മലപ്പുറത്തിന്റെ അഭിമാനമായി ഷിഫ്‌ന ആന്ധ്രയിലേക്ക്

മലപ്പുറത്തിന്റെ അഭിമാനമായി ഷിഫ്‌ന ആന്ധ്രയിലേക്ക്

പുഴക്കാട്ടിരി: മാര്‍ച്ച് 27 മുതല്‍ ആന്ധ്രാ പ്രദേശിലെ കാക്കിനാഡയില്‍ നടക്കുന്ന ഹോക്കി ഇന്ത്യ ദേശീയ ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ സ്പ്രിന്റ് കടുങ്ങപുരം ടീം ക്യാപ്റ്റന്‍ ടി.ഷിഫ്‌ന കേരളത്തിന്റെ ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങും.

മുന്‍നിരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ മിടുക്കി രാജസ്ഥാനില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മികച്ച താരത്തിനുള്ള മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാന ടീമിലിടം നേടിയെങ്കിലും കോവിഡ് സാഹചര്യത്തില്‍ മത്സരം ഉപേക്ഷിച്ചതിനാല്‍ കളിക്കാനായിരുന്നില്ല. അഞ്ച് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഹോക്കി ചാമ്പ്യന്‍ഷിപ്, ഹോക്കി അസോസിയേഷന്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ മത്സരങ്ങളിലും ഉപജില്ലാ ജില്ലാതല മത്സരങ്ങളില്‍ വോളിബോള്‍ ഖോ – ഖോ , നെറ്റ് ബോള്‍, ടേബിള്‍ ടെന്നിസ് , അത് ലറ്റിക്‌സ് എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.

മാര്‍ച്ച് ഒമ്പത് മുതല്‍ മെയ് 23 വരെ കൊല്ലം ഇന്റര്‍നാഷണല്‍ ഹോക്കി സ്റ്റേഡിയത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി കേരള ടീം 24 ന് ആന്ദ്രയിലേക്ക് പുറപ്പെടും. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 3 വരെ ആന്ധ്രയിലെ കാക്കിനാഡയിലാണ് ദേശീയ മത്സരം നടക്കുന്നത്. 15 വര്‍ഷമായി കളിക്കാരനായും കേരളാ സ്‌പോട്‌സ് കൗണ്‍സില്‍ കോച്ചായും ദേശീയ ചാമ്പ്യന്‍ഷിപ് ഒഫീഷ്യലായും തിളങ്ങുന്ന കോഴിക്കോട് സ്വദേശി ജോഷന്‍ ജോര്‍ജ് സംസ്ഥാന ടീമിന്റെ മുഖ്യ പരിശീലകനും രജിത ടീം മാനേജറുമാണ്.

സംസ്ഥാന മത്സരത്തില്‍ പങ്കെടുത്ത ഇരുനൂറ് ഹോക്കി താരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനെട്ടംഗ സംസ്ഥാന ടീമിലിടം നേടിയ മലപ്പുറം ജില്ലയിലെ ഏക പെണ്‍കുട്ടിയാണ് ഷിഫ്‌ന .
പത്തനംതിട്ടയില്‍ നടന്ന ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ടീമിന്റെ ക്യാപ്റ്റനായും മുന്‍നിര കളിക്കാരിയായും നടത്തിയ മികച്ച പ്രകടനവും സംസ്ഥാന ജൂനിയര്‍ ഹോക്കി ക്യാമ്പിലെ മികച്ച പരിശീലനവുമാണ് ടീമിലിടം നേടാന്‍ ഈ മിടുക്കിക്ക് തുണയായത്. പ്രഥമ ജില്ലാ ഒളിമ്പിക് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിയ സ്പ്രിന്റ് കടുങ്ങപുരത്തിന്റെ ക്യാപ്റ്റനും ഷിഫ്‌നയായിരുന്നു.

കായികാദ്ധ്യാപകരായ വി.സജാത് സാഹിര്‍, സി.അലവിക്കുട്ടി, എം. അമീറുദ്ദീന്‍ എന്നിവരാണ് ഷിഫ്‌നയുടെ പരിശീലകര്‍. കടുങ്ങപുരം തൈക്കാടന്‍ സൈതലവി ആസ്യ ദമ്പതികളുടെ മകളാണ് ഷിഫ്‌ന.

 

Sharing is caring!