ചിരുന്നതിനടിയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കളവ് പോയത്. ഞായറാഴ്ച ഉച്ചക്ക് 12ഓടെയാണ് അഷ്‌റഫും ഭാര്യയും രണ്ട് മക്കളും ഊട്ടിയിലേക്ക് പോയത്.

തിങ്കളാഴ്ച രാത്രി 11നാണ് തിരിച്ചെത്തിയത്. വീടിന് മുന്‍വശത്തെ ഇരട്ടപ്പൊളി വാതിലിന്റെ ലോക്ക് കമ്ബിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. 35 പവനാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ഓരോ പവന്‍ വീതമുള്ള രണ്ട് സ്വര്‍ണനാണയങ്ങള്‍ അലമാരക്ക് ഇടയില്‍ നിന്ന് പിന്നീട് പൊലീസ് കണ്ടെടുത്തു. നഷ്ടപ്പെട്ടതില്‍ 15 പവന്‍ മൂന്നാഴ്ച മുമ്ബ് വാങ്ങിയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. അബൂദബിയില്‍ ജോലി ചെയ്യുന്ന അഷ്‌റഫും മകനും മൂന്നാഴ്ച മുമ്ബാണ് നാട്ടിലെത്തിയത്.

വീടിന് സമീപത്ത് രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന കോഫി ഹൗസും അല്‍പം മാറി വീടുകളുമുണ്ട്. പെരിന്തല്‍മണ്ണ പൊലീസ് വീടും പരിസരവും പരിശോധിച്ചു. ഡിവൈ.എസ്.പി പി.എം. സന്തോഷ് കുമാര്‍, സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

 

Sharing is caring!