ചോലനായ്ക്കര്‍ വിഭാഗത്തെ ആദരിക്കുന്നതിനായി പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കി

ചോലനായ്ക്കര്‍ വിഭാഗത്തെ ആദരിക്കുന്നതിനായി പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കി

അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് ഇന്ത്യയില്‍ അതിജീവിക്കുന്ന ഏക വേട്ടക്കാരന്‍ ഗോത്രവും ഏഷ്യയിലെ ഏക ഗുഹാവാസികളുമായ നിലമ്പൂര്‍ വനമേഖലയിലെ ചോലനായ്ക്കര്‍ വിഭാഗത്തെ ആദരിക്കുന്നതിനായി കേരള വനം-വന്യജീവി വകുപ്പ് നിലമ്പൂര്‍ സൗത്ത് ഡിവിഷനും ഭാരതീയ തപാല്‍ വകുപ്പ് മഞ്ചേരി ഡിവിഷനും സംയുക്തമായി പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കി. നിലമ്പൂര്‍ പോസ്റ്റ് ഓഫീസില്‍ നടന്ന പരിപാടി പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2005 ലെ റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതിയുടെ വിശിഷ്ടാതിഥിയായി ചോലനായ്ക്കര്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മാതന്റെ സ്മരണാര്‍ത്ഥമെന്ന നിലയില്‍ കൂടിയാണ് പ്രത്യേക തപാല്‍ കവര്‍ തയ്യാറാക്കിയിട്ടുള്ളത്.

അടുത്തിടെ കാട്ടാനയുടെ ആക്രമണത്തിലാണ് ചോലനായ്ക്കരുടെ മൂപ്പനായ മാതന്‍ കൊല്ലപ്പെടുന്നത്. ചോലനായ്ക്കര്‍ വിഭാഗത്തെയും മാതനെയും സംബന്ധിച്ച വിവരങ്ങളും ഫോട്ടോയും സ്റ്റാമ്പും ഉള്‍പ്പടെയാണ് കവര്‍ തയ്യാറാക്കിയിട്ടുള്ളത്. അന്തരിച്ച മാതന്റെ ഭാര്യ കരിക്കയുടെ അമ്മാവന്‍ മന്നന്‍ ചെല്ലന്‍, പൂച്ചപ്പാറയിലെ മണി, കൃഷ്ണന്‍, ബിജേഷ് എന്നിവര്‍ ചോലനായ്ക്കര്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുത്തു. പി.വി അന്‍വര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് ഉത്തരമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മലദേവി, നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ പി. പ്രവീണിന് നല്‍കിയാണ് പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയത്. പ്രത്യേക തപാല്‍ കവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോഴിക്കോട് ഉള്‍പ്പടെ ബ്യൂറോകളിലൂടെ ലഭിക്കും.

സ്മരിക്കപ്പെടേണ്ട സംഭവങ്ങള്‍, വ്യക്തികള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രത്യേക തപാല്‍ കവറുകള്‍ തപാല്‍ വകുപ്പ് പുറത്തിറക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയ്ക്ക് മഞ്ചേരി പോസ്റ്റല്‍ ഡിവിഷന് കീഴില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ കവറാണ് ചോലനായ്ക്കരുടെത്. നേരത്തെ നിലമ്പൂര്‍ തേക്കുമായി ബന്ധപ്പെട്ട് പ്രത്യേക തപാല്‍ കവര്‍ മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ പുറത്തിറക്കിയിരുന്നു. ഇതോടനുബന്ധിച്ച് തപാല്‍ വകുപ്പിന്റെ എല്ലാവിധ സേവനങ്ങളോടൊപ്പം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആധാര്‍മേള, മൈ സ്റ്റാമ്പ് ഫിലാറ്റലി മേള എന്നിവയും പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

പരിപാടിയില്‍ നിലമ്പൂര്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ രാജലക്ഷ്മി അധ്യക്ഷയായി. കോഴിക്കോട് ഉത്തരമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മലദേവി, നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ പി. പ്രവീണ്‍, മഞ്ചേരി ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് വി.പി സുബ്രഹ്‌മണ്യന്‍, കരുളായി റേഞ്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.എന്‍ നജ്മല്‍ അമീന്‍, മാഞ്ചീരി വി.എസ്.എസ് സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ കെ.കെ റിയാദ്, മഞ്ചേരി ഡിവിഷന്‍ അസിസ്റ്റന്റ് പോസ്റ്റ് ഓഫീസ് സൂപ്രണ്ട് ആര്‍. ബിന്ദു എന്നിവര്‍ സംസാരിച്ചു.

Sharing is caring!