വ്യാജപാസ്പോര്‍ട്ടില്‍ വിദേശ യാത്ര : അറസ്റ്റിലായ പ്രതി റിമാന്റില്‍

വ്യാജപാസ്പോര്‍ട്ടില്‍ വിദേശ യാത്ര : അറസ്റ്റിലായ പ്രതി റിമാന്റില്‍

മഞ്ചേരി : ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പാസ്പോര്‍ട്ടുണ്ടാക്കി വിദേശ യാത്ര നടത്തിയതിന് ഇന്നലെ മലപ്പുറം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത 52 കാരനെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് പള്ളിക്കര തിക്കോടി കൂമുണ്ടപ്പൊയില്‍ സജീവന്‍ (52)നെയാണ് മജിസ്ട്രേറ്റ് എസ് രശ്മി റിമാന്റ് ചെയ്തത്. അരീക്കോട്ടെ വ്യാജവിലാസത്തിലായിരുന്നു ഇയാള്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. അരീക്കോട് പൊലീസ് സ്റ്റേഷനില്‍ ചാര്‍ജ്ജിലുണ്ടായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥന്‍ റെക്കമെന്റേഷനും അയച്ചു. പാസ്പോര്‍ട്ട് കാര്യാലയത്തില്‍ നിന്നും പ്രതി നല്‍കിയ വ്യാജ വിലാസത്തില്‍ അയച്ച പാസ്പോര്‍ട്ട് കാവനൂര്‍ പോസ്റ്റ്മാനാണ് ഇയാള്‍ക്ക് കൈമാറിയത്. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തു ജോലിക്ക് പോയ പ്രതി ഇക്കഴിഞ്ഞ ദിവസം തിരിച്ചെത്തിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ക്രൈം ബ്രാഞ്ച് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
2006 ഒക്ടോബര്‍ 29നും നവംബര്‍ 30നുമായി 17 വ്യാജ പാസ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയെന്ന പരാതിയില്‍ 2012 ജൂലൈ 30ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2012 ആഗസ്റ്റ് 12 മുതല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് സജീവന്‍ കുടുങ്ങിയത്. പ്രതിയെ കോടതി ഏപ്രില്‍ അഞ്ചു വരെയാണ് റിമാന്റ് ചെയ്തത്.

 

Sharing is caring!