സ്വാദിഖലി ശിഹാബ് തങ്ങള്‍ ദാറുല്‍ഹുദാ ചാന്‍സലര്‍

സ്വാദിഖലി ശിഹാബ് തങ്ങള്‍ ദാറുല്‍ഹുദാ ചാന്‍സലര്‍

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പുതിയ ചാന്‍സലറും മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം നടന്ന മാനേജിങ് കമ്മിറ്റി യോഗത്തിലാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മൂലം ഒഴിവു വന്ന സര്‍കലാശാലാ ചാന്‍സലര്‍, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എന്നീ പദവികളിലേക്ക് സ്വാദിഖലി ശിഹാബ് തങ്ങളെ ഐകകണ്‌ഠേന തെരഞ്ഞെടുത്തത്.
കേരളത്തിനകത്തും പുറത്തുമായി 28 അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍, 4 ഓഫ് കാമ്പസുകള്‍, 60 സ്റ്റഡീ സെന്ററുകള്‍, 12000-ലത്തികം വിദ്യാര്‍ത്ഥികള്‍, 500 ലധികം അധ്യാപകര്‍, 2602 ഹുദവികള്‍ എന്നിവയടങ്ങുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ സംവിധാനങ്ങള്‍ ഇനി സ്വാദിഖലി ശിഹാബ് തങ്ങള്‍ മുന്നോട്ടു നയിക്കും.
എം.എം ബശീര്‍ മുസ്‌ലിയാര്‍ (1983-1987), സി.എച്ച് ഐദറൂസ് മുസ് ലിയാര്‍ (1987-1994), സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ (1994-2008), സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (2008-2022) എന്നിവരായിരുന്നു ദാറുല്‍ഹുദായുടെ മുന്‍കാല പ്രസിഡന്റുമാര്‍.
2009-ല്‍ ഇസ്‌ലാമിക സര്‍വകലാശാലയായി അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ പ്രഥമ ചാന്‍സലറായി ചുമതലയേറ്റ ഹൈദരലി ശിഹാബ് തങ്ങള്‍ അന്ത്യം വരെ വാഴ്‌സിറ്റിയുടെ ചാന്‍സലറും മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു.
ദാറുല്‍ഹുദായുടെ നാഷണല്‍ പ്രൊജക്ട് ചെയര്‍മാനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് ഡയറക്ടറായി സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ദാറുല്‍ഹുദാ പുംഗനൂര്‍ കാമ്പസ് ചെയര്‍മാനായി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഹാദിയക്കു കീഴില്‍ ബീഹാറിലെ കിഷന്‍ഗഞ്ചിലുള്ള ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടറായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ദാറുല്‍ഹുദായുടെ വിവിധ സംവിധാനങ്ങള്‍ക്ക് നിലവില്‍ നേതൃത്വം നല്‍കുന്നത്.
മാനേജിങ് കമ്മിറ്റി യോഗം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സെക്രട്ടറിമാരായ ഡോ.യു.വി.കെ മുഹമ്മദ്, സി.എച്ച് ത്വയ്യിബ് ഫൈസി, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!